| Thursday, 29th March 2018, 10:50 am

ബി.ജെ.പിക്കെതിരെ മൂന്നാംമുന്നണി ഉണ്ടാക്കുന്നത് ഛിന്നഭിന്നമായ പ്രതിപക്ഷ പാര്‍ട്ടികളെ തുന്നിച്ചേര്‍ത്ത്; മമതക്കെതിരെ പരിഹാസവുമായി സുശീല്‍ കുമാര്‍ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പടയൊരുക്കത്തിന് വിശാലസഖ്യം രൂപീകരിക്കാന്‍ ഒരുങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്കെതിരെ പരിഹാസവുമായി ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി.

ഛിന്നഭിന്നമായ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായത്തോടെയാണ് മമത മൂന്നാം മുന്നണി ഉണ്ടാക്കുന്നത് എന്നായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ പരിഹാസം.


Dont Miss ‘സൗദി സഖ്യം യുദ്ധം അവസാനിപ്പിക്കണം; വേണ്ടത് രാഷ്ട്രീയമായ പരിഹാരമാണ്’ യെമനിലെ ദുരിതാശ്വാസത്തിന് ഫണ്ട് നല്‍കിയ സൗദി രാജകുമാരനോട് യു.എന്‍


ഇന്നലെ മമതാ ബാനര്‍ജി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യു.പി.എ അധ്യക്ഷയുമായ സോണിയാ ഗാന്ധിയുമായും ബി.ജെ.പിയിലെ വിമത നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ പ്രസ്താവന.

ത്രിപുരയിലെയും മറ്റു സംസ്ഥാനങ്ങളിലേയും ബി.ജെ.പിയുടെ വിജയം കണ്ടതിന് പിന്നാലെയാണ് ഇത്തരമൊരു ശ്രമവുമായി മമത ഇറങ്ങിത്തിരിച്ചതെന്നും ബി.ജെ.പിയുടെ വിജയം അവരെ ഭയപ്പെടുത്തിയെന്നുമായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ പരിഹാസം.

“” ത്രിപുരയിലേയും മറ്റു സംസ്ഥാനങ്ങൡലേയും ബി.ജെ.പിയുടെ വിജയം മമതയെ ഞെട്ടിച്ചിരിക്കുയാണ്. ഛിന്നഭിന്നമായ രാഷ്ട്രീയപാര്‍ട്ടികളെ തുന്നിച്ചേര്‍ത്ത് മൂന്നാംമുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അവര്‍ ഇപ്പോള്‍. ആരൊക്കെ എങ്ങനെയൊക്കെ പരിശ്രമിച്ചാലും ഒരു പുതിയ സര്‍ക്കാരിനെ ഉണ്ടാക്കിയെടുക്കാന്‍ ആവില്ല. 2019 ല്‍ മോദി അധികാരത്തിലെത്തുന്നത് തടയുക എന്ന അജണ്ട മുന്‍നിര്‍ത്തി മാത്രമാണ് മൂന്നാം മുന്നണിയെന്ന ആശയവുമായി ഇവര്‍ രംഗത്തെത്തിയത്””- സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

ബി.ജെ.പി വിമതരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയ നേതാക്കളുമായി കഴിഞ്ഞ ദിവസം മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് മമത ബാനര്‍ജി ദല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ദല്‍ഹിയില്‍ താന്‍ എപ്പോള്‍ എത്തിയാലും സോണിയയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും ആരോഗ്യത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സംസാരിച്ചതായും മമത പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more