| Wednesday, 3rd July 2024, 12:00 pm

ഒ.ടി.ടിക്ക് വേണ്ടി ഒരുക്കിയ ആ മമ്മൂട്ടി ചിത്രം എന്റെ മ്യൂസിക് കേട്ട ശേഷം തിയേറ്റർ റിലീസാക്കാൻ തീരുമാനിച്ചു: സുഷിൻ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ അവതരണത്തിൽ പുതിയ രീതി കൊണ്ട് വന്ന സംവിധായകനാണ് അമൽ നീരദ്. ആദ്യ ചിത്രമായ ബിഗ്.ബിയിലൂടെ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയ അമൽ നീരദ് സാഗർ ഏലിയാസ് ജാക്കി, അൻവർ, ഇയോബിന്റെ പുസ്തകം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലെ മുൻനിര സംവിധായകനായി മാറിയിരുന്നു.

കൊവിഡ് ലോക്ക്ഡൗണിന് ശേഷം തിയേറ്ററിലെത്തി വലിയ വിജയമായ അമൽ നീരദ് ചിത്രമായിരുന്നു ഭീഷ്മ പർവം. ബിഗ്.ബിക്ക് ശേഷം മമ്മൂട്ടിയും അമലും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ഭീഷ്മ പർവം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നദിയ മൊയ്ദു, ഷൈൻ ടോം ചാക്കോ തുടങ്ങി വമ്പൻ താരങ്ങൾ ഒന്നിച്ച ചിത്രത്തിന് സംഗീതം നിർവഹിച്ചത് സുഷിൻ ശ്യാം ആയിരുന്നു.

സുഷിന്റെ ഒരു മികച്ച വർക്ക് തന്നെയായിരുന്നു ഭീഷ്മ പർവത്തിൽ കണ്ടത്. അമൽ നീരദ് മാറ്റങ്ങൾ വേണമെങ്കിൽ തുറന്ന് പറയുന്ന ആളാണെന്നും എന്നാൽ ഭീഷ്മയുടെ ലാസ്റ്റ് റീൽ കണ്ടപ്പോൾ തന്റെ വർക്ക് കണ്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്നും വലിയ പ്രതീക്ഷ വന്നെന്നും സുഷിൻ പറയുന്നു.

അത്രയും നാൾ ഒ.ടി.ടിയ്‌ക്ക് കൊടുക്കണമെന്ന് തീരുമാനിച്ച ചിത്രം അതിനുശേഷം തീർച്ചയായും തിയേറ്ററിൽ റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുഷിൻ പറഞ്ഞു.

‘അമലേട്ടൻ മാറ്റങ്ങൾ വേണമെങ്കിൽ തുറന്ന് പറയുന്ന ഒരാളാണ്. പക്ഷെ ഭീഷ്മയുടെ ലാസ്റ്റ് റീൽ കണ്ടപ്പോൾ അമലേട്ടൻ ഒരു നിർദ്ദേശവും തന്നില്ല. അദ്ദേഹത്തിന് അത് നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. മാറ്റമൊന്നും വരുത്താനില്ലായെന്ന് അറിഞ്ഞപ്പോൾ ശരിക്കും എന്റെ കയ്യിൽ നിന്ന് പോയി.

അത്രയും നാൾ ഭീഷ്മ പർവ്വം ഒ.ടി.ടിയ്‌ക്ക് കൊടുക്കാം എന്ന ചിന്തയിലാണ് എല്ലാവരും നിന്നത്. പക്ഷെ ഇത് കേട്ടപ്പോൾ പുള്ളി എഴുന്നേറ്റിട്ട് പറഞ്ഞു, ഞാൻ ഇത് തിയേറ്റർ ഉറപ്പിച്ചുവെന്ന്. അമലേട്ടൻ അന്ന് തന്നെ ഉറപ്പിച്ച പോലെയായിരുന്നു അത്. അദ്ദേഹം നല്ല പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ ഞാൻ കൂട്ടി.

പിന്നെ ശരിക്കും എനിക്കും ആത്മവിശ്വാസം കൂടി. കാരണം പടത്തിനെ വേറേ ലെവലിലേക്ക്‌ അത് എത്തിച്ചിരുന്നു,’ സുഷിൻ ശ്യാം പറയുന്നു.

Content Highlight: Sushin Shyam About Music in Bheeshma Parvam Movie

We use cookies to give you the best possible experience. Learn more