ന്യൂദല്‍ഹി: ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ട വാര്‍ത്ത തള്ളി മുതിര്‍ന്ന ബി.ജെ.പി നേതാവും വിദേശ കാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട സുഷമയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ട്വീറ്റ് ചെയ്തതിന് ശേഷമാണ് അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് സുഷമ രംഗത്തെത്തിയത്.
‘എന്നെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചു എന്ന വാര്‍ത്ത സത്യമല്ല’- സുഷമ തന്റെ ട്വിറ്ററില്‍ കുറിച്ചു.
The news about my appointment as Governor of Andhra Pradesh is not true.
— Sushma Swaraj (@SushmaSwaraj) June 10, 2019
‘ആന്ധ്രപ്രദേശിന്റെ ഗവര്‍ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവും, മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന് എന്റെ അഭിനന്ദനങ്ങള്‍’- എന്നായിരുന്നു ഹര്‍ഷ് വര്‍ധന്റെ ട്വീറ്റ്. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു.
മന്ത്രിയുടെ ട്വീറ്റിന് പിന്നാലെ സുഷമയ്ക്ക് അഭിന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.
ഹരിയാന സര്‍ക്കാറിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് അംഗവും, ദല്‍ഹിയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു സുഷമ. ഒന്നാം മോദി സര്‍ക്കാറില്‍ ഏറ്റവും കൂടുതല്‍ പ്രശംസ നേടിയതും സുഷമ കൈകാര്യം ചെയ്ത വിദേശകാര്യ വകുപ്പിനായിരുന്നു.
2014ല്‍ അധികാരത്തിലെത്തിയതിന് ശേഷം മുതിര്‍ന്ന നിരവധി നേതാക്കളെ ബി.ജെ.പി ഗവര്‍ണര്‍മാരായി നിയമിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍, സത്യപാല്‍ മാലിക്, രാം നായിക്, നെജ്മ ഹെപ്തുള്ള, കിരണ്‍ ബേദി തുടങ്ങിയവര്‍ ഗവര്‍ണര്‍ സ്ഥാനം അലങ്കരിക്കുന്നതിന് മുമ്പ് ബി.ജെ.പി നേതൃനിരയിലുണ്ടായിരുന്നു.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുഷമ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു. സുഷമയെ കൂടാതെ, അദ്വാനി, മുരളി മനോഹര്‍ ജോഷി, സുമിത്ര മഹാജന്‍ തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.