ഉപമുഖ്യമന്ത്രിയായി ഇത്തവണ സുശീല്‍ മോദിയില്ല; മന്ത്രിമാര്‍ ആരൊക്കെയെന്ന തീരുമാനവുമായില്ല; സത്യപ്രതിജ്ഞ നടക്കാനിരിക്കെ ബി.ജെ.പിയില്‍ ആശയക്കുഴപ്പം
national news
ഉപമുഖ്യമന്ത്രിയായി ഇത്തവണ സുശീല്‍ മോദിയില്ല; മന്ത്രിമാര്‍ ആരൊക്കെയെന്ന തീരുമാനവുമായില്ല; സത്യപ്രതിജ്ഞ നടക്കാനിരിക്കെ ബി.ജെ.പിയില്‍ ആശയക്കുഴപ്പം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 12:09 pm

പട്‌ന: ബീഹാറില്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സത്യപ്രതിജ്ഞ. തിങ്കളാഴ്ച വൈകീട്ട് 4.30ന് രാജ്ഭവനില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക.

ജെ.ഡി.യുവിനേക്കാള്‍ കൂടുതല്‍ സീറ്റുകളുള്ള ബി.ജെ.പിക്ക് തന്നെയായിരിക്കും ഇത്തവണയും ഉപമുഖ്യമന്ത്രി പദം. ഗവര്‍ണര്‍ പദവിയും ബി.ജെ.പിയില്‍ നിന്ന് തന്നെയാണെന്നാണ് സൂചന.

ബി.ജെ.പിയില്‍ നിന്നും രണ്ട് പേരാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. അതേസമയം ഉപമുഖ്യമന്ത്രിയായി സുശീല്‍ മോദി തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി നേതാക്കളായ തര്‍കിഷോര്‍ പ്രസാദും രേണുദേവിയുമാണ് ഉപമുഖ്യമന്ത്രിമാരായി അധികാരമേല്‍ക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പിയുടെ ചെറിയ സഖ്യകക്ഷികളായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ നിന്നുള്ള പ്രതിനിധികളും ഇന്ന് നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാമേല്‍ക്കുമെന്ന് മുകേഷ് സാനി പറഞ്ഞു.

നേരത്തെ രണ്ട് ഉപമുഖ്യമന്ത്രി പദം ഘടക കക്ഷികളായ വി.ഐ.പിയും എച്ച്.എ.എമ്മും ആവശ്യപ്പെട്ടിരുന്നു. ജിതന്‍ റാം മാഞ്ചിയും മുകേഷ് സാനിയുമാണ് ആവശ്യമുന്നിയിച്ചിരുന്നത്. എന്നാല്‍ രണ്ടും ബി.ജെ.പിയില്‍ നിന്നാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

2017 മുതല്‍ ബീഹാറിന്റെ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയാണ്. സുശീല്‍ മോദി തന്നെയായിരിക്കും ഇത്തവണയും ഉപമുഖ്യമന്ത്രിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നിതീഷ് കുമാറിന്റെ മറ്റു മന്ത്രിമാരാരായിരിക്കുമെന്നതിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ല. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതില്‍ ബി.ജെ.പിക്കകത്ത് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവിധ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ബീഹാര്‍ മന്ത്രിസഭയില്‍ 36 മന്ത്രിമാരായിരിക്കും ഉണ്ടാവുകയെന്നാണ് സൂചന. 20-21 പോസ്റ്റുകളില്‍ ബി.ജെ.പി മന്ത്രിമാരായിരിക്കുമെന്നും ജെ.ഡി.യുവിന് 11-12 സീറ്റുകളും ഓരോ സീറ്റുകളിലേക്ക് വി.ഐ.പിയും എച്ച്.എ.എമ്മും പരിഗണിക്കപ്പെടുമെന്നുമാണ് സൂചന.

8-10 വരെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബീഹാറില്‍ നിതീഷ് കുമാറിനൊപ്പം മന്ത്രിമാരായി സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവരെ പിന്നീടായിരിക്കും തീരുമാനിക്കുക.

ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sushil Modi will not Continue as the Deputy CM; reports says two deputy CMs will be there in Bihar