| Sunday, 19th March 2023, 4:56 pm

നാണക്കേടിന്റെ അങ്ങേത്തലയ്ക്കല്‍ യുവരാജിനും ദ്രാവിഡിനും ഗാംഗുലിക്കുമൊപ്പം ഇനി സൂര്യകുമാറും; എനാലും എന്റെ സ്‌കൈയ്യേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിന മത്സരം വിശാഖപട്ടണത്തില്‍ വെച്ച് പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. സമീപകാലത്ത് പുറത്തെടുത്ത ഏറ്റവും മോശം പ്രകടനമായിരുന്നു വൈ.എസ്. രാജ റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കണ്ടത്.

രോഹിത് ശര്‍മ തിരിച്ചെത്തിയ മത്സരത്തില്‍ ആദ്യ ഏകദിനത്തേക്കാള്‍ മികച്ച പ്രകടനം ടീം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ബാറ്റിങ് യൂണിറ്റ് തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും സീന്‍ അബോട്ടിന്റെയും മൂളിപ്പറക്കുന്ന പന്തുകള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിന്നുരുകി.

ഇന്ത്യന്‍ നിരയില്‍ നാല് പേര്‍ അക്കൗണ്ട് തുറക്കും മുമ്പ് കൂടാരം കയറിയപ്പോള്‍ മൂന്ന് താരങ്ങള്‍ ഒറ്റയക്കത്തിന് പുറത്തായി. 31 റണ്ണടിച്ച മുന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഡക്കായി മടങ്ങിയത്. ഇക്കൂട്ടത്തില്‍ ഏറെ നിരാശപ്പെടുത്തിയതാകട്ടെ സൂര്യകുമാര്‍ യാദവും.

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ പുറത്തെടുക്കുന്ന ഡോമിനന്‍സ് താരത്തിന് ഏകദിനത്തില്‍ പുറത്തെടുക്കാന്‍ സാധിക്കാതെ പോകുന്നതാണ് ഇന്ത്യക്ക് വിനയാകുന്നത്. ടി-20യില്‍ ആകാശം തൊടുന്ന സിക്‌സറുമായി കളം വാഴുന്ന പുലിയാണ് സൂര്യകുമാറെങ്കില്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ താരം എലിയായി മാറുകയാണ്.

പരമ്പരയിലെ ആദ്യ ഏകദിനത്തിലേതിന് സമാനമായി ഇത്തവണയും താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ പുറത്താക്കിയ അതേ മിച്ചല്‍ സ്റ്റാര്‍ക്ക്, അതേ രീതിയില്‍ തന്നെയായിരുന്നു സൂര്യകുമാറിനെ പുറത്താക്കിയത്. സ്റ്റാര്‍ക്കിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു സൂര്യയുടെ മടക്കം.

രണ്ടാം ഏകദിനത്തിലും ഡക്കായി മടങ്ങിയതോടെ ഒരു മോശം റെക്കോഡും താരത്തെ തേടിയെത്തിയിരിക്കുകയാണ്. കങ്കാരുക്കള്‍ക്കെതിരെ ഏകദിനത്തില്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡക്കായി പുറത്താകേണ്ടി വന്ന താരങ്ങളുടെ പട്ടികയിലാണ് സൂര്യ ഇടം നേടിയത്.

രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവരാണ് ഇതിന് മുമ്പ് ഈ മോശം നേട്ടം തങ്ങളുടെ പേരില്‍ കുറിച്ചത്.

സൂര്യകുമാറിന്റേതടക്കം അഞ്ച് മുന്‍നിര വിക്കറ്റുകളാണ് സ്റ്റാര്‍ക് പിഴുതെറിഞ്ഞത്. സ്റ്റാര്‍ക്കിന് പുറമെ സീന്‍ അബോട്ട് മൂന്നും നഥാന്‍ എല്ലിസ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.

ഇവരുടെ ബൗളിങ് പ്രകടനത്തില്‍ ഇന്ത്യ കേവലം 26 റണ്‍സിന് 117ന് ഓള്‍ ഔട്ടാവുകയായിരുന്നു.

Content Highlight: Suryakumar Yadav with a worst record in India vs Australia 2nd ODI

We use cookies to give you the best possible experience. Learn more