Advertisement
Film News
ആ സിനിമ മലയാളം ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റും, എന്റെ മ്യൂസിക്കിനും ഒരു മാറ്റമുണ്ടാവും: സുഷിന്‍ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 12, 04:32 pm
Tuesday, 12th December 2023, 10:02 pm

തന്റേതായി അനൗണ്‍സ് ചെയ്തതില്‍ ഏറ്റവും എക്‌സൈറ്റ്‌മെന്റ് തരുന്ന പ്രൊജക്റ്റുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവുമാണെന്ന് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം. തന്റെ സൗണ്ടിങ് മാറ്റിപിടിക്കണമെന്ന് 2023 തുടക്കം മുതല്‍ ആഗ്രഹിക്കുന്നുണ്ടെന്നും മഞ്ഞുമ്മല്‍ ബോയ്‌സായിരിക്കും അതിന്റെ തുടക്കമെന്നാണ് പ്രതീക്ഷയെന്നും സുഷിന്‍ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇനി വരാനിരിക്കുന്നതില്‍ എന്റെ ഏറ്റവും എക്‌സൈറ്റ്‌മെന്റ് തോന്നിപ്പിക്കുന്ന പ്രൊജക്റ്റുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും. മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളം ഇന്‍ഡസ്ട്രിയുടെ സീന്‍ കുറച്ച് മാറ്റും. ഒരു ബില്‍ഡപ്പിന് വേണ്ടി പറയുകയല്ല. മ്യൂസിക്കിന്റെ കാര്യത്തിലും എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റുണ്ട്. കുറച്ചധികം എഫേര്‍ട്ട് ഇടാനായി ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

എന്റെ സൗണ്ട്‌സൊക്കെ മൊത്തത്തില്‍ ഒന്ന് റീസെറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 2023 തുടങ്ങുമ്പോള്‍ മൊത്തത്തില്‍ എന്റെ സൗണ്ടിങ് ഒന്ന് മാറ്റിപിടിക്കണമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് മുതലാണ് അത് മാറാന്‍ പോകുന്നത് എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

എനിക്ക് പുതിയതായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതിലെ പാട്ട് ചെയ്തത് എന്തായാലും പുതിയ പരിപാടിയായി വന്നിട്ടുണ്ട്. പടമാണെങ്കിലും ഭയങ്കര രസമായിരിക്കും. ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സായിരിക്കും,’ സുഷിന്‍ ശ്യാം പറഞ്ഞു.

ജാനേമന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

‘രോമാഞ്ചം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാണ്.

Content Highlight: Sushin Shyam about manjummal boys and aavesham