| Tuesday, 28th July 2020, 7:23 pm

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം; നടി റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്ത് ബീഹാര്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസ് എടുത്തു.  സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് നല്‍കിയ പരാതിയിലാണ് ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രണയത്തിന്റെ പേരില്‍ സുഷാന്തില്‍ നിന്ന് റിയ പണം കവര്‍ന്നതായും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഐ.പി.സി 406, 420, 341,323,342 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങളാല്‍ കേസ് ഫയല്‍ ചെയ്യുന്നതിന് മുംബൈയിലേക്ക് പോകാന്‍ കഴിയില്ലെന്നും ഇതിനാലാണ് പട്‌നയില്‍ കേസ് നല്‍കിയതെന്നുമാണ് സുഷാന്തിന്റെ അച്ഛന്‍ പറഞ്ഞിരിക്കുന്നത്. ചെയ്തത്.

സംഭവത്തില്‍ എഫ്.ഐ.ആര്‍ ക്ലാസിഫൈഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കോടതിയിലേക്ക് അയച്ചതായി പട്‌ന എസ്.എസ്.പി പറഞ്ഞു. നേരത്തെ
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സി.ബി.ഐ അന്വേഷണം ആരംഭിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിക്കുന്നതിനായി റിയ ചക്രബര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

നിലവില്‍ കേസ് അന്വേഷിക്കുന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥര്‍ ആദിത്യ ചോപ്ര, സഞ്ജയ് ലീല ബന്‍സാലി, ശേഖര്‍ കപൂര്‍, മുകേഷ് ഛബ്ര എന്നിവരുള്‍പ്പെടെ 38 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയെ 9 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

അതേസമയം, ആവശ്യമെങ്കില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആരംഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ പറഞ്ഞിരുന്നു.

ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more