കനത്ത മഴയും വെള്ളപ്പൊക്കവും ബീഹാറിനെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. സംസ്ഥാനം പ്രളയ സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉറപ്പാക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ബീഹാര്‍ ദുരിതത്തിലമര്‍ന്നപ്പോള്‍ ഉപമുഖ്യമന്ത്രി സുഷില്‍ മോദി പുതിയ ഹൃത്വിക് റോഷന്‍ ചിത്രം സൂപ്പര്‍ 30 കാണുന്നതിന്റെ തിരക്കിലായിരുന്നു.
സംഭവം വിവാദമായപ്പോള്‍ മോദിയുടെ വിചിത്ര മറുപടി ഇങ്ങനെ’ ഞാന്‍ സിനിമ കണ്ടതിന്റെ പേരില്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു ഇംഗ്ലീഷ് ചാനല്‍ കൊടുത്തവാര്‍ത്ത ബീഹാര്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഞാന്‍ സിനിമ കാണുകയായിരുന്നു എന്നാണ്. ഒരാള്‍ക്ക് ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് ഞാന്‍ സിനിമയ്ക്ക് പോയത്’, സുഷില്‍ മോദി പറയുന്നു.
സംസ്ഥാനം ദുരിതത്തിലാഴ്ന്ന സമയത്ത് ഉപമുഖ്യമന്ത്രി സിനിമ കാണാന്‍ പോയതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളിലടക്കം ഇദ്ദേഹത്തിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി.
ദിവസങ്ങളായി പെയ്യുന്ന മഴയില്‍ ബീഹാറില്‍ ആറ് ജില്ലകളിലാണ് വെള്ളപ്പൊക്കം ദുരിതം വിതച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കോസി, ഗണ്ഡക്, ബാഗ്മതി നദികള്‍ നിറഞ്ഞൊഴുകുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണം.
സൂപ്പര്‍ 30 സിനിമ സംസ്ഥാനത്ത് ടാക്‌സ് രഹിതമായി റിലീസ് ചെയ്യാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് രാജസ്ഥാനിലും ചിത്രം ടാക്‌സ് രഹിതമായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.