| Friday, 18th October 2024, 9:55 pm

വൈറലാകണമെന്ന് കരുതി തന്നെയാണ് ആ പാട്ട് കമ്പോസ് ചെയ്തത് അതിന്റെ ട്രെന്‍ഡ് ഇപ്പോള്‍ അവസാനിച്ചു: സുഷിന്‍ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സപ്തമശ്രീ തസ്‌കരാഃ എന്ന സിനിമക്ക് പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് തന്റെ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറായി മാറിയിരിക്കുകയാണ് സുഷിന്‍ ശ്യാം. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ബ്രാന്‍ഡ് മ്യൂസിക് ഡയറക്ടറായി മാറിയ സുഷിന്‍, 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.

തിയേറ്ററുകളില്‍ മികച്ച വിജയത്തിലേക്ക് കുതിക്കുന്ന ബോഗെയ്ന്‍വില്ലയുടെ സംഗീതമൊരുക്കിയിരിക്കുന്നതും സുഷിന്‍ തന്നെയാണ്. ഈ വര്‍ഷം സുഷിന്‍ ചെയ്ത സിനിമകളെല്ലാം വന്‍ വിജയമായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സ്, തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ആവേശം, സംസ്ഥാന അവാര്‍ഡില്‍ തിളങ്ങിയ ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളുടെ പ്രധാനഘടകം സുഷിന്റെ സംഗീതമായിരുന്നു.

സ്‌പോട്ടിഫൈ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ട്രെന്‍ഡായി മാറിയ ഇല്ലുമിനാറ്റി എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് സുഷിന്‍ ശ്യാം. വൈറലാകണമെന്ന് കരുതിത്തന്നെയാണ് ഇല്ലുമിനാറ്റി എന്ന പാട്ട് കമ്പോസ് ചെയ്തതെന്ന് സുഷിന്‍ പറഞ്ഞു. സിനിമയിലെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് ടൂളാണ് പാട്ടെന്നും ആ ചിന്തയിലാണ് ഇല്ലുമിനാറ്റി ഉണ്ടായതെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു.

ആ പാട്ടില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും കുറച്ച് മെലഡി മാത്രമേ അതില്‍ വ്യത്യസ്തമായിട്ടുള്ളൂവെന്നും വിജയ് പടം റഫറന്‍സിലാണ് അത് ചെയ്തതെന്നും സുഷിന്‍ പറഞ്ഞു. ആ പാട്ടിന്റെ ട്രെന്‍ഡ് കഴിഞ്ഞെന്നും ഇനി ആളുകള്‍ കേള്‍ക്കാന്‍ ചാന്‍സില്ലെന്നും സുഷിന്‍ പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സുഷിന്‍ ഇക്കാര്യം പറഞ്ഞത്.

‘സിനിമയുടെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് ടൂളാണല്ലോ പാട്ടെന്ന് പറയുന്നത്. അങ്ങനെ ഒരു പാട്ട് എന്ന നിലക്ക് വൈറലാകണമെന്ന് കരുതിയാണ് ഇല്ലുമിനാറ്റി കമ്പോസ് ചെയ്തത്. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. പാട്ടിന്റെ സെക്കന്‍ഡ് ഹാഫില്‍ വരുന്ന മെലഡിയും ഒക്കെയാണ് അതിന് സിനിമയുടെ ഒരു ഫ്‌ളേവര്‍ വരുന്നത്. ബാക്കിയൊക്കെ ഒരു വിജയ് പടം അല്ലെങ്കില്‍ മമ്മൂക്കയുടെ പോക്കിരിരാജ മോഡിലാണ് ഞാനും ജിത്തുവും അപ്രോച്ച് ചെയ്യുന്നത്.

അത്തരം വൈറല്‍ പാട്ട് കമ്പോസ് ചെയ്യുന്നത് എനിക്ക് വലിയ ചാലഞ്ചിങ്ങായി തോന്നിയിട്ടില്ല. ആളുകളുമായി കണക്ടാകുന്ന തരത്തിലുള്ള പാട്ടുകള്‍ കമ്പോസ് ചെയ്യാനാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രയാസം. ഇനി നിങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ ഇല്ലുമിനാറ്റിയുടെ ട്രെന്‍ഡ് ഒക്കെ അവസാനിച്ചിരിക്കുകയാണ്. ഇനി ആരും ആ പാട്ട് അങ്ങനെ കേള്‍ക്കാന്‍ ചാന്‍സില്ല,’ സുഷിന്‍ ശ്യാം പറയുന്നു.

Content Highlight: Sushin Shyam about how he approached Illuminati song

Video Stories

We use cookies to give you the best possible experience. Learn more