| Saturday, 1st August 2020, 1:26 pm

ഞങ്ങള്‍ സാധാരണക്കാരാണ്, അവന് സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ല: ഞങ്ങള്‍ക്ക് നീതി ലഭിക്കണം: പ്രധാനമന്ത്രിക്ക് കത്തയയ്ച്ച് സുശാന്തിന്റെ സഹോദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് നല്‍കി സഹോദരി ശ്വേത സിംഗ്. കേസന്വേഷണം ശരിയായ ദിശയില്‍ നടത്തണമെന്നും തെളിവുകളില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ശ്വേത ട്വീറ്റ് ചെയ്തു.

സര്‍, നിങ്ങള്‍ സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെത് ഒരു സാധാരണ കുടുംബമാണ്. എന്റെ സഹോദരന് സിനിമയില്‍ ഒരു ഗോഡ്ഫാദര്‍മാരും ഇല്ല. ഞങ്ങള്‍ക്കും അത്തരം യാതൊരു സ്വാധീനവേരുകളില്ല. കേസന്വേഷണം ശരിയായ കൈകളിലാണെന്ന് ഉറപ്പുവരുത്തണമെന്ന് അങ്ങയോട് അപേക്ഷിക്കുകയാണ്. ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു- ഇതായിരുന്നു ശ്വേതയുടെ ട്വീറ്റ്.

കഴിഞ്ഞ ജൂണ്‍ പതിന്നാലിനാണ് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ കാമുകിയായിരുന്ന റിയാ ചക്രവര്‍ത്തിക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും അറിയപ്പെടാത്ത അല്ലെങ്കില്‍ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി സുശാന്തിന്റെ പിതാവ് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് കെ.കെ സിങ് ബിഹാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആരോപിച്ചിരുന്നു.

തുടര്‍ന്നാണ് എന്‍ഫോഴ്സ്‌മെന്റ് കേസ് ഏറ്റെടുത്തത്. നേരത്തെ സുശാന്തും റിയയും സഹോദരനും പങ്കാളികളായി കമ്പനി തുടങ്ങിയതായും അതില്‍ നടനെ കബളിപ്പിച്ചതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more