| Thursday, 18th June 2020, 10:13 pm

ദിശയും സുശാന്തും 14 കോടി പ്രതിഫലമുള്ള വെബ്‌സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലായിരുന്നു?; താരത്തിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ എട്ടിന് ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിശ സലിയാന്‍ സുശാന്തിന് ഒരു വെബ്‌സീരീസില്‍ അഭിനയിക്കാനുള്ള അവസരം ഒരുക്കിയിരുന്നെന്നും ദിശയുടെ ആത്മഹത്യ സുശാന്തിനെ അസ്വസ്ഥനാക്കിയിരുന്നെന്നുമാണ് വിവരം. അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

14 കോടി പ്രതിഫലം ലഭിക്കുന്ന റോളായിരുന്നു ഈ വെബ്‌സീരീസില്‍ സുശാന്തിന് വാഗ്ദാനം ചെയ്തിരുന്നത്. ദിശയാണ് ഈ അവസരം സുശാന്തിലേക്ക് എത്തിച്ചത്. ഇതിന്റെ ആലോചനകള്‍ നടക്കവെയാണ് ദിശ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ദിശയുടെ മരണം സുശാന്തിനെ അലട്ടിയിരുന്നു. ദിശയുടെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സുശാന്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ദിശയുടെ മരണത്തിന് ശേഷം മറ്റ് കാര്യങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി മുറിക്കുള്ളില്‍ത്തന്നെ കഴിയുകയായിരുന്നു. വിഷാദരോഗിയായിരുന്ന സുശാന്ത് ദിശയുടെ മരണത്തോടെ കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുശാന്തും ദിശയും വെബ്‌സീരിസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മാര്‍ച്ചില്‍ ഇരുവരും തമ്മില്‍ ഫോണിലും വാട്‌സ് ആപ്പിലും രണ്ട് തവണ ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

സുശാന്തിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തിക്കൊണ്ടിരിക്കുന്നത്. സംവിധായകന്‍ ശേഖര്‍ കപൂര്‍, റിയ ചക്രബര്‍ത്തി എന്നിവരടക്കം പത്ത് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ അന്വേഷണത്തിന് സഹായകരമാകുമെന്നാണ് വിവരം.

മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സുശാന്ത് തന്റെ ജോലിക്കാരുടെ ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ത്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ശമ്പളം കൊടുത്തപ്പോള്‍ ഇതില്‍ കൂടുതല്‍ തനിക്ക് നല്‍കാന്‍ സാധ്യമല്ലെന്ന് സുശാന്ത് പറഞ്ഞിരുന്നുവെന്നും ജീവനക്കാരിലൊരാള്‍ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. 12 ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനചിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more