|

ചെറിയ പടമെന്ന് പറഞ്ഞാണ് ആ സിനിമയിലേക്ക് അമലേട്ടന്‍ എന്നെ വിളിച്ചത്, തിയേറ്ററിലിരുന്ന് കണ്ടപ്പോള്‍ ഞെട്ടിപ്പോയി: സുഷിന്‍ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഇപ്പോഴത്തെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറാണ് സുഷിന്‍ ശ്യാം. ഏത് സിനിമയായാലും തന്റെ സംഗീതം കൊണ്ട് അതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ സുഷിന് കഴിയും. ഈ വര്‍ഷം തന്നെ മൂന്ന് വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകള്‍ സുഷിന്‍ ചെയ്തുകഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ്, ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ആവേശം, ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വേദിയില്‍ തിളങ്ങിയ ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ക്കാണ് സുഷിന്‍ സംഗീതമൊരുക്കിയത്.

ഭീഷ്മപര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗെയ്ന്‍വില്ലയാണ് സുഷിന്റെ പുതിയ പ്രൊജക്ട്. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരോടൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുടര്‍ച്ചയായി മൂന്നാംതവണയാണ് അമല്‍ നീരദ് ചിത്രത്തില്‍ സുഷിന്‍ സംഗീതമൊരുക്കുന്നുണ്ട്. വരത്തനിലൂടെയാണ് ഈ കോമ്പോ ആദ്യമായി ഒന്നിച്ചത്. അമല്‍ നീരദുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സുഷിന്‍.

ചെറിയൊരു പടമെന്ന് പറഞ്ഞാണ് അമല്‍ നീരദ് തന്നെ വരത്തനിലേക്ക് വിളിച്ചതെന്ന് സുഷിന്‍ പറഞ്ഞു. അതിനനുസരിച്ച് താന്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്‌തെന്നും എന്നാല്‍ തിയേറ്ററില്‍ ആ സിനിമ കണ്ട ശേഷം താന്‍ അമലിനോട് ഇതാണോ ചെറിയ സിനിമ എന്ന് ചോദിച്ചെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു. അമല്‍ നീരദ് എന്ന സംവിധായകന്‍ ഓരോ സിനിമയെയും സമീപിക്കുമ്പോഴുള്ള വിഷന്‍ വളരെ വലുതാണെന്നും സുഷിന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു സുഷിന്‍.

‘അമലേട്ടനുമായി ആദ്യം ഒന്നിച്ചത് വരത്തനിലാണ്. ‘എടാ ഒരു ചെറിയ പടമുണ്ട്, നീ അത് ചെയ്യുമോ’ എന്നായിരുന്നു അമലേട്ടന്‍ ചോദിച്ചത്. ഞാനത് ചെയ്തു. പടം റിലീസായി. തിയേറ്ററില്‍ നിന്ന് കണ്ടപ്പോഴാണ് അതിന്റെ റേഞ്ച് മനസിലായത്. ‘ഇതാണോ അമലേട്ടാ നിങ്ങളുടെ ചെറിയ പടം’ എന്നാണ് വരത്തന്‍ കണ്ടിട്ട് അമലേട്ടനോട് ചോദിച്ചത്. ഭീഷ്മ പര്‍വവും അതുപോലെയായിരുന്നു. അമലേട്ടന്‍ ഓരോ സിനിമയെയും സമീപിക്കുന്ന രീതിയും പുള്ളി ആ പടത്തില്‍ കാണുന്ന വിഷനും വലുതാണ്.

പുള്ളിയുടെ പറച്ചിലില്‍ തന്നെ നമുക്ക് ക്രിയേറ്റീവായി ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങള്‍ കിട്ടും. ഇമോഷണലായിട്ടുള്ള ട്രാക്കുകളും, ഹീറോയിക് എലവേഷനുമൊക്കെ അങ്ങനെ കിട്ടുന്നതാണ്. ഭീഷ്മപര്‍വത്തില്‍ ആ കഥയുടെ ആദ്യം മുതല്‍ അവസാനം വരെ ഞാന്‍ കൂടെയുണ്ടായിരുന്നു. അതിനെ എങ്ങനെ അപ്രോച്ച് ചെയ്യണമെന്ന് അങ്ങനെയാണ് മനസിലായത്,’ സുഷിന്‍ പറഞ്ഞു.

Content Highlight: Sushin Shyam shares his bond with Amal Neerad