| Monday, 15th April 2019, 11:40 pm

സുരേഷ്‌ഗോപിക്ക് നോട്ടീസ് അയച്ചത് അഭുതപ്പെടുത്തുന്നു; ഇതെന്ത് തെരഞ്ഞെടുപ്പെന്ന് സുഷമ സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താൻ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് എതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നോട്ടീസ് അയച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. നോട്ടീസ് അയച്ച തെരഞ്ഞടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ തനിക്ക് മനസ്സിലാകുന്നില്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തതതയില്ലെന്നും അതിനാലാണ് ഈ വിഷയം അവരുടെ പ്രകടനപത്രികയില്‍ ഇല്ലാതെ പോയതെന്നും സുഷമ സ്വരാജ് പറഞ്ഞു. ‘ഈ വിഷയത്തില്‍ ബി.ജെ.പി. വെറുതെ വായ ഉണ്ട് അധ്വാനിക്കുക മാത്രല്ല ചെയ്തത്. ബി.ജെ.പി. പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പോരാടി. ഇക്കാര്യത്തിൽ നമ്മുടെ രണ്ട് സ്ഥാനാര്‍ത്ഥികളായ ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും നൂറിലധികം കേസുകള്‍ ഉണ്ട്.’ സുഷമ പറഞ്ഞു.

‘യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ് ബാബുവിനെ രണ്ട് ദിവസം മുന്‍പാണ് ജയിലിൽ നിന്നും വിട്ടയച്ചത്. നീണ്ട പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് നമ്മള്‍ കടന്നുപോയത്, ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇത്തരത്തിലുളള അതിക്രമത്തിന് മുന്നില്‍ തലകുനിച്ചില്ല.’ അവർ പറഞ്ഞു.

സുരേഷ് ഗോപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണെന്നും ഇത് എന്തുതരം തെരഞ്ഞെടുപ്പാണെന്നും സുഷമ സ്വരാജ് ചോദിച്ചു. ഭക്തർക്ക് അവര്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പറയാനാകുന്നില്ല. ഈ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള (കേരളത്തിലെ) സർക്കാരിനെ പിഴുതെറിയാനാണ് ഈ തെരഞ്ഞെടുപ്പെന്നും സുഷമ സ്വരാജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more