|

എന്റെ ഒരു പാട്ട് പോലും ഞാന്‍ കേള്‍ക്കാറില്ല, അപ്പോൾ മാനസികാവസ്ഥ ശരിയായതുകൊണ്ട് നന്നായി വർക്ക് ചെയ്യാൻ പറ്റി: സുഷിന് ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരണങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ് . എടുത്ത് പറയേണ്ട ഒന്നാണ് ചിത്രത്തിലെ ഗാനങ്ങൾ. സംഗീത സംവിധായകൻ സുഷിന് ശ്യാം തന്റെ കുമ്പളങ്ങി നൈറ്റ്സ് ഓർമ്മകൾ പങ്കുവെക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സിലെ ഗാനങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് സുഷിന് പറഞ്ഞു. ആ സിനിമ ഏത് ഭാഷയിലും ഏത് ജോണറിലും ഉപയോഗിക്കാം എന്നുള്ളതുകൊണ്ട് കുറെ എക്‌സ്‌പ്ലോര്‍ ചെയ്യാൻ പറ്റിയെന്നും താരം പറഞ്ഞു. മിര്‍ച്ചി മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആരു ചോദിച്ചാലും ഞാന്‍ പറയും കുമ്പളങ്ങി നൈറ്റ്‌സ് ആണ് എനിക്ക് ഏറ്റവും ഇഷ്ടമെന്ന്. കാരണം കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റിയ സ്‌പേയ്‌സ് കിട്ടിയിട്ടുണ്ട്. ഏത് ഭാഷയും ഏത് ജോണറും ആ സിനിമയിൽ ഉപയോഗിക്കാമായിരുന്നു. സംവിധായകന്‍ മധുവിനെ എനിക്ക് പണ്ട്മുതലേ അറിയാം. പിന്നെ പുതിയ ക്രൂ ആയിരുന്നു. മധുവേട്ടന്‍ എന്നെ വിശ്വസിച്ചിട്ട് ഒരു പരിപാടിക്കൊക്കെ വിളിക്കുക എന്ന് പറയുമ്പോള്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. മൊത്തത്തില്‍ ആ ക്രൂവും അതിലെ ആക്ടേഴ്‌സും എല്ലാം അടിപൊളിയായിരുന്നു. ആ ചിത്രത്തിന് മുമ്പ് ഞാൻ യാത്രയിൽ ആയിരുന്നു. അതുകൊണ്ട് ആ പ്രോജക്റ്റിനുവേണ്ടി തയ്യാറായിട്ടുണ്ടായിരുന്നു.

ആ സമയത്തെ മാനസികാവസ്ഥയൊക്കെ ശരിയായതുകൊണ്ടാണ് വളരെ നന്നായി വര്‍ക്ക് ചെയ്യാന്‍ പറ്റിയത്. കുമ്പളങ്ങിയില്‍ ഞാന്‍ അതിന്റെ ലൊക്കേഷനും ക്രൂവിനേയുമെല്ലാം മീറ്റ് ചെയ്തിട്ടാണ് വര്‍ക്ക് തുടങ്ങിയത്. കാരണം ആ ചിത്രം ചെയ്യുമ്പോൾ അങ്ങനെ വേണമെന്ന് തോന്നി.

വര്‍ക്ക് തുടങ്ങാന്‍ വേണ്ടി കുമ്പളങ്ങി എന്ന് പറയുന്ന സ്ഥലം ഒരു പ്രചോദനം മാത്രമാണ്. അവിടെ എക്‌സ്‌പ്ലോര്‍ ചെയ്ത് തിരിച്ച് വന്ന ഉടനേ ‘ചിരാതുകള്‍’ എന്ന പാട്ട് കംപോസ് ചെയ്യാൻ പറ്റി. എനിക്ക് സ്ഥലങ്ങളായിട്ട് കണക്ഷന്‍ കിട്ടുമ്പോള്‍ ഒരു പുഷ് വരും, ഒരു ഐഡിയ കിട്ടും. അത് അപ്പോള്‍ തന്നെ റെക്കോര്‍ഡ് ചെയ്തതുകൊണ്ട് പെട്ടെന്ന് അത് ക്രിയേറ്റ് ചെയ്യാൻ പറ്റി,’സുഷിന്‍ ശ്യം പറഞ്ഞു.

താൻ കംപോസ് ചെയ്ത ഗാനങ്ങൾ കേൾക്കാൻ ഇഷ്ടമല്ലെന്ന് സുഷിന് പറഞ്ഞു. ഗാനം റിലീസ് ആകുന്നത് വരെ അതില്‍ തെറ്റുകള്‍ ഉണ്ടോ എന്ന് അറിയാന്‍ കേള്‍ക്കുന്നതുകൊണ്ട് പിന്നീട് കേൾക്കാൻ താല്‍പര്യമില്ലെന്നും താരം പറഞ്ഞു.

‘ഞാന്‍ എന്റെ പാട്ടുകള്‍ കേള്‍ക്കുന്നത് വളരെ കുറവാണ്. സത്യമായിട്ടും എന്റെ ഒരു പാട്ട് പോലും ഞാന്‍ കേള്‍ക്കാറില്ല. കാരണം ആ ഗാനങ്ങളൊക്കെ ഞാന്‍ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. ആ കഷ്ടപ്പാടിനെപ്പറ്റി പിന്നീട് ആലോചിക്കേണ്ട എന്ന് എനിക്കുണ്ട്.

റിലീസ് കഴിഞ്ഞ് പുറത്ത് വന്നാല്‍ ഞാന്‍ അതിന്റെ കമന്റുകൾ നോക്കും. അല്ലാതെ എന്റെ പാട്ട് തന്നെ കേട്ടുകൊണ്ടിരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഞാന്‍ അത് റിലീസാകുന്നത് വരെ കേള്‍ക്കും. എന്തെങ്കിലും തെറ്റുകളോ മാറ്റങ്ങളോ വരുത്തേണ്ടതുണ്ടോ എന്നറിയാനാണ് വീണ്ടും വീണ്ടും കേൾക്കുന്നത്.

റേഡിയോയില്‍ വരുമ്പോള്‍ ഞാന്‍ കേള്‍ക്കും. എന്റെ പാട്ടുണ്ട് കുറച്ച് നേരം കേള്‍ക്കാം എന്ന് വിചാരിക്കും. അങ്ങനെ കേള്‍ക്കും എന്നല്ലാതെ ഞാന്‍ പോയി സ്‌പോട്ടിഫൈയില്‍ സെലക്റ്റ് ചെയ്ത് എന്റെ പാട്ടുകള്‍ കേള്‍ക്കാറില്ല,’ സുഷിന് ശ്യാം പറഞ്ഞു.

Content Highlights: Sushin Shyam on Kumbalangi Nights