വരത്തന്‍ തിയേറ്ററില്‍ പോയി കണ്ട സമയത്ത് ആനന്ദ കണ്ണീര്‍ വന്നിരുന്നുവെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. സിനിമയുടെ റിലീസ് ദിവസം വരെ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സുഷിന്‍ പറഞ്ഞു.
‘തിയേറ്ററില്‍ ചില ഏരിയകള്‍ വര്‍ക്കായി എന്നറിയുമ്പോള്‍, പുതിയ വണ്ടിയൊക്കെ എടുക്കുമ്പോള്‍ കിട്ടുന്ന സാധനമുണ്ടല്ലോ, ആ ഫീലാണ്. വരത്തനില്‍ ലാസ്റ്റ് ഫൈറ്റിന്റെ സീനായപ്പോള്‍ ആള്‍ക്കാരുടെ എക്‌സൈറ്റ്‌മെന്റ് കണ്ട് ആ സാധനം വന്നിട്ടുണ്ടായിരുന്നു. ആ സിനിമയില്‍ വേറെ തന്നെ ഒരു അറ്റ്‌മോസ്ഫിയറിലാണ് വര്‍ക്ക് ചെയ്തത്. ആ പടം തീരുന്നത് വരെ ഭയങ്കര സ്‌ട്രെസ്ഫുള്ളായിരുന്നു.
റീലീസ് അടുത്തപ്പോള്‍ ഉറക്കമില്ലായിരുന്നു. അതുകഴിഞ്ഞ് തിയേറ്ററിലെത്തി, ആ റെഡ്‌ലൈറ്റില്‍ ആളുകളുടെ കിളി പോയപ്പോള്‍, ആനന്ദ കണ്ണീര്‍ എന്ന് പറയുന്ന സാധനമുണ്ടല്ലോ, ആ സാധനം വന്നു. ചില പടങ്ങള്‍ കണ്ട് ഇമോഷണലാവാറുണ്ട്. എനിക്ക് ചിലപ്പോള്‍ ആഹ്ലാദം കുറവായിരിക്കും.
സുഡാനിയുടെ അവസാനം കണ്ടപ്പോള്‍ എന്റെ കണ്ണില്‍ നിന്നും വെള്ളം വന്നിരുന്നു. ഞാന്‍ കരഞ്ഞു. അയ്യേ കരയല്ലേയെന്നൊക്കെ ഉത്തര(പാര്‍ട്ട്ണര്‍) പറഞ്ഞു. അതും കറക്റ്റ് ലൈറ്റിടുന്ന സമയത്താണ് കരയുന്നത്. പിന്നെ കണ്ണൊക്കെ തൂത്തിട്ട് എങ്ങനെക്കെയോ നടന്നിട്ടാണ് പോയത്. അങ്ങനത്തെ ഫീല്‍ ഗുഡ് പടങ്ങള്‍ കാണുന്നത് ഭയങ്കര ഇഷ്ടമാണ്. അപൂര്‍വമായിട്ടാണ് അങ്ങനത്തെ പടങ്ങള്‍ കാണാന്‍ പറ്റുന്നത്,’ സുഷിന്‍ പറഞ്ഞു
മാലിക്കിലെ തീരമേ എന്ന പാട്ട് രൂപപ്പെടുത്തിയെടുത്തതിനെ പറ്റിയും സുഷിന്‍ സംസാരിച്ചു. ‘മാലിക്കിന്റെ പ്രീ ഷൂട്ട് വര്‍ക്കുകള്‍ നടക്കുമ്പോഴെ ഞാന്‍ സെറ്റിലുണ്ടായിരുന്നു. അവര്‍ എങ്ങനെയാണ് ആ ഗ്രാമം സെറ്റ് ചെയ്യുക എന്നെനിക്ക് അറിയണമായിരുന്നു. മഹേഷ് കുറച്ച് വീഡിയോസ് എനിക്ക് കാണിച്ചു തന്നിരുന്നു.
അതില്‍ നിന്നും ലക്ഷദ്വീപിലെ കല്യാണ പാട്ടിന്റെ ഒരു മെലഡി കിട്ടി. അവരുടെ ഒരു മാപ്പിളപ്പാട്ടിന്റെ തുടക്കമാണ് തീരമേ എന്ന് പാട്ടിന് എടുത്തത്. ഞാന്‍ വിചാരിച്ചതിനെക്കാള്‍ കൂടുതല്‍ ആ പാട്ട് കൊമേഷ്യലി റീച്ചായി. ചെറുപ്പക്കാരൊന്നും കേള്‍ക്കുമെന്ന് ഞാന്‍ കരുതിയില്ല. പിന്നെ ചിത്ര ചേച്ചിയുടെ ശബ്ദവും ആളുകള്‍ക്ക് കണക്റ്റ് ചെയ്യാന്‍ പറ്റി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: sushin shyam says he cried in the theater after watching that movie sudani from nigeria