Film News
എ.ഐ ഉപയോഗിച്ച് മ്യൂസിക് ചെയ്യിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ല: സുഷിന് ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 15, 10:41 am
Sunday, 15th October 2023, 4:11 pm

മലയാള സിനിമയിൽ തന്റേതായ ഒരിടം സൃഷ്‌ടിച്ച സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. ഇപ്പോൾ തന്റെ എ.ഐ പരിജ്ഞാനത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ സുഷിൻ ശ്യാം. എ.ഐ ഉപയോഗപ്പെടുത്താനുള്ള ബുദ്ധിയൊന്നും തനിക്കില്ലെന്നും എന്നാൽ കാലത്തിന് അനുസരിച്ച് വളർന്നില്ലെങ്കിൽ താൻ ഔട്ട്ഡേറ്റഡ് ആവുമെന്നും സുഷിൻ കൂട്ടിച്ചേർത്തു.

രേഖ മേനോനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഭീഷ്മ പർവ്വം, കുമ്പളങ്ങി നൈറ്റ്സ്, മാലിക്, കുറുപ്പ്, തുടങ്ങിയ ചിത്രങ്ങളിൽ സംഗീത സംവിധാനം ചെയ്തത് സുഷിന് ശ്യാമാണ്. മലയാള സിനിമയുടെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ.

‘ഞാൻ ഒരുപാട് ടെക്നോളജിയിലേക്ക് കയറിയിട്ടില്ല. വേണമെങ്കിൽ എ.ഐ ഉപയോഗിച്ചിട്ട് നമുക്ക് ഒരു സീൻ കമ്പോസ് ചെയ്യാം. അങ്ങനെയുള്ള ഒരുപാട് അവസരങ്ങളുണ്ട്. പക്ഷേ എനിക്ക് അത്ര ബുദ്ധിയില്ല. എ.ഐയുടെ അടുത്ത് ചോദിക്കാനുള്ള ബുദ്ധിയൊന്നും എനിക്കില്ല. ആ സമയം കൊണ്ട് ഞാൻ വേണമെങ്കിൽ ഒരു സാധനം ചെയ്യും.
പക്ഷേ നമ്മൾ ശരിക്കും അപ്ഡേറ്റഡ് ആവേണ്ടതാണ്. കാലത്തിനനുസരിച്ച് ഞാനും സഞ്ചരിക്കണം അല്ലെങ്കിൽ ഭയങ്കരമായിട്ട് പുറകിലോട്ട് പോകും. അതുപോലെ ഔട്ട് ഡേറ്റെഡ് ആയി പോവും.


എന്റെ ഫ്രണ്ട്സ് ഒക്കെ ഇപ്പോൾ അത് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒരു ഐഡിയ കൊടുത്താൽ വേറെ ഒരു ഐഡിയ തരുന്ന ടൈപ്പ് പരിപാടികളൊക്കെ ഞാൻ പഠിച്ച് വരുന്നേ ഉള്ളൂ,’ സുഷിന് ശ്യാം പറഞ്ഞു.

താൻ സംഗീതത്തെക്കുറിച്ച് അത്ര ചിന്തിക്കാറില്ലെന്നും തന്റെ ഉള്ളിൽ നിന്ന് വരുന്ന മ്യൂസിക്കാണ് താൻ എടുക്കാറുള്ളതെന്നും സുഷിൻ പറഞ്ഞു. തന്റെ ചില വർക്കുകൾ തനിക്ക് തന്നെ ഇഷ്ടപ്പെടാറില്ലെന്നും അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമ്പോൾ സങ്കടം തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.


‘ഞാൻ സംഗീതത്തിനുവേണ്ടി അത്ര ചിന്തിക്കുന്ന ആളല്ല. എന്റെ ഉള്ളിൽ നിന്ന് വരുന്നതാണ് ഞാൻ എടുക്കാറുള്ളത്. ചിലപ്പോൾ എനിക്ക് മോശമാണെന്ന് തോന്നുന്നതാവും എന്റെ നല്ല വർക്ക്. പക്ഷെ അത് പുറത്തേക്ക് പോവാത്തത് കൊണ്ട് ആരും കേൾക്കില്ലല്ലോ.


ഞാൻ മോശമെന്ന് കരുതിയ വർക്ക് വേറൊരാൾക്ക് ഇഷ്ടമായാൽ എനിക്ക് നല്ല പ്രയാസം തോന്നും. കാരണം ഒരു സംവിധായകന് ആ മ്യൂസിക് ഇഷ്ടമാവുകയാണെങ്കിൽ ഞാൻ ആ കാര്യത്തിൽ കുറച്ചു ഫൈറ്റ് ചെയേണ്ടി വരും. ചില സന്ദർഭങ്ങളിൽ എനിക്ക് വിട്ട് കൊടുക്കേണ്ടി വന്നിട്ടുണ്ട്. അയാളുടെ തീരുമാനമാണ് ശരിയെന്ന് തോന്നിയാൽ ഞാൻ അതങ്ങ് വിട്ടുകൊടുക്കും. കാരണം സിനിമയിൽ സംവിധായകന്റെ തീരുമാനമല്ലേ ഏറ്റവും വലുത്.

ഞാൻ സ്വന്തമായി ചെയ്യുന്ന ഒരു ഇൻഡിപെൻഡന്റ് ആൽബമാണെങ്കിൽ എനിക്ക് കാര്യങ്ങൾ തീരുമാനിക്കാം. പക്ഷെ സിനിമയിൽ മറ്റുള്ളവർക്ക് വേണ്ടി വർക്ക് ചെയുമ്പോൾ അവർക്ക് ആവശ്യമുള്ളത് ഞാൻ നൽകണം,’ സുഷിൻ ശ്യാം പറഞ്ഞു.

Content Highlight: Sushin shyam about his AI knowledge