| Sunday, 14th June 2020, 3:03 pm

ഒരുപാട് സ്‌നേഹം... എന്റെ കേരളം; പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ആരാധകന്റെ പേരില്‍ ഒരുകോടി രൂപ നല്‍കിയ സുശാന്ത് സിംഗ് രജ്പുത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് സാമൂഹ്യപ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. നൂറ്റാണ്ടിലെ പ്രളയം കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ സഹായവുമായി സുശാന്തും രംഗത്തെത്തിയിരുന്നു.

കേരളം പ്രളയത്തെ നേരിടുകയാണെന്നും എന്നാല്‍ തനിക്ക് സഹായിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ ആരാധകന്റെ പേരില്‍ ഒരുകോടി രൂപയാണ് സുശാന്ത് സിംഗ് രജ്പുത് അയച്ചുകൊടുത്തത്.

ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നത്. നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും എന്നായിരുന്നു ഇതിന് സുശാന്തിന്റെ മറുപടി.

ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം എന്നും സുശാന്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു.

ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.

‘സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ.. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്നേഹം..എന്റെ കേരളം’, എന്നായിരുന്നു സുശാന്ത് പിന്നീട് കുറിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം.

2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ലോക്ക് ഡണ്‍ ആയതിനാല്‍ ഫ്‌ള്ാറ്റില്‍ ഒറ്റാക്കായിരുന്നു താമസം.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു.

ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. 12 ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനചിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more