ന്യൂദല്‍ഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ വാദങ്ങള്‍ നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സി.ബി.ഐ അന്വേഷണത്തെ ബാധിക്കില്ലെന്ന് സുശാന്ത് സിംഗിന്റെ അച്ഛന്‍ കെ.കെ സിംഗിന്റെ അഭിഭാഷകനായ വികാസ് സിംഗ്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ ഇപ്പോള്‍ ഉന്നയിക്കുന്ന വാദങ്ങളത്രയും കേസുമായി ബന്ധപ്പെട്ട് അപ്രധാനമാണെന്നും അഭിഭാഷകന്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
‘കങ്കണ ഇപ്പോള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതൊന്നും നിലവില്‍ സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട കാര്യമല്ല. സി.ബി.ഐ കേസ് ഔദ്യോഗികമായി അന്വേഷിച്ച് കൊണ്ടിരിക്കുന്നുണ്ട്. അവരുടെ പ്രതികരണങ്ങള്‍ക്ക് ഇപ്പോഴത്തെ അന്വേഷണവുമായി ഒരു ബന്ധവുമില്ല. അവര്‍ സംസാരിച്ച് കൊണ്ടിരിക്കുന്നത് ബോളിവുഡിലെ വിവേചനത്തെക്കുറിച്ചാണ്, അത് വേറൊരു പ്രശ്‌നമാണ്,’ വികാസ് സിംഗ് പറഞ്ഞു.
സുശാന്ത് സിംഗ് ബോളിവുഡില്‍ നിന്ന് വിവേചനങ്ങള്‍ നേരിട്ടതു കൊണ്ടാണ് മരിച്ചതെന്ന് തെളിഞ്ഞാല്‍ മാത്രമേ കങ്കണ പറയുന്നതൊക്കെ ശരിയാണെന്ന് പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
‘വിവേചനങ്ങള്‍ എല്ലാ ജോലിസ്ഥാപനങ്ങളിലും കണ്ടു വരുന്നതാണ്. സുശാന്തിന്റെ കാര്യത്തില്‍ അദ്ദേഹം അത്തരമൊരു വിവേചനം നേരിട്ടതിനാലാണ് മരിച്ചതെന്ന് തെളിഞ്ഞാല്‍ മാത്രമേ അവര്‍ പറയുന്നത് ശരിയാണെന്ന് പറയാനാവൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്തു കൊണ്ട് കങ്കണ രംഗത്തെത്തിയിരുന്നു.
ബോളിവുഡിലെ സിനിമാ മാഫിയകളെക്കുറിച്ചും സുശാന്ത് സിംഗ് വിവേചനങ്ങള്‍ നേരിട്ടിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.
നേരത്തെ സുശാന്ത് സിംഗിന് മരിക്കുന്നതിന് തൊട്ടുമുമ്പ് ലഹരി ചേര്‍ത്ത സിഗരറ്റുകള്‍ റോള്‍ ചെയ്ത് കൊടുത്തിരുന്നുവെന്ന് വീട്ടുജോലിക്കാരന്‍ നീരജ് സിംഗ് വെളിപ്പെടുത്തിയിരുന്നു.
മുംബൈ പൊലീസില്‍ നല്‍കിയ നീരജിന്റെ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകള്‍ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന് അത് താന്‍ റോള്‍ ചെയ്ത് കൊടുക്കുമായിരുന്നുവെന്നും നീരജിന്റെ മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 14 നാണ് ബാന്ദ്രയിലെ ഫ്ളാറ്റില്‍ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് സുശാന്തിന്റ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മുംബൈ പൊലീസ് എല്ലാ രേഖകളും സി.ബി.ഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസിനും മുംബൈ പൊലീസിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസന്വേഷണത്തില്‍ മുംബൈ പൊലീസ് സി.ബി.ഐക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങള്‍ മുംബൈ പൊലീസ് സി.ബി.ഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക