നിനക്ക് കോമഡി സിനിമയാണ് ചേരുകയെന്ന് ആ മ്യൂസിക് ഡയറക്ടര്‍ എന്നോട് പറഞ്ഞിട്ടുണ്ട്: സുഷിന്‍ ശ്യാം
Entertainment
നിനക്ക് കോമഡി സിനിമയാണ് ചേരുകയെന്ന് ആ മ്യൂസിക് ഡയറക്ടര്‍ എന്നോട് പറഞ്ഞിട്ടുണ്ട്: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th October 2024, 6:59 pm

മലയാളത്തിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറായി മാറിയിരിക്കുന്നയാളാണ് സുഷിന്‍ ശ്യാം. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ബ്രാന്‍ഡ് മ്യൂസിക് ഡയറക്ടറായി മാറിയ സുഷിന്‍ സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ടാണ് സിനിമാജീവിതം ആരംഭിക്കുന്നത്. 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്സിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും സുഷിന്‍ സ്വന്തമാക്കി.

സ്വതന്ത്രസംഗീതസംവിധായകനാകുന്നതിന് മുമ്പ് താന്‍ പലരുടെയും സഹായിയായി പോയിട്ടുണ്ടെന്ന് പറയുകയാണ് സുഷിന്‍. സ്വതന്ത്രനായതിന് ശേഷം തനിക്ക് അധികം കിട്ടാത്ത ഴോണര്‍ കോമഡിയാണെന്ന് സുഷിന്‍ പറഞ്ഞു. രോമാഞ്ചമല്ലാതെ താന്‍ കോമഡി ഴോണറില്‍ ഒരു സിനിമയും ചെയ്തിട്ടില്ലെന്നും ചെന്നൈയില്‍ അസിസ്റ്റന്റായി നിന്ന സമയത്ത് താന്‍ കൂടുതലും വര്‍ക്ക് ചെയ്തത് കോമഡി സിനിമകള്‍ക്കാണെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തനിക്ക് കോമഡിയാണ് ചേരുകയെന്ന് അഭിപ്രായപ്പെട്ടെന്നും സുഷിന്‍ പറഞ്ഞു. ഭീഷ്മ പര്‍വത്തിന് ശേഷമാണ് താന്‍ രോമാഞ്ചം ചെയ്തതെന്നും ഷൂട്ട് മുഴുവന്‍ കഴിഞ്ഞതിന് ശേഷമാണ് ആ സിനിമക്ക് സംഗീതം നല്‍കിയതെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് പാട്ടുകള്‍ മാത്രമേ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ താനത് ആറ് പാട്ടാക്കിയെന്നും ബി.ജി.എം പോലെയാണ് ആ സിനിമയില്‍ പാട്ടുകള്‍ ഉപയോഗിച്ചതെന്നും സുഷിന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സുഷിന്‍ ശ്യാം.

‘എനിക്ക് അധികം കിട്ടാത്ത ഴോണറാണ് കോമഡി. ഈയടുത്ത് ചെയ്തതില്‍ കോമഡി ഴോണര്‍ എന്ന് പറയാന്‍ രോമാഞ്ചം മാത്രമേയുള്ളൂ. ചെന്നൈയിലായിരുന്ന സമയത്ത് ഞാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിട്ടുള്ളത് കൂടുതലും കോമഡി പടങ്ങള്‍ക്കായിരുന്നു. ആ സമയത്ത് ഔസേപ്പച്ചന്‍ സാറാണ് പറഞ്ഞത് എനിക്ക് കോമഡി സിനികമളാണ് കൂടുതല്‍ ചേരുന്നതെന്ന്. ഞാന്‍ ആദ്യമായി ചെയ്ത പടം സപ്തമശ്രീ തസ്‌കരയില്‍ കുറച്ച് കോമഡി എലമെന്റുണ്ടായിരുന്നു.

പിന്നീട് ഒരു ത്രൂ ഔട്ട് കോമഡി കിട്ടുന്നത് രോമാഞ്ചത്തിലാണ്. ആ പടത്തിന്റെ ഷൂട്ടൊക്കെ കഴിഞ്ഞതിന് ശേഷമാണ് മ്യൂസിക് കൊടുക്കാന്‍ ഇരുന്നത്. ഭീഷ്മപര്‍വത്തിന് ശേഷം ഞാന്‍ നേരെ ചെയ്ത പടമായിരുന്നു അത്. രോമാഞ്ചത്തിന്റെ സ്‌ക്രിപ്റ്റില്‍ ആദ്യം രണ്ട് പാട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഞാനാണ് അത് ആറ് പാട്ടാക്കിയത്. അതില്‍ പലതും പാട്ടായിട്ടല്ല, ബി.ജി.എം പോലെയാണ് പ്ലേസ് ചെയ്തത്,’ സുഷിന്‍ പറഞ്ഞു.

Content Highlight: Sushin Shyam shares the comment of Music director Ouseppachan said about him