ന്യൂദല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയേയും ഭാര്യയേയും പാകിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പാക് മാധ്യമങ്ങള്‍ ബാലിശമായ ചോദ്യങ്ങള്‍ ചോദിച്ച് ഇരുവരെയും അപമാനിക്കുകയായിരുന്നെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
ഇരുവരുടെയും താലിയും ചെരുപ്പും ഊരിവാങ്ങുകയും ഭാര്യയുടെ ചെരുപ്പില്‍ ചിപ്പുണ്ടെന്ന് പറഞ്ഞ നടപടിയും ശുദ്ധ അസംബന്ധമാണെന്നും സുഷമ പറഞ്ഞു. രാജ്യസഭയിലായിരുന്നു സുഷമയുടെ പ്രതികരണം.
” വിമാനത്തില്‍ കയറുന്നതിനു മുന്‍പ് തന്നെ എല്ലാ വിധ സുരക്ഷ പരിശോധനയും കഴിഞ്ഞിരുന്നു. കുല്‍ഭൂഷണിന്റെ അമ്മയേയും ഭാര്യയേയും വിധവയുടെ വേഷമണിയിക്കാനായിരുന്നു പാകിസ്ഥാന്റെ ഉദ്ദേശ്യം.”
തെറ്റായ നടപടിയിലൂടെയാണ് പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതെന്നും രാജ്യമൊന്നടങ്കം കുല്‍ഭൂഷണ്‍ ജാദവിനൊപ്പം നില്‍ക്കണമെന്നും സുഷമ പറഞ്ഞു.
കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മ അവന്തി ജാദവിനെയും ഭാര്യ ചേതന്‍കുലിനെയും പാകിസ്ഥാന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജാദവിനോട് മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാദവിന്റെ ഭാര്യയുടെ താലി ഉള്‍പ്പെടെയുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടെന്നും മാതൃഭാഷ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് ഇന്ത്യന്‍ മന്ത്രാലയം ആരോപിച്ചത്.