സുശീല്‍ കൊയ്‌രാള നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി
World
സുശീല്‍ കൊയ്‌രാള നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2014, 3:51 pm

[share]

[] കാഠ്മണ്ഡു: നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സുശീല്‍ കൊയ്‌രാളയെ പ്രധാനമന്ത്രിയായി പാര്‍ലമെന്റ് തിരഞ്ഞെടുത്തു. 601 അംഗ അസംബ്ലിയില്‍ 405 വോട്ട് നേടിയാണ് അദ്ദേഹം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

നിയമസഭ സ്പീക്കര്‍ സൂര്യ ബഹ്ദൂര്‍ താപയാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.

നവംബര്‍ 19 ന് നടന്ന അസംബ്ലി ഇലക്ഷന് ശേഷം പുതിയ ഭരണഘടന തയ്യാറാക്കുന്നത് വരെ താല്‍ക്കാലിക നിയമസഭ ഉണ്ടാക്കി വോട്ടിങ്ങ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

ആധുനിക നേപ്പാളി രാഷ്ട്രീയത്തില്‍ നീണ്ട ചരിത്രമുള്ള കൊയ്‌രാള രാജവംശത്തിലെ അംഗമാണ് സുശീല്‍ കൊയ്‌രാള.

1954 ലാണ് കൊയ്‌രാള നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നത്. പാര്‍ട്ടിയില്‍ വിവധ സ്ഥാനങ്ങള്‍ വഹിച്ചതിന് ശേഷം 2010 ല്‍ അദ്ദേഹത്തെ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തു.

1991, 1994, 1999, 2008 എന്നീ വര്‍ഷങ്ങളില്‍ അദ്ദേഹം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നേപ്പാളി കോണ്‍ഗ്രസ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ 40 വര്‍ഷത്തോളം സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

1960 ല്‍ രാജാവ് മഹേന്ദ്ര ബിര്‍ ബിക്രം ഷാ അധികാരം പിടിച്ചെടുത്ത് രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചതിനെ തുടര്‍ന്ന് സ്വയം ഭ്രഷ്ട് കല്‍പിച്ച് 16 വര്‍ഷത്തോളം കൊയ്‌രാള ഇന്ത്യയിലുണ്ടായിരുന്നു.