സുശാന്ത് സിംഗിന്റെ മരണം; ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും കാണാതായ ട്വീറ്റുകളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി പൊലീസ്
Sushant Singh Rajput
സുശാന്ത് സിംഗിന്റെ മരണം; ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും കാണാതായ ട്വീറ്റുകളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി പൊലീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th June 2020, 9:49 am

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ട്വിറ്ററിന് കത്തു നല്‍കാനൊരുങ്ങി പൊലീസ്. സുശാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും കാണാതായെന്ന് പറയപ്പെടുന്ന ട്വീറ്റുകളെകുറിച്ച് അന്വേഷിക്കുന്നതിനായാണ് പൊലീസ് ട്വിറ്ററുമായി ബന്ധപ്പെടുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പൊലീസ്. സുശാന്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചില ട്വീറ്റുകള്‍ മരിക്കുന്നതിന് മുമ്പ് സുശാന്ത് ഡിലീറ്റു ചെയ്തിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

നിലവില്‍ സുശാന്തിന്റെ ട്വിറ്ററിലെ അവസാന ട്വീറ്റ് ഡിസംബര്‍ 27ന് പോസ്റ്റ് ചെയ്തതാണ്. എന്നാല്‍ സുശാന്ത് ട്വീറ്റ് ചെയ്തിരുന്നെന്ന് പറയപ്പെടുന്ന ചില ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ വ്യക്തത തേടിയാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം ട്വിറ്റര്‍ ഇന്ത്യയെ സമീപിക്കാനൊരുങ്ങുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് 23 ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. സുശാന്തിന്റെ അച്ഛന്‍, സഹോദരിമാര്‍, റിയ ചക്രബര്‍ത്തി തുടങ്ങിയവരെയും ചോദ്യം ചെയ്തു.

ഇദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.

അതേസമയം സുശാന്തിന്റെ അവസാന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയതു കൊണ്ടുണ്ടായ ശ്വാസ തടസ്സമാണ് മരണകാരണമെന്ന് പറയുന്നു. സുശാന്തിന്റെ ശരീരത്തില്‍ മറ്റു പാടുകളോ മുറിവുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 15ന് ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.