| Friday, 11th October 2024, 4:08 pm

മമ്മൂക്കയുടെ ആ സീനിന് തിയേറ്ററില്‍ കൈയടി കിട്ടിയപ്പോഴാണ് അതിന്റെ ഹൈ പോയിന്റ് എനിക്ക് മനസിലായത്: സുഷിന്‍ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

15 വര്‍ഷത്തിന് ശേഷം മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വം. ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ഗോഡ്ഫാദര്‍, മഹാഭാരത കഥ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അമല്‍ ഒരുക്കിയ ഗ്യാങ്‌സ്റ്റര്‍ ഡ്രാമയായിരുന്നു ഭീഷ്മ പര്‍വം. ആ വര്‍ഷത്തെ ഇയര്‍ ടോപ്പറായി മാറാനും ഭീഷ്മക്ക് സാധിച്ചു. മമ്മൂട്ടി അവതരിപ്പിച്ച മൈക്കല്‍ അഞ്ഞൂറ്റി എന്ന കഥാപാത്രം ആരാധകര്‍ ആഘോഷമാക്കി. ചിത്രത്തിനെ മറ്റൊരു തലത്തിലെത്തിച്ചത് സുഷിന്‍ ശ്യാമിന്റെ സംഗീതമായിരുന്നു.

ചിത്രത്തില്‍ ഏറ്റവുമധികം കൈയടി കിട്ടിയ സീനുകളിലൊന്നായിരുന്നു മമ്മൂട്ടിയുടെ ഫ്‌ളാഷ്ബാക്ക് പറയുന്ന സീന്‍. വെറും മിനിറ്റുകള്‍ മാത്രമുള്ള സീനിന് ഗംഭീര റെസ്‌പോണ്‍സായിരുന്നു ലഭിച്ചത്. ഫ്‌ളാഷ്ബാക്ക് നറേഷന് ശേഷം മമ്മൂട്ടിയുടെ നടത്തവും പ്രേക്ഷകര്‍ ആഘോഷിച്ചു. ആ സീനിന് തിയേറ്ററില്‍ ആളുകള്‍ കൈയടിക്കുന്നത് കണ്ടപ്പോളാണ് അതിന്റെ ഹൈ പോയിന്റ് മനസിലായതെന്ന് പറയുകയാണ് സുഷിന്‍ ശ്യാം.

ഫ്‌ളാഷ്ബാക്ക് പറയുമ്പോഴുള്ള സീനിന് കൊടുത്ത ബി.ജി.എം പിന്നീടുള്ള സീനിനും കൊടുത്തെന്നും എന്നാല്‍ ഓഡിയന്‍സ് ആ സീനും ആഘോഷിച്ചെന്നും സുഷിന്‍ പറഞ്ഞു. മമ്മൂട്ടി അദ്ദേഹത്തിന്റെ കൂളിങ് ഗ്ലാസ് താഴ്ത്തുന്ന സമയത്ത് തിയേറ്റര്‍ മുഴുവന്‍ കൈയടിയായിരുന്നെന്നും അതൊന്നും കമ്പോസ് ചെയ്യുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു.

അമല്‍ നീരദ് എന്ന സംവിധായകന്റെ വിഷനും കൂടി ചേര്‍ന്നപ്പോഴാണ് ആ സീനിന്റെ ഇംപാക്ട് കൂടിയതെന്നും സുഷിന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു സുഷിന്‍.

‘ഭീഷ്മപര്‍വത്തില്‍ കൈയടി കിട്ടുമെന്ന് കരുതി ഒരു സീനിനും മ്യൂസിക് ചെയ്തിട്ടില്ല. ആ സീനിന്റെ ഇമോഷന്‍ മനസിലാക്കി ഓരോ ട്രാക്ക് ചെയ്തു. അത് തിയേറ്ററില്‍ നല്ല രീതിക്ക് വര്‍ക്കായി. അതിപ്പോള്‍ സൗബിന്റെ ക്യാരക്ടര്‍ ഗേറ്റ് തുറന്നുവരുന്ന സീനാണെങ്കിലും ആ ഒരു ഇമോഷന്‍ ഓഡിയന്‍സിന് മനസിലാതുകൊണ്ടാണ് വര്‍ക്കായത്.

അതുപോലെ മമ്മൂക്ക വൈറ്റ് ഡ്രസ്സിട്ട് നടന്നുവരുന്ന സീനും പുള്ളി കൂളിങ് ഗ്ലാസ് വെക്കുന്ന സീനിനും തിയേറ്ററില്‍ ഗംഭീര കൈയടിയായിരുന്നു. അത് കണ്ടപ്പോഴാണ് ആ സീനിന്റെ ഹൈ പോയിന്റ് എനിക്ക് മനസിലായത്. ആ സീനിന് വേണ്ടി പ്രത്യേകമായിട്ട് ബി.ജി.എം ഒരുക്കിയിട്ടില്ല. അതിന് മുമ്പുള്ള ഫ്‌ളാഷ്ബാക്ക് സീനിന്റെ തുടര്‍ച്ചയായാണ് ആ സീന്‍ എടുത്തത്. അമല്‍ നീരദ് എന്ന ഡയറക്ടറുടെ വിഷന്‍ ആ സീനിനെ എലവേറ്റ് ചെയ്യാന്‍ ഹെല്‍പ് ചെയ്തിട്ടുണ്ട്,’ സുഷിന്‍ ശ്യാം പറഞ്ഞു.

Content Highlight: Sushin Shyam about Mammooty’s scene in Bheeshma Parvam movie

We use cookies to give you the best possible experience. Learn more