മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ കാമുകിയായിരുന്ന റിയാ ചക്രവര്‍ത്തിക്കെതിരെ കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും അറിയപ്പെടാത്ത അല്ലെങ്കില്‍ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി സുശാന്തിന്റെ പിതാവ് പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് കെ.കെ സിങ് ബിഹാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആരോപിച്ചിരുന്നു.
തുടര്‍ന്നാണ് എന്‍ഫോഴ്‌സ്മെന്റ് കേസ് ഏറ്റെടുത്തത്. നേരത്തെ സുശാന്തും റിയയും സഹോദരനും പങ്കാളികളായി കമ്പനി തുടങ്ങിയതായും അതില്‍ നടനെ കബളിപ്പിച്ചതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കേസില്‍ സുശാന്തിന്റെയും റിയ ചക്രവര്‍ത്തിയുടെയും വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. നേരത്തെ സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് റിയയ്ക്ക് ബീഹാര്‍ പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടിയുടെ മുംബൈയിലെ വീട്ടില്‍ നേരിട്ടെത്തിയെങ്കിലും അവര്‍ അവിടെ ഉണ്ടായിരുന്നില്ല. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണ് റിയ എന്നാണ് അറിയുന്നത്. ബോളിവുഡ് താരങ്ങളായി സല്‍മാന്‍ ഖാന്‍, സജ്ഞയ് ദത്ത് തുടങ്ങിയവരുടെ കേസുകള്‍ വാദിക്കുന്ന സതീഷ് മനേഷ് സിന്‍ഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ബീഹാറിലെ പറ്റ്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പറ്റ്നയില്‍ നിന്നുള്ള പൊലീസ് സംഘം മുംബൈയില്‍ എത്തിയതിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.
കെ.കെ സിങ് നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണമാണ് റിയയ്ക്കെതിരെ ഉന്നയിക്കുന്നത്. അന്വേഷണം റിയയിലാണ് കേന്ദ്രീകരിക്കേണ്ടതെന്നും സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സുശാന്തിന് ഓവര്‍ ഡോസ് മരുന്നുകള്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.