'നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും അഭിപ്രായം പറയാന്‍ താരങ്ങള്‍ ബാധ്യസ്ഥരല്ല'; കുല്‍ഭുഷന്റെ വധശിക്ഷയെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച് ബോളിവുഡ് താരം സുശാന്ത് സിംഗ്, വീഡിയോ
Movie Day
'നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും അഭിപ്രായം പറയാന്‍ താരങ്ങള്‍ ബാധ്യസ്ഥരല്ല'; കുല്‍ഭുഷന്റെ വധശിക്ഷയെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച് ബോളിവുഡ് താരം സുശാന്ത് സിംഗ്, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2017, 9:29 pm

മുംബൈ: കുല്‍ഭുഷന്‍ യാദവിനെതിരെ വധശിക്ഷ വിധിച്ച പാക് കോടതി വിധിയെ കുറിച്ച് നിലപാട് ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്. പുതിയ ചിത്രമായ രാബ്തായുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു സംഭവം.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഭാരതി പ്രധാന്‍ ആയിരുന്നു കുല്‍ഭുഷനെതിരായ വധശിക്ഷയെ കുറിച്ച് താരത്തിന്റെ അഭിപ്രായം എന്താണെന്നു ചോദിച്ചത്. മറുപടി പറയാനായി മൈക്കെടുത്ത സുശാന്തിനെ അരികിലുണ്ടായിരുന്ന ക്രിതി സാനോന്‍ തടയുകയായിരുന്നു. സുശാന്തിന്റെ ചെവിയില്‍ ക്രിതി സംസാരിച്ചതിനു പിന്നാലെ താരം ഭാരതിയുടെ ചോദ്യത്തെ അവഗണിക്കുകയായിരുന്നു.

എന്നാല്‍ ഉത്തരം കിട്ടാതെ പിന്നോട്ട് മാറാന്‍ മാധ്യമ പ്രവര്‍ത്തക തയ്യാറായിരുന്നില്ല. ഒരു ഇന്ത്യന്‍ എന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ അറിഞ്ഞിരിക്കണമെന്നും നിലപാടെടുക്കണമെന്നും ഭാരതി പറഞ്ഞു. ഇതേ തുടര്‍ന്നാണ് താരത്തിന് ആത്മനിയന്ത്രണം നഷ്ടമായത്.

ശാന്തതയോട ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്ന സുശാന്ത് പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. താരങ്ങള്‍ രാജ്യത്തു നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണമോ എന്ന് പൊട്ടിത്തെറിച്ച സുശാന്ത് രാജ്യത്തു നടക്കുന്ന എല്ലാം നിങ്ങള്‍ക്കറിയാമോയെന്നും ഭാരതിയോട് ചോദിച്ചു.


Also Read: ‘നിങ്ങളുടെ മകള്‍ക്ക് 18 വയസുകഴിഞ്ഞില്ലേ, നല്ല ആരോഗ്യവുമുണ്ട്, അവള്‍ ഈ കുപ്പായമിട്ടാല്‍ എന്നേക്കാള്‍ ഭംഗിയുണ്ടാകും’: അപമാനിക്കാന്‍ ശ്രമിച്ച സംവിധായകന് സുരഭി നല്‍കിയ ചുട്ട മറുപടി


പിന്നീട് ഭാരതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താരം തയ്യാറായില്ല. സംഭവത്തിനു പിന്നാലെ ബോളിവുഡില്‍ സുശാന്തിന് അനുകൂലവും പ്രതികൂലവുമായി അഭിപ്രായ പ്രകടനങ്ങള്‍ സജീവമായിട്ടുണ്ട്.

റോ ചാരനാണെന്ന് ആരോപിച്ച് പാകിസ്താന്‍ പിടിയിലാക്കിയ മുന്‍ ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ വിധിയ്‌ക്കെതിരെ ഇന്ത്യ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഏതു വിധേനയും കുല്‍ഭുഷനെ നാട്ടില്‍ തിരികെ എത്തിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.