ഇത്തവണ ഒളിപിംക്‌സിന് സുശീല്‍ കുമാറില്ല
Daily News
ഇത്തവണ ഒളിപിംക്‌സിന് സുശീല്‍ കുമാറില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th June 2016, 5:16 pm

susheel2

ന്യൂദല്‍ഹി: റിയോ ഒളിപിംക്‌സില്‍ പങ്കെടുക്കാമെന്ന ഒളിമ്പ്യന്‍ സുശീല്‍ കുമാറിന്റെ ആഗ്രഹത്തിന് അവസാനം. ഗുസ്തി മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരത്തെ തിരഞ്ഞെടുക്കുന്നതിന് ട്രയല്‍സ് നടത്തണമെന്ന സുശീല്‍ കുമാറിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയതോടെ ഗുസ്തി താരത്തിന് ഒളിപിംക്‌സ് നഷ്ടമാകും. ഒളിപിംക്‌സിന് ഇനി അധികം സമയമില്ലാത്ത സാഹചര്യത്തില്‍ ഈ സമയത്ത് ട്രയല്‍സ് നടത്തിയാല്‍ അത് കായികതാരത്തെ മാനസികമായി തളര്‍ത്തുമെന്നും പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇതോടെ സുശീലിന് പകരം നര്‍സിങ് യാദവായിരിക്കും ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാനിറങ്ങുക. 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഇനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ തീരുമാനിക്കുന്നതിനു ട്രയല്‍സ് നടത്താന്‍ റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുശീല്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

യുവ താരം നര്‍സിങ് യാദവാണ് ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്കായി യോഗ്യത നേടിയത്. എന്നാല്‍, പരുക്ക് മൂലം തനിക്ക് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഒളിംപിക്‌സ് യോഗ്യത നേടാന്‍ അവസരം നല്‍കണമെന്നുമായിരുന്നു സുശീല്‍ കുമാറിന്റെ വാദം. നാര്‍സിങ്ങും താനും തമ്മിലുള്ള ട്രയല്‍സില്‍ വിജയിക്കുന്നവരെ ഒളിംപിക്‌സിന് അയയ്ക്കണമെന്നാണ് സുശീലിന്റെ ആവശ്യപ്പെട്ടത്.

മാത്രമല്ല 74 കിലോ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നര്‍സിങ് യാദവ് വെങ്കലം നേടിയിട്ടുള്ളതിനാല്‍ അദ്ദേഹം തന്നെയാണ് സ്വാഭാവികമായും ഒളിമ്പിക്‌സിന് പോകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ റെസ്ലിംഗ് ഫെഡറേന്റെ വ്യവസ്ഥകളില്‍ തെരെഞ്ഞെടുപ്പിന് ഇത്തരമൊരു മത്സരം നടത്താന്‍ നിഷ്‌കര്‍ഷിക്കുന്നില്ല എന്നും കോടതി പറഞ്ഞു.

അതേസമയം, പ്രശ്‌നത്തില്‍ ഇടപെടില്ലെന്നു കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിംപിക്‌സുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണു സുശീല്‍ കുമാര്‍. ലണ്ടന്‍ ഒളിംപിക്‌സിനു ശേഷം തുടര്‍ച്ചയായി വേട്ടയാടിയ പരുക്കും ഇഷ്ട ഇനമായ 66 കിലോ ഫ്രീസ്‌റ്റൈല്‍ ഒളിംപിക്‌സില്‍നിന്ന് ഒഴിവാക്കിയതുമാണു സുശീല്‍ കുമാറിന് തിരിച്ചടിയായത്.