എല്ലാം ശരിയാക്കി എന്ന എന്റെ വിചാരമാണ് പുല്ലുവിള കടപ്പുറത്ത് വച്ച് ഇല്ലാതായത്: സൂസെപാക്യം
Daily News
എല്ലാം ശരിയാക്കി എന്ന എന്റെ വിചാരമാണ് പുല്ലുവിള കടപ്പുറത്ത് വച്ച് ഇല്ലാതായത്: സൂസെപാക്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th August 2016, 2:38 pm

തിരുവനന്തപുരം: പാവങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാതെ സര്‍ക്കാര്‍ പണം കൂട്ടിവച്ചാല്‍ ദൈവം ശിക്ഷിക്കുമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത ഡോ. സൂസപാക്യം.

എന്തിനാണ് ഇടവകകളില്‍ പണം കൂട്ടിവെയ്ക്കുന്നത്. നമ്മുടെ സഹോദരിയെ കാട്ടിലോ, മേട്ടിലോ വെച്ചല്ല മൃഗങ്ങള്‍ കടിച്ചുകീറിയത്. കടപ്പുറത്ത് അവര്‍ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ പോയപ്പോഴാണ്.

ഇതിനെക്കാള്‍ ദയനീയമായി മറ്റെന്തുണ്ട്. പാവങ്ങള്‍ക്ക് വേണ്ടി പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നവര്‍ക്ക് ദൈവശിക്ഷ കിട്ടുമെന്നും സൂസെപാക്യം പറഞ്ഞു. .

തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സഹോദരിയുടെ കടപ്പുറത്തെ വീട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ വല്ലാതെ നാണിച്ച് തലകുനിച്ചുപോയി. തീരദേശത്ത് ഇപ്പോഴും കക്കൂസുകള്‍ ഇല്ലാത്ത സമുദായ അംഗങ്ങള്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം തന്റെ കണ്ണുനനയിക്കുന്നു

എല്ലാം ശരിയാക്കി എന്ന എന്റെ വിചാരമാണ് പുല്ലുവിള കടപ്പുറത്ത് വച്ച് ഇല്ലാതായത്. ജപമാല ജപിക്കുന്നത് നല്ലതാണ്. പക്ഷെ അത് ജപിച്ചിരുന്നിട്ട് മാത്രം കാര്യമില്ല. ത്യാഗത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളയമ്പലത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.