'തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മൃഗബലി, അന്ധവിശ്വാസി';ലാലു പ്രസാദ് ദുര്‍മന്ത്രവാദം നടത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി
national news
'തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മൃഗബലി, അന്ധവിശ്വാസി';ലാലു പ്രസാദ് ദുര്‍മന്ത്രവാദം നടത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 4:29 pm

പട്‌ന: ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ രൂക്ഷവിമര്‍ശനവുമായി ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. തന്നെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദ പൂജകള്‍ ലാലു നടത്തിയെന്നാണ് സുശീല്‍ കുമാര്‍ മോദി പറഞ്ഞത്.

ലാലുപ്രസാദ് അന്ധവിശ്വാസിയാണെന്നും സുശീല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കടുത്ത അന്ധവിശ്വാസമുള്ളയാളാണ് ലാലുപ്രസാദ് യാദവ്. അതിന്റെ ഭാഗമായാണ്. അയാള്‍ വെള്ളകുര്‍ത്ത ധരിക്കുന്നത് ഒഴിവാക്കിയത്. മന്ത്രവാദിയായ ശങ്കര്‍ ചരണ്‍ ത്രിപാഠിയെ ആര്‍.ജെ.ഡിയുടെ വക്താവാക്കിയതിനു കാരണം ലാലുവിന്റെ അന്ധവിശ്വാസമാണ്- സുശീല്‍ ട്വിറ്ററിലെഴുതി.

 

മൂന്ന് വര്‍ഷം മുമ്പ് തന്നെ കൊല്ലാന്‍ ഇവര്‍ മന്ത്രവാദം നടത്തിയെന്നും സുശീല്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ജനങ്ങളില്‍ വിശ്വാസം വേണം. അതില്ലാത്തയാളാണ് ലാലുവെന്നും സുശീല്‍ പറഞ്ഞു.

ഇതിനുവേണ്ടി മൃഗബലികള്‍ അദ്ദേഹം നടത്താറുണ്ടെന്നും സുശീല്‍ പറഞ്ഞു. ആടുകളെ ഇത്തരം ക്രിയകള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് സുശീല്‍ ആരോപിച്ചു.

അതേസമയം സുശീല്‍ കുമാറിന്റെ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലാലുപ്രസാദിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായി തേജസ്വി യാദവ് പറഞ്ഞു.

സുശീലിന്റെ ഭാഗത്ത് നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചതാണെന്നും കൂടുതലൊന്നും അദ്ദേഹത്തിന് പറയാനുണ്ടാകില്ലെന്നും തേജസ്വി പറഞ്ഞു. സംസ്ഥാനത്തെ അടിസ്ഥാന പ്രശ്‌നങ്ങളെ പറ്റി അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാനാണ് താല്‍പര്യമെന്നും തേജസ്വി പറഞ്ഞു.

സംസ്ഥാനത്തെ തൊഴിലില്ലായ്മയെപ്പറ്റി അദ്ദേഹത്തിന് ഒന്നും പറയാനില്ല. വിദ്യാഭ്യാസ രംഗത്തെക്കുറിച്ചോ, ആരോഗ്യമേഖലയിലെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചോ യാതൊന്നും പറയാനില്ല. ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മാത്രം അദ്ദേഹത്തിനറിയാം- തേജസ്വി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sushilkumar Modi Slams Laluprasad Yadav