| Wednesday, 29th October 2014, 12:08 am

എ.സൂര്യപ്രകാശ് പ്രസാര്‍ ഭാരതി ചെയര്‍മാനായി സ്ഥാനമേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സൂര്യപ്രകാശ് പ്രസാര്‍ ഭാരതി ചെയര്‍മാനായി സ്ഥാനമേറ്റു.  ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഠ്ജഡു, വാര്‍ത്താ വിതരണ മന്ത്രാലയം സെക്രട്ടറി ബിമല്‍ ജുല്‍ക എന്നിവരടങ്ങിയ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സൂര്യപ്രകാശിനെ ചെയര്‍മാനായി നിയമിച്ചത്.

മുന്‍ അധ്യക്ഷന്‍ മൃണാള്‍ പാണ്ഡെ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ആറു മാസമായി പ്രസാര്‍ ഭാരതി ചെയര്‍മാന്‍ പദം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഏപ്രില്‍ 30നാണ് മൃണാള്‍ പാണ്ഡെയുടെ കാലാവധി അവസാനിച്ചത്.

ദ പയനീര്‍ പത്രത്തിന്റെ കണ്‍സള്‍ടിങ് എഡിറ്ററാണ് സത്യപ്രകാശ്. പത്രമാധ്യമങ്ങളിലും ടെലിവിഷന്‍ രംഗത്തും നീണ്ടനാളത്തെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം പ്രമുഖ മാധ്യമങ്ങളില്‍ സേവനം അനുഷ്ടിച്ചിരുന്നു. ന്യൂദല്‍ഹിയിലെ ഫിലിം ആന്‍ഡ് മീഡിയ സ്‌കൂള്‍, പയനീര്‍ മീഡിയ സ്‌കൂള്‍ എന്നിവയുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.

ദൂരദര്‍ശന്‍, ആകാശവാണി, എന്നിവയ്ക്ക് സ്വയംഭരണാധികാരം നല്‍കുന്നത് ലക്ഷ്യമിട്ട് 1990ല്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസാര്‍ഭാരതി നിലവില്‍ വന്നത്. ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് മെംബര്‍, മെംബര്‍(ഫിനാന്‍സ്), മെംബര്‍(പേഴ്‌സണല്‍), 6 പാര്‍ട് ടൈം അംഗങ്ങള്‍, വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പ്രതിനിധി  ഓള്‍ ഇന്ത്യ റേഡിയോ ഡയറക്ടര്‍ ജനറല്‍ എന്നിവരാണ് പ്രസാര്‍ ഭാരതി ബോര്‍ഡില്‍ ഉള്‍പ്പെടുന്നത്.

We use cookies to give you the best possible experience. Learn more