| Tuesday, 28th February 2023, 6:10 pm

അത് കണ്ട ഉടന്‍ തന്നെ, ഒ.ടി.ടി എന്നൊക്കെ പറഞ്ഞിരുന്ന അമലേട്ടന്‍ ഭീഷ്മ തിയേറ്റര്‍ തന്നെയെന്ന്‌ ഉറപ്പിച്ചു: സുഷിന്‍ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡിന് ശേഷം തിയേറ്ററുകളിലേക്കുള്ള മമ്മൂട്ടിയുടെ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു ഭീഷ്മ പര്‍വ്വം. അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ നാദിയ മൊയ്ദു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, ശ്രീനാഥ് ഭാസി എന്നിങ്ങനെ വലിയ താരനിര തന്നെയായിരുന്നു എത്തിയത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചത് സുഷിന്‍ ശ്യാമിന്റെ മ്യൂസിക് കൂടിയായിരുന്നു.

ചിത്രം ഒ.ടി.ടിയിലേക്ക് വിടാനുള്ള പ്ലാനുണ്ടായിരുന്നുവെന്നും സിനിമയിലെ മ്യൂസിക് കണ്ട് അമല്‍ നീരദ് തിയേറ്റര്‍ ഉറപ്പിക്കുകയായിരുന്നുവെന്നും പറയുകയാണ് സുഷിന്‍ ശ്യാം. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് സുഷിന്‍ ഭീഷ്മ പര്‍വ്വത്തെ പറ്റി പറഞ്ഞത്.

‘റീല്‍സ് കഴിഞ്ഞാണ് അമലേട്ടനുമായി ചില കറക്ഷന്‍സൊക്കെ ഡിസ്‌കസ് ചെയ്യുന്നത്. അവസാനത്തെ റീല്‍സ് കണ്ട് കറക്ഷന്‍ ഇല്ലെന്ന് പുള്ളി പറഞ്ഞപ്പോള്‍ തന്നെ എന്റെ കയ്യില്‍ നിന്നും പോയി. പുള്ളിക്ക് ഭയങ്കരമായി പരിപാടി ഇഷ്ടപ്പെട്ടു. അതുവരെ ഒ.ടി.ടി എന്നൊക്കെ പറഞ്ഞിരുന്ന ആള്‍ അപ്പോള്‍ തന്നെ ഞാന്‍ ഇത് തിയേറ്റര്‍ ഉറപ്പിച്ചുവെന്ന് പറഞ്ഞു. പുള്ളി അന്ന് ഡിസൈഡ് ചെയ്തത് പോലെയായിരുന്നു. എനിക്ക് അത് കേട്ട് ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു. പുള്ളിയെ ഞാന്‍ എക്‌സൈറ്റഡാക്കി. പിന്നെ എനിക്ക് കോണ്‍ഫിഡന്‍സ് കൂടി. അതായത് സാധനം കുറച്ചുകൂടി മുകളിലേക്ക് കൊണ്ടുപോയി,’ സുഷിന്‍ പറഞ്ഞു.

വരത്തന്‍ സിനിമയുടെ റിലീസ് ദിവസം വരെ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നും ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും സുഷിന്‍ പറഞ്ഞു.

‘തിയേറ്ററില്‍ ചില ഏരിയകള്‍ വര്‍ക്കായി എന്നറിയുമ്പോള്‍, പുതിയ വണ്ടിയൊക്കെ എടുക്കുമ്പോള്‍ കിട്ടുന്ന സാധനമുണ്ടല്ലോ, ആ ഫീലാണ്. വരത്തനില്‍ ലാസ്റ്റ് ഫൈറ്റിന്റെ സീനായപ്പോള്‍ ആള്‍ക്കാരുടെ എക്സൈറ്റ്മെന്റ് കണ്ട് ആ സാധനം വന്നിട്ടുണ്ടായിരുന്നു. ആ സിനിമയില്‍ വേറെ തന്നെ ഒരു അറ്റ്മോസ്ഫിയറിലാണ് വര്‍ക്ക് ചെയ്തത്. ആ പടം തീരുന്നത് വരെ ഭയങ്കര സ്ട്രെസ്ഫുള്ളായിരുന്നു.

റീലീസ് അടുത്തപ്പോള്‍ ഉറക്കമില്ലായിരുന്നു. അതുകഴിഞ്ഞ് തിയേറ്ററിലെത്തി, ആ റെഡ്ലൈറ്റില്‍ ആളുകളുടെ കിളി പോയപ്പോള്‍, ആനന്ദ കണ്ണീര്‍ എന്ന് പറയുന്ന സാധനമുണ്ടല്ലോ, ആ സാധനം വന്നു. ചില പടങ്ങള്‍ കണ്ട് ഇമോഷണലാവാറുണ്ട്. എനിക്ക് ചിലപ്പോള്‍ ആഹ്ലാദം കുറവായിരിക്കും.

സുഡാനിയുടെ അവസാനം കണ്ടപ്പോള്‍ എന്റെ കണ്ണില്‍ നിന്നും വെള്ളം വന്നിരുന്നു. ഞാന്‍ കരഞ്ഞു. അയ്യേ കരയല്ലേയെന്നൊക്കെ ഉത്തര(പാര്‍ട്ട്ണര്‍) പറഞ്ഞു. അതും കറക്റ്റ് ലൈറ്റിടുന്ന സമയത്താണ് കരയുന്നത്. പിന്നെ കണ്ണൊക്കെ തൂത്തിട്ട് എങ്ങനെക്കെയോ നടന്നിട്ടാണ് പോയത്. അങ്ങനത്തെ ഫീല്‍ ഗുഡ് പടങ്ങള്‍ കാണുന്നത് ഭയങ്കര ഇഷ്ടമാണ്. അപൂര്‍വമായിട്ടാണ് അങ്ങനത്തെ പടങ്ങള്‍ കാണാന്‍ പറ്റുന്നത്,’ സുഷിന്‍ പറഞ്ഞു.

Content Highlight: sushin shyam about bheeshma parvam and amal neerad

We use cookies to give you the best possible experience. Learn more