കാത്തിരിക്കേണ്ട, ബ്ലോക്ക് ചെയ്തു; ട്വിറ്ററില്‍ അധിക്ഷേപിച്ച യുവതിക്ക് സുഷമ സ്വരാജിന്റെ മറുപടി
national news
കാത്തിരിക്കേണ്ട, ബ്ലോക്ക് ചെയ്തു; ട്വിറ്ററില്‍ അധിക്ഷേപിച്ച യുവതിക്ക് സുഷമ സ്വരാജിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 5:40 pm

ന്യൂദല്‍ഹി: പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്തിയ മിശ്ര വിവാഹിതരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനെതിരെ ട്വിറ്ററില്‍ വീണ്ടും അധിക്ഷേപങ്ങള്‍.

സംഭവത്തില്‍ സുഷമക്കെതിരെ സോനം മഹാജന്‍ എന്ന അക്കൗണ്ടിലുയര്‍ന്ന ട്വീറ്റ് ഇങ്ങനെ- “നല്ല ദിനങ്ങള്‍ വന്നുകഴിഞ്ഞു. സുഷമാജീ, ഒരിക്കല്‍ ഞാന്‍ നിങ്ങളുടെ വലിയ ആരാധികയായിരുന്നു. നിങ്ങളെ ചീത്തവിളിച്ചവരോടു ഞാന്‍ പോരടിച്ചു. എന്നെ ബ്ലോക്ക് ചെയ്യൂ, ഞാന്‍ കാത്തിരിക്കുന്നു”.

സുഷമയെ പരിഹസിച്ച ട്വീറ്റിന് അധികം വൈകാതെ മന്ത്രിയുടെ മറുപടിയുമെത്തി “എന്തിനാണ് കാത്തിരിക്കുന്നത്, ബ്ലോക്ക് ചെയ്തല്ലോ”. സുഷമയുടെ മറുപടി നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലായി.


Also Read:  അഭിമന്യുവിനെ കൊന്നത് സ്വയം രക്ഷയ്‌ക്കെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി


സുഷമക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വിയോജിപ്പ് അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ രാജ്‌നാഥ് സിങ് മാത്രമാണ് വിഷയത്തില്‍ പ്രതികരിച്ചത്.

സംഘപരിവാര്‍ ഗ്രൂപ്പുകള്‍ തന്നെയാണ് സുഷമക്കെതിരെ അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് എന്നാണ് സൂചന. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് അനസ് സിദ്ദീഖി, ഭാര്യ തന്‍വി സേഥ് എന്നിവര്‍ക്കാണ് പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥനില്‍ നിന്നും മോശം അനുഭവമുണ്ടായത്.

പാസ്‌പോര്‍ട്ട് എടുക്കാന്‍ ലഖ്‌നൗവിലെ ഓഫീസില്‍ എത്തിയപ്പോള്‍ അനസ് സിദ്ദീഖിനോട് മതം മാറാനായിരുന്നു ആവശ്യം. വിദേശയാത്രയിലായിരുന്ന മന്ത്രി തിരിച്ചെത്തിയയുടന്‍ ഉദ്യോഗസ്ഥനായ വികാശ് മിശ്രയെ സ്ഥലം മാറ്റി.


Also Read:  ആസിഡ് ആക്രമണത്തിനിരയാക്കിയ യുവതിയെ തന്നെ വിവാഹം കഴിച്ചു; പ്രതിയെ ശിക്ഷയില്‍ നിന്നുമൊഴിവാക്കി ബോംബെ ഹൈക്കോടതി


ഇതിനു പിന്നാലെയാണ് മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. തന്നെ ചീത്തവിളിക്കുന്ന ട്വീറ്റുകള്‍ ഉള്‍പ്പെടുത്തി മന്ത്രി ട്വിറ്ററില്‍ ഒരു പോള്‍ സംഘടിപ്പിച്ചിരുന്നു.