| Saturday, 21st December 2019, 12:06 am

'യുവതയാണ് വിപ്ലവം കൊണ്ടുവരിക, സെലിബ്രിറ്റികളല്ല'; പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തതിന് ജോലി പോയ സുശാന്ത് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദേശീയ പൗരത്വ നിയമത്തില്‍ ബോളിവുഡ് അഭിനേതാക്കള്‍ അഭിപ്രായം പറയാത്തതിനെ കുറിച്ച് നടന്‍ സുശാന്ത് സിങ്. യുവതയാണ് വിപ്ലവം കൊണ്ടുവരിക, സെലിബ്രിറ്റികളല്ലെന്നാണ് സുശാന്ത് സിങിന്റെ പ്രതികരണം.

നിങ്ങള്‍ പ്രധാനപ്പെട്ട ഒരു സ്ഥാനത്താണ് ഇരിക്കുന്നതെങ്കില്‍ ചില വിഷയങ്ങളില്‍ നിലപാടെടുക്കുന്നതിന് വലിയ സമ്മര്‍ദം നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ജനങ്ങള്‍ ഒരുപാട് സ്‌നേഹം തരുന്നു, നിങ്ങള്‍ ഇപ്പോഴെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അവരുടെ സ്‌നേഹം കാരണമാണ്. അത് കൊണ്ട് അവര്‍ നിങ്ങളില്‍  പ്രതീക്ഷ അര്‍പ്പിക്കും, നിങ്ങള്‍ എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിക്കുമെന്നും സുശാന്ത് സിങ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് തന്റെ ജോലി പോയതെങ്കില്‍ അതില്‍ തനിക്ക് വിഷമമില്ലെന്ന് സുശാന്ത് സിങ് പറഞ്ഞിരുന്നു. രാജ്യത്ത് നടക്കുന്ന യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരമ്പരയായ സാവധാന്‍ ഇന്ത്യയുടെ അവതാരകനായിരുന്നു സുശാന്ത്. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തിന് പിന്നാലെ അവതാരക ജോലി നഷ്ടപ്പെട്ടിരുന്നു.

മുംബൈയില്‍ നടന്ന പൗരത്വ നിയമത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത അന്ന് രാത്രി തന്നെ സാവധാന്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയെന്ന് സുശാന്ത് പറഞ്ഞിരുന്നു. 2011 മുതല്‍ പരമ്പരയുടെ അവതാരകനായിരുന്നു സുശാന്ത്.

ഞാനും എന്റെ ഭാര്യയും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറായാണ് ഇരിക്കുന്നത്. എനിക്ക് നല്ലൊരു ഇന്നോ നാളെയോ പ്രതീക്ഷിക്കാനാവുമോ?. നാളെ എന്റെ കുട്ടികളുടേതാണ്. അവര്‍ വളര്‍ന്ന് വലുതാവുമ്പോ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം നടക്കുമ്പോള്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് ചോദിക്കും. ഞാനെന്റെ മറുപടി നല്‍കി കഴിഞ്ഞുവെന്നും സുശാന്ത് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more