എന്റെ ചിന്തകള്‍ എപ്പോഴും സ്വതന്ത്രമായിരിക്കും: സൂസന്‍ നേതന്‍
Dool Talk
എന്റെ ചിന്തകള്‍ എപ്പോഴും സ്വതന്ത്രമായിരിക്കും: സൂസന്‍ നേതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th March 2012, 10:25 pm


വി
സ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇസ്രയേലി എഴുത്തുകാരി സൂസന്‍ നേതനെതിരെ നാടുകടത്തല്‍ നോട്ടീസ് കുറച്ചു ദിവസത്തിനു മുമ്പാണ് അധികൃതര്‍ പുറപ്പെടുവിച്ചത്. പോലീസ് കമ്മീഷ്ണറും വിദേശ രജിസ്‌ട്രേഷന്‍ ഓഫീസറുമായ ജി. സ്പര്‍ജന്‍ കുമാറിനോട് അറുപത്തിരണ്ടുകാരിയായ സൂസന്‍ നേതനെ ഇസ്രയേലിലേക്ക് നാടുകടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ജനിച്ച ജൂത എഴുത്തുകാരി സൂസന്‍ നേതന്‍ കോഴിക്കോട്ടെ ശ്രീനിവാസ് വീട്ടില്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. കോഴിക്കോട്ടെ ഒന്നര വര്‍ഷത്തെ ജീവിതത്തിനിടയില്‍ “ഇസ്രയേലിന്റെ മറ്റൊരു വശം” (The Other Side of Israel) എന്ന സൂസന്‍ നേതന്റെ ലോകപ്രശസ്ത പുസ്തകം അബ്ദുള്ള മണിമ അദര്‍ ബുക്‌സിലൂടെ (Other Books) മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു.

ഇസ്രയേലിലെ പാര്‍ശ്വവത്കരിക്കപ്പെട്ട അറേബ്യന്‍ ജനത നേരിടുന്ന അവഗണനയും അടിച്ചമര്‍ത്തലുകളും സൂസന്‍ നേതന്‍ തന്റെ പുസ്തകത്തിലൂടെ നഗ്നമായി തുറന്നു കാട്ടുന്നു. ഇസ്രയേലീ ജൂതര്‍ക്കും ഇസ്രയേലീ അറബികള്‍ക്കുമിടയിലുള്ള അദൃശ്യമായ മതിലിനെക്കുറിച്ച് മുഴങ്ങുന്ന ശബ്ദത്തില്‍ ഇടറാതെ അവര്‍ ലോകത്തോട് വിളിച്ചു പറയുകയും; മതത്തിന്റെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകള്‍ പരിഗണിക്കാതെ സമത്വവും തുല്ല്യനീതിയും ലോകത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

മനസ്സിലുള്ളത് തുറന്ന് പറയാന്‍ ഭയമില്ലാത്ത, സാമ്പ്രദായിക രീതികളോട് കലഹിക്കുന്ന വിപ്ലവകാരിയായാണ് സൂസന്‍ നേതന്‍ അറിയപ്പെടുന്നത്. അവരുടെ പിതാവ് ജനിച്ച സൗത്ത് ആഫ്രിക്കയില്‍ വര്‍ണ്ണ വിവേചന കാലഘട്ടത്തില്‍ ഏതാനും വര്‍ഷങ്ങള്‍ സൂസന്‍ ജീവിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തെ പതിനാറാമത്തെ വയസ്സില്‍ തന്നെ അവര്‍ ചോദ്യം ചെയ്തിരുന്നു.

1999ലെ വിവാഹ മോചനത്തിനു ശേഷം അതുവരെയുണ്ടായിരുന്ന സുരക്ഷിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി, ഒറ്റപ്പെട്ടുകിടന്ന 25,000 ത്തോളം വരുന്ന മുസ്ലിംങ്ങള്‍ മാത്രം വസിച്ചിരുന്ന തമാര എന്ന പ്രദേശത്ത് സൂസന്‍ താമസം തുടങ്ങി. ദക്ഷിണാഫ്രിക്കയിലെന്ന പോലെ “”ഭൂ വിവേചനം എന്ന നയം രണ്ടു ജനവിഭാഗങ്ങള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കുന്ന രാജ്യം”” എന്നാണ് ജൂത സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തിക്കൊണ്ട് താന്‍ സ്‌നേഹിക്കുന്ന രാജ്യത്തെ അവര്‍ വിമര്‍ശിച്ചത്. കാലം അവരുടെ മുഖത്ത് ചുളിവുകള്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും അടിയറ വെക്കാത്ത ആത്മവീര്യത്തെ സ്പര്‍ശിക്കാന്‍ പോലും സാധിച്ചിട്ടില്ല.

ഇസ്രയേലി ഗവണ്‍മെന്റിനെതിരായ നിലപാടുകളാലും ഇസ്രയേലിലെ അറേബ്യന്‍ ജനതയ്ക്കനുകൂലമായ മനുഷ്യാവകാശ ചിന്തകളാലും സംശയത്തിന്റെ കണ്ണുകളിലൂടെയാണ് അധികൃതര്‍ സൂസനെ നോക്കുന്നത്. കുറച്ചു നാളുകളായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുമാണ് അവര്‍. പോലീസിന്റെ നിരീക്ഷണത്തിലുള്ള ചില വ്യക്തികളുമായും ഗ്രൂപ്പുകളുമായും ബന്ധപ്പെടുന്നതാണ് പ്രത്യക്ഷത്തില്‍ സൂസനെ വിസ ചട്ട ലംഘനം ആരോപിച്ച് പോലീസ് നിരീക്ഷിക്കാന്‍ കാരണം.

തന്റെ മേലുള്ള കേസിനെക്കുറിച്ചും ഇസ്രയേലിനെയും ഇറാനെയും കുറിച്ചുള്ള തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളെക്കുറിച്ചും പുതിയ പുസ്തകത്തെക്കുറിച്ചും സൂസന്‍ നേതന്‍ ഡൂള്‍ന്യൂസ് കോപ്പി എഡിറ്റര്‍ നിരാഞ്ജലി വര്‍മ്മയുമായി സംസാരിച്ചതിന്റെ മലയാള വിവര്‍ത്തനമാണ് ചുവടെ.

വിവര്‍ത്തനം: റഫീഖ് മൊയ്തീന്‍

നിങ്ങള്‍ രാജ്യം വിട്ടു പോകണമെന്ന് ഉത്തരവ് പുറപ്പെടുവിക്കാന്‍ എന്താണ് കാരണം? എന്തെല്ലാം കുറ്റങ്ങളാണ് നിങ്ങള്‍ക്കെതിരില്‍ ചുമത്തിയിരി ക്കുന്നത്? എന്തു കൊണ്ടാണ് ഇത്തരത്തിലുള്ള നടപടി നിങ്ങള്‍ക്കെതിരെ ഉണ്ടായത്?

എന്റെ വിസാ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തങ്ങിയത് കൊണ്ടാണ് അത്തരത്തില്‍ ഒരു ഉത്തരവ് ഉണ്ടായത്. വിസാ കാലവധി കഴിഞ്ഞിട്ടും ഇവിടെ തങ്ങുന്നത് ഒരു ക്രിമിനല്‍ കുറ്റമാണ് എന്ന് പോലീസ് നിങ്ങളോട് വന്ന് പറയാന്‍ സാധ്യതയില്ല. സ്വയ രക്ഷയും എനിക്കെതിരെയുള്ള കേസും കണക്കിലെടുത്ത് കൂടുതലൊന്നും വിവരിക്കാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കില്ല. നിങ്ങള്‍ അക്കാര്യം ഉള്‍കൊള്ളണം.

എല്ലാ കഥയ്ക്കും ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കും. ചിലപ്പോള്‍ സത്യം പുറത്തു വരുന്നത് വരെ നിങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നേക്കും. കാരണം, നിങ്ങള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് എന്ന് അപ്പാഴാണ് നിങ്ങള്‍ക്ക് മനസസിലാകുക. എന്നെയും എന്റെ കേസിനെയും വഴിതിരിച്ചു വിടുന്ന ഒന്നും പറയാനോ ചെയ്യാനോ എനിക്കാഗ്രഹമില്ല. ഇതുമാത്രമാണ് എനിക്ക് പറയാനുള്ളത്-അവസാനം സത്യം പുറത്തു വരിക തന്നെ ചെയ്യും.

ഞാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ലോകത്താകമാനം അറിയപ്പെടുന്ന ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയുടെ ഭാഗമായ വളരെ ശക്തമായ ഒരു നീതിന്യായ സംവിധാനമാണ് നിങ്ങള്‍ക്കുള്ളത്. ഈ കേസില്‍ നീതി നടപ്പാകുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഒരു ഇസ്രായേലി ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗവും നാലാമത്തെ വലിയ സൈന്യവും ഞങ്ങള്‍ക്കുണ്ട്. എന്നെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു രാജ്യം എനിക്കുള്ളതില്‍ ഞാന്‍ അഭിമാനിക്കുന്നു.

പോലീസ് ഏതെങ്കിലും തരത്തില്‍ വിലക്കോ നിയന്ത്രണമോ നിങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

ഇതുവരെ ഇല്ലായിരുന്നു, പക്ഷേ ഇപ്പോള്‍ ഉണ്ട്. ഞാനിപ്പോള്‍ നിരീക്ഷണത്തിലാണ്. എന്നെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത് എന്നാണ് അവര്‍ പറയുന്നത്. പക്ഷേ, ഞാന്‍ പറയുന്നു-അവര്‍ എന്നെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണ്. ഞാന്‍ പലരോഗങ്ങളാലും ബുദ്ധമുട്ട് അനുഭവിക്കുന്നുണ്ട്. സ്ഥിരമായി ശക്തിയുള്ള മരുന്നുകള്‍ എനിക്ക് കഴിക്കേണ്ടി വരുന്നു. എന്റെ ആരോഗ്യം ബാലന്‍സ് ചെയ്യാന്‍ മുടങ്ങാതെ മരുന്ന് കഴിക്കേണ്ടതുണ്ട്. എനിക്ക് കഴിക്കേണ്ട മരുന്ന് തീര്‍ന്നിരിക്കുന്നു. മരുന്നുകള്‍ വാങ്ങാന്‍ എനിക്ക് ഫാര്‍മസിയില്‍ പോകണം. എന്നാല്‍ പോലീസ് കമ്മീഷ്ണര്‍ പറയുന്നത്, ഞാന്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നാണ്. ഇന്ത്യയില്‍ ഇതിനു പേര് “നിരീക്ഷണം” എന്നായിരിക്കും. എന്നാല്‍ ലോകത്ത് മറ്റെല്ലായിടത്തും ഇതിന് പേര് വീട്ടുതടങ്കല്‍ എന്നാണ്.

ഞാന്‍ “നിരീക്ഷണത്തിലാണെ”ന്ന് എന്നോട് പറയാതിരിക്കുക. ഞാന്‍ അത്രക്ക് വിഡ്ഡിയല്ല. വളരെ അനുഭവങ്ങളുള്ള വ്യക്തിയാണ് ഞാന്‍. വര്‍ണ്ണ വിവേചനമുള്ള ആഫ്രിക്ക ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ കുടുംബം ജീവിച്ചിരുന്നത് ആഫ്രിക്കയിലായിരുന്നു. ഞാന്‍ യുദ്ധബാധിത പ്രദേശത്ത് ജീവിച്ചിട്ടുണ്ട്. ജീവന്‍ നിലനിര്‍ത്താനുള്ള മരുന്ന് പോലും ഒരാള്‍ക്ക് അനുവദിക്കുന്നില്ലെങ്കില്‍ അത് അപമാനമാണ്. ഇത് നിങ്ങളുടെ ജനാധിപത്യത്തിന് അപമാനമാണ്. നിങ്ങളുടെ രാജ്യത്തിനും കേരളത്തിനും പോലീസിനും ഇത് അപമാനമാണ്. ടൂറിസ്റ്റുകള്‍ എന്തുകൊണ്ട് ഇവിടെ വരാന്‍ ആഗ്രഹിക്കും? എന്റെ ഈ അവസ്ഥ ലോകം മുഴുവന്‍ അറിയുന്നുണ്ട് എന്ന് മനസ്സിലാക്കുക.

ഞാന്‍ ഇസ്രായേലിലും ദക്ഷിണാഫ്രിക്കയിലുമായി അഭിമുഖീകരിച്ച സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഒന്നുമല്ല. ഇതിനു മുമ്പ് എന്റെ വിസ നീട്ടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ഇപ്പോഴും വിസ നീട്ടാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. ഇതെല്ലാം പോലീസ് കെട്ടച്ചമച്ചതാണ്.

രാഷ്ട്രീയ-സാമുദായിക പാര്‍ട്ടികളില്‍ നിന്നോ ഗ്രൂപ്പുകളിലില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ ഭീഷണിയോ നിങ്ങള്‍ നേരിടുന്നുണ്ടോ?

ഇല്ല, തീരെയില്ല. എനിക്കാകെ പറയാനുള്ളത്-ബെല്‍ജിയത്തില്‍ ജോലി ചെയ്യുന്ന ഒരു പ്രൊഫസര്‍ എന്റെ വക്കീലിന് എഴുതുകയുണ്ടായി. ഞാന്‍ പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ എന്ന അസുഖം അനുഭവിക്കുന്നുണ്ടെന്ന് അതില്‍ പറഞ്ഞിരുന്നു. അതായത് എനിക്ക് രാത്രിയില്‍ ഉറക്കമില്ല, റോഡില്‍ പോലീസ് വാഹനം കാണുമ്പോഴേക്കും ഞാന്‍ വളരെ അസ്വസ്ഥയാകുന്നു. എന്നെ സന്ദര്‍ശിക്കുന്ന ആളുകളെക്കുറിച്ച് ഞാന്‍ സംശയാലുവാകുന്നു. നിസാരമായ ചോദ്യങ്ങള്‍ക്ക് പോലും പ്രതിരോധിച്ചു കൊണ്ടാണ് ഞാന്‍ മറുപടി പറയുന്നത്.

ഇങ്ങിനെയാണ് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഒരാളെ ബാധിക്കുന്നത്. ഇത് നമ്മുടെ ഏകാഗ്രതയെ ബാധിക്കുന്നു. ഇത് മറികടക്കാന്‍ സമയമെടുക്കും. അതിനാല്‍ ഇവിടെ എനിക്ക് പ്രത്യേക സംരക്ഷണവും സൂക്ഷമതയും ആവശ്യമുണ്ട്. എനിക്കതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹമില്ല. അതെന്റെ കുടുംബത്തെ ഇല്ലാതാക്കി, എന്റെ മക്കളെ ഇല്ലാതാക്കി.

ഇസ്രയേലിലെ അനുഭവത്തിന്റെ പ്രതിഫലനമല്ല അത്. ഇപ്പോള്‍ ഞാന്‍ ഇവിടെയാണ്. ഇവിടെ വന്നത് മുതല്‍ക്കാണ് ഇത് ആരംഭിച്ചത്. യുദ്ധത്തില്‍ നിന്നും പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് എന്നെപ്പോലുള്ള ഒരാള്‍ക്ക് ബാധിക്കില്ല. യുദ്ധം എന്നെ തകര്‍ത്തിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ അതല്ല ഇതിനുള്ള കാരണം.

എന്നെക്കുറിച്ചുള്ള കെട്ടിച്ചമച്ച കഥകള്‍ പ്രചരിക്കുന്നതാണ് എന്നെ ബാധിച്ചിരിക്കുന്നത്. എന്റെ ചുറ്റും സംശയത്തിന്റെ ഒരു ധൂമപടലം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് ഈ സംശയത്തെ ശക്തമായ തെളിവുകളോടെ പിന്തുണക്കാന്‍ സാധിച്ചിട്ടില്ല. ഇതാണ് എന്നെ നശിപ്പിച്ചത്. പക്ഷേ ഞാന്‍ എന്റെ പോരാട്ടം നിര്‍ത്തിവെയ്ക്കും എന്നല്ല ഇതിനര്‍ത്ഥം.

Susan Nathan, The Israeli writer, “The Other Side of Israel” നിങ്ങളുടെ പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള വിവാദം നിലനില്‍ക്കുന്നുണ്ടോ? പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനത്തില്‍ നിങ്ങള്‍ സന്തുഷ്ടയാണോ?

എന്റെ പുസ്തകത്തിന്റെ യഥാര്‍ത്ഥ തലക്കെട്ട് “The Other Side of Israel: My Journey across the Jewish – Arab Divide” എന്നാണ്. അവരത് “ഇസ്രയേല്‍: ആത്മവഞ്ചനകളുടെ പുരാവൃത്തം” (Israel: The Chronicle of Self Deception) എന്നാക്കി മാറ്റി.

മോശമായാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. ഇംഗ്ലീഷ് വേര്‍ഷനോട് നീതിപുലര്‍ത്തിക്കൊണ്ടും സത്ത ചോര്‍ന്ന് പോകാതെയും ഞാന്‍ എഴുതിയത് പോലെ ഡോ. എം.കെ മുനീര്‍ അതിന്റെ ഭംഗിയുള്ള വിവര്‍ത്തനം ചെയ്യുന്നതായിരിക്കും.

ഉന്നത നിലവാരമുള്ള പ്രൊഫഷണല്‍ വിവര്‍ത്തകന്മാരാല്‍ തങ്ങളുടെ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെടണമെന്നുള്ള നിര്‍ബന്ധം ഞാനടക്കമുള്ള എല്ലാ എഴുത്തുകാര്‍ക്കും ഉണ്ട്. ഒരു പുസ്തകത്തിന്റെ യഥാര്‍ത്ഥ വികാരം പ്രതിഫലിപ്പിക്കുന്നതായിരിക്കണം അതിന്റെ വിവര്‍ത്തനം. വെറും വാക്കുകള്‍ക്കൊണ്ടുള്ള വിവര്‍ത്തനത്താല്‍ അതിന്റെ സത്ത പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല.

പുസ്തകത്തിന്റെ സത്ത ചോര്‍ന്ന് പോകാതെ ഞാന്‍ എഴുതിയത് അതേപടി തന്നെയായിരിക്കണം വിവര്‍ത്തകന്‍ മൊഴിമാറ്റേണ്ടത്. അത് വളരെ പ്രാധാന്യമുള്ളതാണ്. ഈ പാഠം ഞാന്‍ പഠിച്ചത് ഇവിടെ കേരളത്തില്‍ വെച്ചാണ്. തലക്കെട്ട് മാറ്റിയിട്ടുണ്ടെങ്കില്‍ ചില ആളുകളുടെ അജണ്ടയ്ക്ക് അനുസരിച്ച് അത് ഉപയോഗിക്കാന്‍ സാധിക്കും. അതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.

“ഇസ്രയേലിന്റെ മറ്റൊരു വശം” എന്ന നിങ്ങളുടെ പുസ്തകം ലോകത്തെ എങ്ങിനെയാണ് സ്വധീനിച്ചിട്ടുണ്ട്?

ഇസ്രയേലില്‍ ജനിച്ച അറബികളുടെയും ജൂതന്മാരുടെയും മാനസികാവസ്ഥയും നിലപാടുകളും വ്യക്തമാക്കുന്ന പശ്ചിമേഷ്യയില്‍ നിന്നും പുറത്ത് വന്ന ആദ്യത്തെ പുസ്തകമാണത്. ഇസ്രയേലീ ഭരണത്തിനു കീഴില്‍ അറബികള്‍ അഭിമുഖീകരിക്കുന്ന അസമത്വത്തെക്കുറിച്ച് പുസ്തകം സംസാരിക്കുന്നു. ഗാസയെയും വെസ്റ്റ്ബാങ്കിനെയും കുറിച്ച് പല പേജുകള്‍ പലരും എഴുതിയിട്ടുണ്ടെങ്കിലും ഇസ്രയേലിലെ ജീവത യാഥാര്‍ത്ഥ്യങ്ങളുടെ കഥ പറയുന്ന പുസ്തകം ആദ്യമായാണ്. ലോകത്താകമാനം വലിയ തോതില്‍ പുസ്തകം സ്വീകരിക്കപ്പെട്ടു. പശ്ചിമേഷ്യയെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമായി ലോകത്തെ പല യൂണിവേഴ്‌സിറ്റികളിലും ഇപ്പോഴും ആ പുസ്തകം നിര്‍ദേശിക്കപ്പെടുന്നുണ്ട്.

ലോക ഭൂപടത്തിലേക്ക് ഇസ്രയേലിലെ ഫലസ്തീന്‍ ജനതയെ കൊണ്ടു വന്ന് വളരെ പ്രാധാന്യത്തോടെ അവരെ പുസ്തകം അടയാളപ്പെടുത്തുന്നു. ലോകത്തിന്റെ എല്ലാ ശ്രദ്ധയും അത് ക്ഷണിക്കുന്നു. മറന്നു പോയ ഒരു ജനതയല്ല അവരിപ്പോള്‍. പുസ്തകം ഇതിനോടകം ഒന്‍പത് ഭാഷകളിലേക്ക് മൊഴിമാറ്റിക്കഴിഞ്ഞു. കൂടുതല്‍ മൊഴിമാറ്റത്തിനായുള്ള ഓഫറുകളും വന്നിട്ടുണ്ട്. ഈ പുസ്തകത്തെ ആധാരമാക്കിയുള്ള ഒരു സിനിമയ്ക്കായും ചിലര്‍ സമീപിച്ചിട്ടുണ്ട്. അതിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

പുസ്തകത്തോടുള്ള ഇസ്രയേലികളുടെ പ്രതികരണം എങ്ങിനെയുള്ളതായിരുന്നു?

പലര്‍ക്കും അറിയാത്ത ഒരു സത്യം, ജൂതന്മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം വലിയ അളവില്‍ ഇസ്രയേലില്‍ ഉണ്ട്. ഞാന്‍ പറയുന്നു-എന്റെ രാജ്യമായ ഇസ്രയേല്‍ ജൂതന്മാര്‍ക്ക് ഏറ്റവും ജനാധിപത്യമുള്ള സ്ഥലമാണ്. എന്നുവെച്ചാല്‍ ഇസ്രയേലിലെ ഫലസ്തീന്‍ പൗരന്മാര്‍ വളരെ കുറച്ച് ജനാധിപത്യാവകാശങ്ങള്‍ മാത്രമെ അനുഭവിക്കുന്നുള്ളൂ. എനിക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഇസ്രയേലില്‍ ഉണ്ടായിട്ടില്ല. എനിക്ക് വിളിക്കുകയും എഴുതുകയും എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന എന്റെ നിലപാടുകളോട് യോജിക്കുന്ന നിരവധി പേര്‍ ഇസ്രയേലിലുണ്ട്.

സത്യം എപ്പോഴും സ്വയം സംസാരിക്കുന്നു. ഞാന്‍ ഒരു പുസ്തകം എഴുതിയാലും ഇല്ലെങ്കിലും എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ സത്യം അവിടെയുണ്ട്. ജനങ്ങളുടെ കണ്ണുകളിലെ മൂടുപടം എടുത്ത് മാറ്റി അവര്‍ക്ക് മുന്നിലുള്ള സത്യം കാണിച്ചു കൊടുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഇസ്രയേലില്‍ അത് വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്.

തീര്‍ച്ചയായും, എന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള ആളുകള്‍ ലോകത്തെമ്പാടും ഉണ്ട്. ഇന്ത്യയിലെ തീവ്ര ചിന്താഗതിയുള്ള മാവോയിസ്റ്റുകളെയും നക്‌സലൈറ്റുകളെയും പോലെ, ബ്രിട്ടനിലെ തീവ്ര ചിന്താഗതിയുള്ള ഇസ്ലാമിക ഗ്രൂപ്പുകളെ പോലെ ഇസ്രയേലിലും തീവ്ര ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ആളുകളുണ്ട്. തീവ്ര ചിന്താഗതിക്കാരുടെതായി ലോകം മാറുകയാണ്. ഈ പുതിയ ലോകത്തിനെതിരായാണ് നമ്മള്‍ പൊരുതുന്നത്.

പരിഹാസ്യമായ ഒരു അവസ്ഥയിലേക്ക് കേരള സ്റ്റേറ്റും പോലീസും എത്തിച്ചതിലാണ് എനിക്ക് ദുഃഖവും അസ്വസ്ഥതയും ഉള്ളത്. എന്തെല്ലാം കുറ്റങ്ങളാണ് എന്റെ മേല്‍ ചുമത്തിയിരിക്കുന്നത് എന്നു പോലും അവര്‍ പറഞ്ഞിട്ടില്ല. പക്ഷേ സത്യം യഥാര്‍ത്ഥ സമയത്ത് യഥാര്‍ത്ഥ സ്ഥലത്ത് പുലരുക തന്നെ ചെയ്യും.

എനിക്ക് ജൂത പൗരത്വം ഉള്ളതിനാല്‍ ഇസ്രയേല്‍-ബ്രിട്ടീഷ് എംബസികള്‍ക്ക് ഈ കേസിലെ നിയമവശങ്ങളില്‍ ഇടപെടാന്‍ അനുവാദം ലഭിച്ചിട്ടില്ല.

നിങ്ങളുടെ പണിപ്പുരയിലിരിക്കുന്ന പുതിയ പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും കാര്യങ്ങള്‍ വെളിപ്പെടുത്താമോ?

“ചിന്തകളുടെ ചിറകുകളെ ആര്‍ക്കും തടവറയിലടക്കാന്‍ കഴിയില്ല” എന്ന ഇബ്‌നു റഷീദിന്റെ ഉദ്ധരണി പുതിയ പുസ്തകത്തിന്റെ ആദ്യ പേജില്‍ ഉണ്ടാകും. പുതിയ പുസ്തകത്തിനായുള്ള കുറിപ്പുകള്‍ ശേഖരിക്കുകയാണ് ഞാനിപ്പോള്‍. പശ്ചിമേഷ്യയെക്കുറിച്ചുള്ളതല്ല പുതിയ പുസ്തകം.

നിങ്ങള്‍ക്കെന്നെ എന്തും ചെയ്യാന്‍ സാധിച്ചേക്കും, പക്ഷേ എന്റെ ചിന്തകള്‍ എപ്പോഴും സ്വതന്ത്രമായിരിക്കും.

താങ്കള്‍ ഇവിടെ പ്രസംഗിക്കുന്നതും എഴുതുന്നതും ഇന്ത്യയിലെ വിസ നിയമങ്ങളുടെ ലംഘനമാകുമോ?

എന്റെ പുസ്തകത്തിലേക്കുള്ള കുറിപ്പുകള്‍ ഉണ്ടാക്കാന്‍ എനിക്ക് അനുവാദം ഉണ്ട്. ആ കുറിപ്പുകള്‍ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കുന്ന ദിവസം ഒരു അഗ്നി പര്‍വ്വതം ഇവിടെ പൊട്ടിത്തെറിക്കും.

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ഒരു അവസാനമുണ്ടാകുമെന്ന് നിങ്ങള്‍ തോന്നുന്നുണ്ടോ?

അതെ, തീര്‍ച്ചയായും! പക്ഷേ അത് എന്റെ ജീവിത കാലത്ത് സംഭവിക്കുമെന്ന് തോന്നുന്നില്ല. തലമുറകളുടെ കാര്യമായാണ് ഞാനതിനെ കാണുന്നത്. ആളുകളുടെ നിലപാടിലും മനഃസ്ഥിതിയിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. മുപ്പതും നാല്‍പ്പതും വയസ്സുകളില്‍ നില്‍ക്കുന്ന എന്റെ കുട്ടികളുടെ നിലപാടുകള്‍, അറുപതോ എന്റെ പ്രായത്തിലുള്ളതോ ആയ ഒരു സ്ത്രീയുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും.

എന്റെ പ്രായത്തിലുള്ള സ്ത്രീകളുടെതില്‍ നിന്നും കുറച്ച് വ്യത്യസ്തയാണ് ഞാന്‍. എന്നെപ്പോലെ ചിന്തിക്കുന്ന നിരവധി ഇസ്രയേലികളുണ്ട്. ഇസ്രയേലില്‍ തന്നെയുള്ള ഞങ്ങളുടെ ശബ്ദവും കേള്‍പ്പിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഒരു ഫാസിസ്റ്റ് ഗവണ്‍മെന്റിനെ പിന്തുണക്കില്ല. പലരും പ്രാണഭയത്താല്‍ ശബ്ദം ഉയര്‍ത്താന്‍ മടിക്കുകയാണ്.

ഞാന്‍ വിശ്വസിക്കുന്നതെന്തെന്നാല്‍, ചെകുത്താന് മുമ്പില്‍ നിങ്ങള്‍ നിശബ്ദരാകുമ്പോള്‍ അതുമായി നിങ്ങള്‍ സന്ധി ചെയ്യുകയാണ്.

ഇസ്രയേലിലോ ഫലസ്തീനിലോ സമാധാനത്തിനു വേണ്ടിയുള്ള ജനങ്ങളുടെ വലിയ മുന്നേറ്റം ഉണ്ടാകുമോ?

തീര്‍ച്ചയായും. ഗവണ്‍മെന്റും രഹസ്യാന്വേഷണ വിഭാഗവുമെല്ലാം തടസ്സമായി നില്‍ക്കുന്നുണ്ടെങ്കിലും ജങ്ങളുടെ സമാധാനത്തിനു വേണ്ടിയുള്ള മൂവ്‌മെന്റുകള്‍ ഉണ്ടാകുന്നുണ്ട്. നിങ്ങളുടെ വായ നിങ്ങള്‍ അടച്ചാല്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും പങ്കാളികളാകുകയാണ്.

ആരാണ് നിങ്ങളുടെ പ്രചോദനം?

എന്റെ അടുത്ത സുഹൃത്തുക്കളായ നെല്‍സണ്‍ മണ്ടേലയും വിന്നീ മണ്ടേലയുമടക്കമുള്ള ദക്ഷിണാഫ്രിക്കന്‍ സുഹൃത്തുക്കള്‍ എനിക്ക് വളരെയധികം പ്രചോദനം നല്‍കുന്നു. യുവതിയായിരിക്കെ ഗാന്ധി എന്നെ വളരെയധികം സ്വധീനിച്ചിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും പ്രയോഗിച്ചു കൊണ്ടിരിക്കുന്ന ഗാന്ധിയുടെ തത്വങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും വിലകുറച്ചു കാണാനാകില്ല. ഗാന്ധിയുടെ കാലഘട്ടം ഒരിക്കലും അവസാനിക്കില്ല. അദ്ദേഹം യുവാക്കളില്‍ സ്വാധീനം ചെലുത്തിക്കൊണ്ടേയിരിക്കും.

ആങ് സാന്‍ സൂ ചിയില്‍ നിന്നും ഷിരിന്‍ ഇബാദിയില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍കൊള്ളുന്നു. അവസാനം സത്യം പുലരുക തന്നെ ചെയ്യുമെന്ന് ഷിരിന്‍ വിശ്വസിക്കുന്ന പോലെ ഞാനും വിശ്വസിക്കുന്നു. സത്യത്തെ എല്ലാ കാലത്തും ഇരുട്ടിലാക്കാന്‍ സാധിക്കില്ല. സത്യമെന്താണെന്ന് നിങ്ങള്‍ക്കറിയുമെങ്കില്‍, അതിനെ പുറത്തു കൊണ്ടുവരാനുള്ള ദൃഢനിശ്ചയം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പുറത്തുവരിക തന്നെ ചെയ്യും. നിങ്ങള്‍ തകര്‍ക്കപ്പെട്ട് കരഞ്ഞു കൊണ്ട് വീട്ടിലേക്ക് തിരിഞ്ഞോടിയാല്‍ അധര്‍മ്മം വിജയിക്കും.

നിങ്ങളെ ഇസ്രയേല്‍ വിരുദ്ധയായി ചിലര്‍ മുദ്രകുത്തുന്നുണ്ടല്ലോ. നിങ്ങള്‍ ഒരു ഇസ്രയേല്‍ വിരുദ്ധയാണോ? സെപ്തംബര്‍ 11 ലെ ആക്രമണത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഏയ്, ഇല്ല…. ദൈവമേ…. ഒട്ടും ഇല്ല. ഈ അഭിമുഖത്തിലൂടെ എനിക്ക് അക്കാര്യം വ്യക്തമാക്കണം. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഒരു ഇസ്രായേലി ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ, എന്റെ ഗവണ്‍മെന്റിന്റെ നയങ്ങളില്‍ ഞാന്‍ ലജ്ജിക്കുന്നു. എല്ലാത്തിന്റെയും പിന്നില്‍ ലോകം ഇപ്പോള്‍ ഇസ്രായേലിനെയാണ് കാണുന്നത്. അത് അസംബന്ധമാണ്. കണ്ടിടത്തെല്ലാം ബോംബ് സ്‌ഫോടനം പ്ലാന്‍ ചെയ്യാന്‍ കറുത്ത വസ്ത്രം ധരിച്ച ആളുകള്‍ ഞങ്ങള്‍ക്കുണ്ടെന്നാണോ നിങ്ങള്‍ കരുതുന്നത്?

യുദ്ധം നടക്കുമ്പോള്‍ എന്നെ സംരക്ഷിക്കാന്‍ കഴിവുള്ള ഒരു രാജ്യത്ത് ജീവിക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ, അങ്ങിനെ ഒരു യുദ്ധം ഉണ്ടാകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ വിഭാഗവും നാലാമത്തെ വലിയ സൈന്യവും ഞങ്ങള്‍ക്കുണ്ട്. എന്നെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു രാജ്യം എനിക്കുള്ളതില്‍ ഞാാന്‍ അഭിമാനിക്കുന്നു.

ഹിറ്റലരുടെ ഭരണത്തില്‍ അന്തമില്ലാത്ത പൈശാചിക കൃത്യങ്ങള്‍ക്ക് ജൂതര്‍ ഇരയായിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടനവധി യാതനകള്‍ അനുഭവിച്ച ഒരു ജനസമൂഹം സമാധാനം ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ?

അതെ, വളരെയധികം പീഡനങ്ങള്‍ അനുഭവിച്ച കുടുംബങ്ങളില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്. എന്റെ കുടുംബമടക്കം ജൂതന്മാര്‍ ധാരാളം പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്, നമ്മള്‍ ലോകത്തിന് കൊടുക്കുന്ന പാരമ്പര്യം യുദ്ധം ആകാന്‍ പാടില്ല.

സമാധാനം, വിദ്യാഭ്യാസം, സാംസ്‌കാരികമായ പങ്കുവെയ്ക്കലുകള്‍, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൈമാറ്റം തുടങ്ങിയവ ആയിരിക്കണം നമ്മള്‍ ലോകത്തിന് കൊടുക്കുന്ന നമ്മുടെ പാരമ്പര്യം. ഒരു ജനാധിപത്യ രാജ്യത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതും ഇതെല്ലാമാണ്. ഇതായിരിക്കണം ഇസ്രയേലിന്റെ പാരമ്പര്യം. ഇനിയും യുവാക്കള്‍ യുദ്ധത്തില്‍ മരിക്കുന്നത് കാണാന്‍ എനിക്ക് ആഗ്രഹമില്ല. ആരും അത് കാണാന്‍ ഇഷ്ടപ്പെടുന്നില്ല. ഇസ്രയേലില്‍ മാത്രമല്ല, ഫലസ്തീനിലും ജനങ്ങള്‍ യുദ്ധത്തില്‍ മരിക്കുന്നത് കാണാന്‍ എനിക്ക് ആഗ്രഹമില്ല. ആരും ദുരിതം അനുഭവിക്കരുതെന്നാണ് എന്റെ ആഗ്രഹം. ഒരു തരത്തിലുള്ള തീവ്ര ചിന്താഗതിയും ഞാന്‍ അംഗീകരിക്കുന്നില്ല.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിങ്ങള്‍ എപ്പോഴാണ് ഇറങ്ങുന്നത്?

ഞാനോര്‍ക്കുന്നു, എന്റെ പുസ്തകം ഞാന്‍ എഴുതി തുടങ്ങുമ്പോള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ എനിക്ക് വളരെ താല്‍പര്യമുണ്ടായിരുന്നു. അല്ലെങ്കിലും രാഷ്ട്രീയം എനിക്ക് വളരെ താല്‍പര്യമായിരുന്നു. 11 വയസ്സുള്ളപ്പോള്‍ മുതല്‍ പൊളിറ്റിക്‌സ് എന്റെ പാഷന്‍ ആയിരുന്നു.

എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോള്‍, രാഷ്ട്രീയവും ദാരിദ്ര്യവും തമ്മില്‍ ഒരു ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ആ പ്രായത്തില്‍ അത്തരമൊരു ബന്ധം നിരീക്ഷിച്ച മറ്റൊരാളെ നിങ്ങള്‍ക്ക് കാണിച്ചു തരാനാകില്ല. ഫലസ്തീന്‍ അതോറിറ്റിയിലും ബ്രിട്ടനിലും വാഷിംഗ്ടണിലും മോസ്‌കോയിലുമെല്ലാം അംബാസിഡറായി വളരെകാലം പ്രവര്‍ത്തിച്ച ഡോ. അഫീഫ് സാഫിയ, രാഷ്ട്രീയത്തിലും സന്ധിസംഭാഷണങ്ങളിലും എപ്പോഴും മധ്യവര്‍ത്തിയായിരിക്കണമെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു.

ഇതുകൊണ്ടാണ് ഇന്ത്യയുടെ രാഷ്ട്രീയം എനിക്ക് നന്നായി മനസ്സിലായത്. അഫ്ഗാനിസ്ഥാനുമായും ഇറാനുമായും പശ്ചിമേഷ്യയുമായും മറ്റു അറേബ്യന്‍ രാജ്യങ്ങളുമായുമെല്ലാമുള്ള ബന്ധത്തില്‍ ഇന്ത്യ എടുക്കുന്നത് ഒരു ചേരിചേരാ സമീപനമാണ്. ആ നയത്തില്‍ നിന്നും മാറാതിരിക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ആരോടും ചേരാതെയുള്ള ഒരു സമീപനം സ്വീകരിക്കുക എന്നാല്‍ വളരെ പ്രയാസമാണ്. അതത്ര എളുപ്പമല്ല. ഞാന്‍ അതിനെ അഭിനന്ദിക്കുന്നു.

ഇന്ന് ഞാനൊരു സ്വതന്ത്രമായ വ്യക്തിയാണെങ്കില്‍, അഫ്ഗാനുമായും ഇറാനുമായും ഉള്ള ബന്ധം വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഇറാനുമായുള്ള ഇസ്രയേലിന്റെ ഭാവി ബന്ധവും വളരെ പ്രാധാന്യമുള്ളതാണെന്ന് ഞാന്‍ പറയുന്നു. ശൂന്യാകാശത്തുനിന്നും ഇല്ലാത്ത കഥകള്‍ നെയ്‌തെടുക്കുന്നത് അപകടമാണ്. ഇറാഖില്‍ കൂട്ട നശീകരണായുധങ്ങളുണ്ടെന്ന് മിസ്റ്റര്‍ ബുഷ് വാദിച്ചു, ആ യുദ്ധം എട്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുകയുള്ളുവെന്നും മിസ്റ്റര്‍ ബുഷ് പറഞ്ഞു. ബുഷിനെപ്പോലെയുള്ളവര്‍ അങ്ങേയറ്റത്തെ അപകടകാരികളാണ്.

ഇറാന്റെ കാര്യത്തില്‍ നിങ്ങളുടെ നിലപാട് എന്താണ്?

ഞാന്‍ ഇറാനെ പിന്തുണക്കുന്നു. ആണവായുധങ്ങളുണ്ടെന്ന് ലോകത്തിനാകമാനം അറിയുന്ന ഒരു രാജ്യത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. അതിനാല്‍ ആണവ ശക്തിയാകാന്‍ പരിശ്രമിക്കുന്ന മറ്റൊരു രാജ്യത്തെ എനിക്കെങ്ങിനെ നിഷേധിക്കാന്‍ സാധിക്കും? ആണവ ശക്തി സമാധാന ആവശ്യങ്ങള്‍ക്കല്ല അവര്‍ ഉപയോഗിക്കുന്നത് എന്നതിന് നമുക്ക് തെളിവൊന്നും ഇല്ലല്ലോ.

ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് നജാദിനെക്കുറിച്ചുള്ള പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഫാര്‍സി ഭാഷയില്‍ ലോകോത്തര നൈപുണ്യമുള്ള പ്രൊഫസര്‍ ജുവാന്‍ ക്വലെ ഒരിക്കല്‍ മെയിലില്‍ പരാമര്‍ശിക്കുകയുണ്ടായി. ഉദാഹരണത്തിന്, നജാദ് ഒരിക്കല്‍ പ്രസംഗത്തില്‍ “നമ്മള്‍ ജൂതന്മാരെ കടലില്‍ തള്ളും” എന്ന് പറഞ്ഞത്രെ. എന്നാല്‍ നജാദ് പറഞ്ഞതും ഉദ്ദേശിച്ചതും അതായിരുന്നില്ലെന്ന് പ്രൊ. ജുവാന്‍ ക്വലെ പറയുന്നു.

ആളുകള്‍ പറയുന്നത് കേട്ടിട്ട് ജൂത ഗവണ്‍മെന്റിന് എന്നല്ല ഏതൊരു ഗവണ്‍മെന്റിനും ഹിസ്റ്റീരിയ ബാധിക്കുന്നത് തെറ്റാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആളുകള്‍ എന്തു പറയുന്നു എന്നതിലല്ല കാര്യം, എന്തു ചെയ്യുന്നു എന്നതിലാണ്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം ഞാന്‍ വളരെ ശാന്തമായാണ് ഉള്‍കൊള്ളുന്നത്. ബാക്കിയുള്ള ലോകവും ഇതു തന്നെയാണ് ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

‘My thoughts will be always free’: Susan Nathan

Malayalam news

 

Kerala news in English