നിലമ്പൂര്‍: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി യൂട്യൂബറും ചാരിറ്റി പ്രവര്‍ത്തകനുമായ സുശാന്ത് നിലമ്പൂര്‍. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിച്ച ശേഷമാണ് പ്രതികരണം.
‘പിടികിട്ടാപുള്ളി സുശാന്ത് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍’ എന്ന പരിഹാസ ക്യാപ്ഷന്‍ നല്‍കി ചെയ്ത ഫേസ്ബുക്ക് ലൈവിലായിരുന്നു വിശദീകരണവുമായ സുശാന്ത് രംഗത്തെത്തിയത്.
തന്നെ പിടികിട്ടാപ്പുള്ളിയായി ചിലര്‍ ചിത്രീകരിക്കുകയാണെന്നും എന്നാല്‍ തന്റെ അശ്രദ്ധ കാരണമാണ് 2018ല്‍ നടന്ന സംഭവത്തില്‍ ഇപ്പോള്‍ അറസ്റ്റ് നടന്നതെന്നും സുശാന്ത് നിലമ്പൂര്‍ പറയുന്നു.
ചെറിയൊരു വാക്ക് തര്‍ക്കമുണ്ടായ കേസാണ്. അല്ലാതെ എന്റെ ചാരിറ്റിയുമായി ബന്ധപ്പെട്ട കേസൊന്നുമല്ല. കോടതിയുടെ നടപടി ക്രമത്തിന്റെ ഭാഗമായാണ് എന്നെ അറസ്റ്റ് ചെയ്ത്. ഇതിന് മുമ്പ് മോശം അനുഭവം ഉണ്ടായിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്നും നല്ല പെരുമാറ്റമായിരുന്നു. പൊലീസ് ചായ വേണോ എന്ന് പോലും ചോദിച്ചു.
നാട്ടില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറുകയാണെന്നും സുശാന്ത് നിലമ്പൂര്‍ പറഞ്ഞു. കേസ് നേരത്തേ ആര്യാടന്‍ ഷൗക്കത്തിന്റെ മധ്യസ്ഥതയില്‍ തീര്‍ത്തതാണെന്നും സുശാന്ത് നിലമ്പൂര്‍ വ്യക്തമാക്കി.
‘എന്റെ വീടിന്റെ തൊട്ടടുത്ത വീട്ടിലെ ഭര്‍ത്താവ് മദ്യപിച്ച് വന്ന് ഭാര്യയെ നിരന്തരം മര്‍ദിക്കുന്നതിനെതിരെ നാട്ടുകാരെല്ലാം ചേര്‍ന്ന് ഒരു പരാതി പൊലീസില്‍ നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇവരുടെ മോന്‍ സുഭാഷുമായി ചെറിയൊരു വാക്ക് തര്‍ക്കമുണ്ടായി. മോന്‍ എനിക്കെതിരെയും ഞാനയാള്‍ക്കെതിരെയും പരാതി കൊടുത്തിട്ടുണ്ടായിരുന്നു. അതിനു ശേഷം സുഭാഷ് ദുബായിലേക്ക് പോയി.
കോടതിയുടെ നടപടി ക്രമത്തിന്റെ ഭാഗമായാണ് എന്നെ അറസ്റ്റ് ചെയ്ത്. കാരണം കോടതിയില്‍ നിന്ന് സമന്‍സ് വന്നപ്പോള്‍ ഞാന്‍ ഹാജരായിട്ടില്ല. ഒരു വട്ടം സമന്‍സ് വന്നപ്പോള്‍ ഞാന്‍ മൈസൂരായിരുന്നു. പിന്നെ ഞാന്‍ അക്കാര്യം മറക്കുകയും ചെയ്തു.
പൊലീസിന്റെ ഭാഗത്ത് നിന്നും നല്ല പെരുമാറ്റമായിരുന്നു. നാട്ടില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറുകയാണ്. നാളെ രാവിലെ ചെന്നൈയിലേക്ക് പോവും. അവിടെ നിന്ന് ബെംഗളൂരോ അല്ലെങ്കില്‍ മുംബൈയിലേക്കോ പോവും,’ സുശാന്ത് പറഞ്ഞു.
അതേസമയം, വണ്ടൂര്‍ പൊലീസ് മമ്പാട് തെക്കുംപാടത്തുള്ള സുശാന്തിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. അയല്‍വാസിയായ സുഭാഷ് എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2018ലാണ് കേസിനാസ്പദമായ സംഭവം
2018 ഫെബ്രുവരിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് സുശാന്ത് അയല്‍വാസിയായ സുഭാഷിനെ മര്‍ദിച്ചിരുന്നു. അന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ സുശാന്ത് പിന്നീട് പല തവണ സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരായിരുന്നില്ല.
ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇന്ന് രാവിലെ 6.30ന് സുശാന്തിന്റെ മമ്പാട് തെക്കുംപാടത്തുള്ള വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTNT HIGHLIGHTS: Sushant Nilambur, a YouTuber and a charity activist, reacted to the police arrest