| Sunday, 23rd August 2020, 1:24 pm

സുശാന്ത് സിംഗ് രജ്പുത്ത് കേസ്; മരിക്കുന്നതിന് തൊട്ടുമുമ്പ് സുശാന്തിന് ലഹരി സിഗരറ്റുകള്‍ നല്‍കിയിരുന്നെന്ന് വീട്ടുജോലിക്കാരന്റെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന് മരിക്കുന്നതിന് തൊട്ടുമുമ്പ് ലഹരി ചേര്‍ത്ത സിഗരറ്റുകള്‍ റോള്‍ ചെയ്ത് കൊടുത്തിരുന്നുവെന്ന് വീട്ടുജോലിക്കാരന്‍ നീരജ് സിംഗിന്റെ വെളിപ്പെടുത്തല്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുംബൈ പൊലീസില്‍ നല്‍കിയ നീരജിന്റെ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകള്‍ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന് അത് താന്‍ റോള്‍ ചെയ്ത് കൊടുക്കുമായിരുന്നുവെന്നും നീരജിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം സുശാന്തും റിയ ചക്രബര്‍ത്തിയും ആഴ്ചയില്‍ രണ്ട് ദിവസം സുഹൃത്തുകള്‍ക്കായി പാര്‍ട്ടി നടത്താറുണ്ടായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇത്തരം സിഗരറ്റുകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ട്.

സുശാന്തിന്റ സുഹൃത്തായ സാമുവല്‍ ജേക്കബ് ലഹരി ചേര്‍ത്ത സിഗരറ്റുകള്‍ അദ്ദേഹത്തിന് റോള്‍ ചെയ്ത് കൊടുക്കുമായിരുന്നു. എന്നാല്‍ സ്ഥിരമായി സുശാന്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് നീരജ് പറഞ്ഞത്.

ജൂണ്‍ പതിന്നാലിനാണ് സുശാന്തിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സുശാന്ത് ലഹരി സിഗരറ്റുകള്‍ റോള്‍ ചെയ്ത് നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് നീരജ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സുശാന്ത് പറഞ്ഞതനുസരിച്ച് സിഗരറ്റുകളില്‍ ലഹരി നിറച്ച് സ്റ്റെയര്‍കേസിനടുത്തുള്ള അലമാരയില്‍ വെച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അലമാരയില്‍ ഒരു സിഗരറ്റു പോലും അവശേഷിച്ചിരുന്നില്ലെന്നും നീരജ് പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ 14 നാണ് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമികനിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് സുശാന്തിന്റ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മുംബൈ പൊലീസ് എല്ലാ രേഖകളും സി.ബി.ഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസിനും മുംബൈ പൊലീസിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസന്വേഷണത്തില്‍ മുംബൈ പൊലീസ് സി.ബി.ഐക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങള്‍ മുംബൈ പൊലീസ് സി.ബി.ഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights; sushant-singh-rajputs-housekeeper-alleges-he-rolled-marijuana-cigarettes-for-the-actor-shortly-before-his-demise

We use cookies to give you the best possible experience. Learn more