മലയാളത്തിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് തന്റെ കരിയര്‍ ആരംഭിച്ച സുഷിന്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ബ്രാന്‍ഡ് മ്യൂസിക് ഡയറക്ടറായി മാറി. 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്സിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. കുറുപ്പ്, മാലിക്, ഭീഷ്മപര്‍വം, രോമാഞ്ചം, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകള്‍ വന്‍ വിജയമായതിന് പിന്നില്‍ സുഷിന്റെ സംഗീതം നല്‍കിയ സ്വാധീനം ചെറുതല്ല. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സിന്റെ സംഗീതവുമൊരുക്കിയത് സുഷിനാണ്.
ചിത്രത്തിന്റെ ഹൈപ്പ് കൂടാന്‍ പ്രധാന കാരണം കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ പ്രൊമോഷന്‍ സമയത്ത് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ഒരു അഭിമുഖത്തില്‍ പറഞ്ഞ പ്രസ്താവനയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന സുഷിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും, അതുവരെ ഹൈപ്പ് ഇല്ലാതിരുന്ന സിനിമയുടെ ഹൈപ്പ് ഇരട്ടിയാവുകയും ചെയ്തു. മഞ്ഞുമ്മലിന്റെ വിജയത്തിന് ശേഷം റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെയും കണ്ണൂര്‍ സ്‌ക്വാഡിന്റെയും കമ്പോസിങ് അനുഭവങ്ങള്‍ സുഷിന്‍ പങ്കുവെച്ചു.
‘ഓരോ പാട്ടിലും എന്ത് വ്യത്യാസം കൊണ്ടുവരാം എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. ആ ഒരു ചിന്തയില്‍ തന്നെയാണ് മഞ്ഞുമ്മല്‍ ചെയ്തത്. പക്ഷേ അതിലെ നെബുലകള്‍ പാട്ട് കേട്ട പലരും കണ്ണൂര്‍ സ്‌ക്വാഡിലെ പാട്ട് പോലെയുണ്ടെന്ന് പറഞ്ഞിരുന്നു. ശരിക്ക് പറഞ്ഞാല്‍ കണ്ണൂര്‍ സ്‌ക്വാഡിന് മുമ്പ് തന്നെ ഞാന്‍ നെബുലകള്‍ ചെയ്തുവെച്ചതായിരുന്നു. ആദ്യം കണ്ണൂര്‍ സ്‌ക്വാഡ് വന്നു എന്ന് മാത്രം.
പിന്നെ വേറൊരു കാര്യം നോക്കിയാല്‍ രണ്ട് പാട്ടും ട്രാവലിങ്ങാണ് കാണിക്കുന്നത്. പക്ഷേ ഒരെണ്ണം, പൊലീസുകാര്‍ പ്രതിയെ പിടിക്കാന്‍ പോകുന്നതിന്റെ യാത്രയും വേറെ ഒന്ന് കുറച്ച് ഫ്രണ്ട്‌സ് അവരുടെ ജീവിതത്തില്‍ നടത്തുന്ന ഒരു അടിപൊളി യത്രയാണ്. നെബുലകള്‍ ചെയ്ത ശേഷം അതിന്റെ ഒരു ഹാങ്ങോവര്‍ ഒന്നുരണ്ട് ആഴ്ചത്തേക്ക് എന്നെ വിട്ട് പോയിട്ടുണ്ടായിരുന്നില്ല. ചിലപ്പോള്‍ അതും ഒരു കാരണമായിരിക്കും,’ സുഷിന്‍ പറഞ്ഞു.
Content Highlight: Sushin Shyam explains about the similarities between the song in Kannur Squad and Manjummel Boys