| Tuesday, 13th October 2015, 1:27 pm

സൂര്യനെല്ലി കേസ്: രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പെണ്‍കുട്ടി എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതി. രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും പെണ്‍കുട്ടി എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് കോടതി ചോദിച്ചു.

പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. പ്രതികള്‍ കുട്ടിയേയും കൊണ്ട് ബസിലും ഓട്ടോയിലുമൊക്കെ സഞ്ചരിച്ചിട്ടുണ്ട്.

ഈ അവസരത്തില്‍ പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നു. അല്ലെങ്കില്‍ സഹയാത്രക്കാരോട് പരാതിയെങ്കിലും പറയാമായിരുന്നു.പെണ്‍കുട്ടി എന്തുകൊണ്ട് ഇതൊന്നും ചെയ്തില്ലെന്നും കോടതി ചോദിച്ചു.

അതേസമയം കേസില്‍ പ്രതികള്‍ക്ക് ഉടന്‍ ജാമ്യം നല്‍കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റി. കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ധര്‍മരാജന്‍ ഉള്‍പ്പെടെ 15 പേരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിച്ചത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് പ്രതികളുടെ വാദം.

സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി തുടരെ തുടരെ മൊഴിമാറ്റുകയാണെന്നും അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് ഹൈക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

1996ല്‍ 42 പേര്‍ ചേര്‍ന്ന് 40 ദിവസങ്ങളിലായി 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നതാണ് സൂര്യനെല്ലി കേസ്.

We use cookies to give you the best possible experience. Learn more