| Thursday, 30th July 2020, 10:53 am

സുശാന്ത് സിങ്ങിന്റെ മരണം; റിയ ചക്രബര്‍ത്തിയെ കാണാനില്ല; പറ്റ്‌ന പൊലീസിന് മുന്നില്‍ ഹാജരാവാതെ നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന നടി റിയ ചക്രബര്‍ത്തിയെ മുംബൈയിലെ വീട്ടില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ പിതാവ് കെ.കെ സിങ്ങിന്റെ പരാതിക്ക് പിന്നാലെയാണ് സംഭവം.

സിങ്ങിന്റെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് റിയയ്ക്ക് ബീഹാര്‍ പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടിയുടെ മുംബൈയിലെ വീട്ടില്‍ നേരിട്ടെത്തിയെങ്കിലും അവര്‍ അവിടെ ഉണ്ടായിരുന്നില്ല. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണ് റിയ എന്നാണ് അറിയുന്നത്.

ബോളിവുഡ് താരങ്ങളായി സല്‍മാന്‍ ഖാന്‍, സജ്ഞയ് ദത്ത് തുടങ്ങിയവരുടെ കേസുകള്‍ വാദിക്കുന്ന സതീഷ് മനേഷ് സിന്‍ഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബീഹാറിലെ പറ്റ്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പറ്റ്‌നയില്‍ നിന്നുള്ള പൊലീസ് സംഘം മുംബൈയില്‍ എത്തിയതിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.

കെ.കെ സിങ് നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണമാണ് റിയയ്‌ക്കെതിരെ ഉന്നയിക്കുന്നത്. അന്വേഷണം റിയയിലാണ് കേന്ദ്രീകരിക്കേണ്ടതെന്നും സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സുശാന്തിന് ഓവര്‍ ഡോസ് മരുന്നുകള്‍ നല്‍കിയെന്നും സുശാന്തിന്റെ 17 കോടിയോളം വരുന്ന സമ്പാദ്യം റിയ കൈവശപ്പെടുത്തിയെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്.

അതേസമയം സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.

മുംബൈ പൊലീസിന്റെ നേതൃത്വത്തില്‍ കേസന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐക്ക് കേസ് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് അനില്‍ ദേശ്മുഖ് പറഞ്ഞത്.

സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more