| Monday, 8th January 2024, 12:29 pm

ഇന്ത്യക്ക് മാത്രമല്ല, രണ്ട് മുംബൈക്കും ഇത് വമ്പന്‍ തിരിച്ചടി; ശസ്ത്രക്രിയ, സീസണ്‍ പൂര്‍ണമായും നഷ്ടമാകും

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ ആരോഗ്യ നിലയില്‍ ആരാധകര്‍ക്ക് ആശങ്ക. കണങ്കാലിനേറ്റ പരിക്കിന് പിന്നാലെ താരത്തിന് അഫ്ഗാനിസ്ഥാനെതിരായ ടി-20 പരമ്പര നഷ്ടമായിരുന്നു. അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് ടി-20കളടങ്ങിയ പരമ്പരയാണ് താരത്തിന് നഷ്ടമാവുക.

ഇപ്പോള്‍ സൂര്യകുമാര്‍ ശസ്ത്രക്രിയക്ക് വിധേയനാകാന്‍ ജര്‍മനിയിലേക്ക് പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യകുമാര്‍ യാദവിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സൂര്യകുമാര്‍ യാദവിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ സൂര്യകുമാര്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. അടുത്ത ദിവസങ്ങളില്‍ താരം ചികിത്സക്കായി ജര്‍മനിയിലെ മ്യൂണിക്കിലേക്ക് തിരിക്കും.

ഇക്കാരണത്താല്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി അദ്ദേഹത്തിന് ഇനിയുള്ള ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കില്ല. ഐ.പി.എലില്‍ മുംബൈ ഇന്ത്യന്‍സുമൊത്തുള്ള ആദ്യ ചില മത്സരങ്ങളും സൂര്യകുമാറിന് നഷ്ടമാകും,’ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ നിന്നും സൂര്യകുമാര്‍ പുറത്തായിരിക്കുകയാണ്. ജനുവരി 25 മുതല്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക.

സൂര്യകുമാറിന് പുറമെ സൂപ്പര്‍ താരം മുഹമ്മദ് ഷമിയുടെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാകും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളാണ് ഷമിക്ക് നഷ്ടമാവുക.

‘ഷമി പന്തെറിയുന്നില്ല, അവന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കുകയാണ്. അവന് ആദ്യ രണ്ട് ടെസ്റ്റ് നഷ്ടമാകും.

ഹെര്‍ണിയ സര്‍ജറിക്ക് വിധേയനായ സൂര്യക്കും തിരിച്ചുവരാന്‍ കൂടുതല്‍ സമയം ആവശ്യമാണ്, എട്ടു മുതല്‍ ഒമ്പത് മാസം വരെ അത് നീളും. അവന്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി തിരിച്ചുവരും,’ ബി.സി.സി.ഐ ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു.

സൗത്ത് ആഫ്രിക്കക്ക് എതിരെ നടന്ന ടെസ്റ്റില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ താരത്തെ പുറത്ത് നിര്‍ത്തുകയായിരുന്നു.

Content Highlight: Suryakumar yadav will miss Ranji Season with Mumbai

We use cookies to give you the best possible experience. Learn more