| Tuesday, 5th March 2024, 4:03 pm

സീന്‍ മാറ്റുമെന്ന് പറഞ്ഞത് ആ വിഷ്വല്‍ കണ്ട എക്‌സൈറ്റ്‌മെന്റിന് പുറത്ത്; ഇന്റര്‍വ്യൂവില്‍ ബില്‍ഡപ്പുകള്‍ കൊടുക്കുന്നത് കുറക്കാന്‍ പോവുകയാണ്: സുഷിന്‍ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചരിത്രവിജയം നേടി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 12 ദിവസം കൊണ്ട് ലോകത്താകമാനമായി 100 കോടി കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി എന്നിവരാണ് പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഹൈപ്പ് കൂടാന്‍ പ്രധാന കാരണം കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്ത് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ഒരു അഭിമുഖത്തില്‍ പറഞ്ഞ പ്രസ്താവനയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന സുഷിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും, അതുവരെ ഹൈപ്പ് ഇല്ലാതിരുന്ന സിനിമയുടെ ഹൈപ്പ് ഇരട്ടിയാവുകയും ചെയ്തു. മഞ്ഞുമ്മലിന്റെ വിജയത്തിന് ശേഷം റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കമ്പോസിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുഷിന്‍.

‘ചില പടങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് തന്നെ തോന്നും ഇത് വര്‍ക്കാവും എന്ന്. കോണ്‍ഫിഡന്‍സ് അല്ല, അത് നമ്മുടെ എക്‌സൈറ്റ്‌മെന്റാണ്. ഇനിയിപ്പോള്‍ സിനിമയിറങ്ങി അത് വര്‍ക്കായില്ലെങ്കില്‍പ്പോലും എന്നെ സംബന്ധിച്ച് ഞാന്‍ പറഞ്ഞത് മാറില്ല. അത് എനിക്ക് തോന്നിയ കാര്യമാണ്. എന്റെ മനസില്‍ അത് അത്രയും നല്ല പ്രൊജക്ടാണ്. ഒരുപാട് സമയമെടുത്ത് ചെയ്ത വര്‍ക്കാണ് ആ പടത്തിലേത്. എല്ലാ പടത്തിലെ വര്‍ക്കും ചെയ്ത പോലെ ഇതിലും ഞാന്‍ കുറച്ച് ട്രാവല്‍ പരിപാടിയൊക്കെ ചെയ്തിട്ടുണ്ട്. ആ ഒരു മൂഡ് കിട്ടാന്‍ വേണ്ടി കൊടൈക്കനാലില്‍ ആറ് ദിവസം പോയി കമ്പോസ് ചെയ്തിട്ടുണ്ട്. അവിടെ ഒരു വ്യൂ സെറ്റ് ചെയ്ത് വെച്ചിട്ടാണ് ഞാന്‍ നെബുലകള്‍ കമ്പോസ് ചെയ്തത്.

എനിക്കാ തണുപ്പ് വേണമായിരുന്നു ആ പാട്ട് കമ്പോസ് ചെയ്യാന്‍. ആറേഴ് ദിവസം സ്‌പെന്‍ഡ് ചെയ്താണ് നെബുലകള്‍ കംപ്ലീറ്റാക്കിയത്. ആ ട്രാക്ക് കിട്ടാന്‍ കുറച്ച് ടൈമെടുത്തു. സ്‌ക്രിപ്റ്റും, ഐഡിയയും, സ്‌ക്രീന്‍പ്ലേയും എല്ലാം ഞാന്‍ കണ്ടതാണ്. പടമായിക്കഴിഞ്ഞപ്പോള്‍ എന്റെ എക്‌സൈറ്റ്‌മെന്റ് കൂടി. വിഷ്വല്‍സും ചേര്‍ത്ത് കണ്ടപ്പോള്‍ ഉണ്ടായ എക്‌സൈറ്റ്‌മെന്റാണ് സീന്‍ മാറ്റും എന്ന് എന്നെക്കൊണ്ട് പറയിപ്പിച്ചത്. പക്ഷേ അതിങ്ങനെ സ്‌പ്രെഡാകുമെന്ന് വിചാരിച്ചില്ല. സിനിമയുടെ റിലീസിന്റെയന്ന് തിയേറ്ററില്‍ പോകണോ എന്ന് ഞാന്‍ ആലോചിച്ചു.

ഇതിന് മുമ്പ് ഞാന്‍ ഇങ്ങനെ ടെന്‍ഷന്‍ അടിച്ച വേറൊരു പടം ഉണ്ടായിട്ടില്ല. എന്റെ ഭാഗത്ത് നിന്ന് ഒരുറപ്പ് പോയത് പോലെ തോന്നി. അത് എനിക്ക് വല്ലാതെ പ്രഷര്‍ തന്ന പോലെയായി. അതുകൊണ്ട് ഇനിമുതല്‍ ഞാന്‍ ഇന്റര്‍വ്യൂവില്‍ ബില്‍ഡപ്പുകള്‍ കൊടുക്കുന്നത് കുറക്കാന്‍ പോവുകയാണ്,’ സുഷിന്‍ പറഞ്ഞു.

Content Highlight: Sushin Shyam share the composing memories of Manjummel Boys

We use cookies to give you the best possible experience. Learn more