| Sunday, 17th November 2024, 8:08 am

അവരുടെ കഴിവിന്റെ പകുതി പോലും എനിക്കില്ല, അങ്ങനെ ചിന്തിക്കാൻ പോലും എന്നെകൊണ്ട് പറ്റില്ല: സുഷിൻ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച മ്യൂസിക് ഡയറക്ടറായി മാറിയ ആളാണ് സുഷിന്‍ ശ്യാം. സപ്തമശ്രീ തസ്‌കരാഃ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ടാണ് അദ്ദേഹം സിനിമാജീവിതം ആരംഭിക്കുന്നത്. 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും സുഷിന്‍ സ്വന്തമാക്കി.

ആവേശം, മഞ്ഞുമ്മൽ ബോയ്സ്, ഉള്ളൊഴുക്ക് തുടങ്ങി ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെയെല്ലാം ഭാഗമാവാൻ സുഷിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സംഗീതത്തെ വലിയ രീതിയിൽ ഈ യാത്രകൾ സഹായിക്കാറുണ്ടെന്നും സുഷിൻ മുമ്പ് പറഞ്ഞിട്ടുണ്ട്.

പല യാത്രകളിൽ നിന്നും ഇൻഫ്ലുവൻസാവുന്ന തീമുകൾ തന്റെ പാട്ടുകളിൽ ഉപയോഗിക്കാറുണ്ടെന്നാണ് സുഷിൻ പറയുന്നത്. അവിടെയുള്ള പോലെ തെരുവുകളിൽ ആളുകളുടെ പെർഫോമൻസുകളൊന്നും നമ്മുടെ നാട്ടിൽ കാണാൻ കഴിയാറില്ലായെന്നും അത്തരം കലാകാരന്മാരുടെ കഴിവിന്റെ പകുതി പോലും തനിക്കില്ലെന്നും സുഷിൻ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സുഷിൻ പറഞ്ഞു

‘ടർക്കി ഒരുപാട് രസമുള്ളൊരു സ്ഥലമാണ്. സംഗീതം നിറഞ്ഞു നിൽക്കുന്ന സ്പേസാണത്. ഭയങ്കര രസമാണ് അവിടെ. ഫുൾ ടൈം തെരുവുകളിൽ ഒരുപാട് പെർഫോമൻസുകൾ കാണാം. നമ്മുടെ നാട്ടിലൊന്നും ഇല്ലാത്ത ഒരു കാര്യമാണത്. പുറത്തിറങ്ങിയാൽ എന്തെങ്കിലും ഒരു ഗിഗ്സിന് പോകണം എന്ന് തോന്നിയാൽ പോവാൻ പറ്റിയ ഒരു സ്ഥലമില്ല. ആരെങ്കിലും പെർഫോം ചെയ്യുന്നുണ്ടോ മ്യൂസിക് ഷോകൾ ഉണ്ടോ. എല്ലാം കുറവാണ്. വെറുതെ പബ്ബിലേക്ക് പോവാം എന്നല്ലാതെ വേറേ ഒരു ഓപ്ഷൻ കാണുന്നില്ല.

അവിടെയെല്ലാം ഞാൻ കണ്ടിട്ടുള്ള തെരുവിലെ ആർട്ടിസ്റ്റുകളുടെ കഴിവിന്റെ പകുതി പോലും എനിക്കില്ല എന്നാണ് തോന്നുന്നത്. ഞാൻ ഒരിക്കൽ പാരീസിൽ പോയപ്പോൾ ഒരു ഷോ നടക്കുന്നത് കണ്ടു. അതിൽ കുറേ പേര് നല്ല അടിപൊളിയായി പെർഫോം ചെയ്യുന്നു. എനിക്കൊന്നും അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. അത്രയും മനോഹരമായാണ് അവർ പെർഫോം ചെയ്യുന്നത്.

പക്ഷെ അതെല്ലാം കഴിഞ്ഞിട്ട് അവർക്ക് കിട്ടുന്ന വരുമാനം എന്ന് പറയുന്നത് വളരെ തുച്ഛമാണ്. പരിപാടി കഴിഞ്ഞ് അവർ പണം ശേഖരിക്കാനായി ഒരു ക്യാപുമായി നമ്മുടെ അടുത്തേക്ക് വരും. അതിൽ നിന്ന് കിട്ടുന്നതാണ് ഒരു ദിവസത്തെ അവരുടെ പൈസ. അതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ ഇവിടെ എത്രയോ ഉയരത്തിലുള്ള പോലെയാണ്,’സുഷിൻ പറയുന്നു

Content Highlight: Sushin Shyam About His Journey’s And Music

We use cookies to give you the best possible experience. Learn more