| Thursday, 27th July 2023, 7:40 pm

ടീമിലെടുക്കാത്തതിലുള്ള പ്രതിഷേധമോ അതോ ട്രിബ്യൂട്ടോ; സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് കെന്‍സിങ്ടണ്‍ ഓവല്‍ വേദിയാവുകയാണ്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് നടക്കുന്നത്. നേരത്തെ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്.

സൂപ്പര്‍ താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്. സഞ്ജുവിന് പകരം ഇഷാന്‍ കിഷനെയാണ് വിക്കറ്റ് കീപ്പറുടെ റോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്ന ഒരു താരത്തെ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. സഞ്ജുവിന്റെ ജേഴ്‌സിയണിഞ്ഞ താരത്തെ കണ്ടതോടെയാണ് ആരാധകര്‍ കണ്‍ഫ്യൂഷനിലായത്. പ്ലെയിങ് ഇലവനില്ലാത്ത സഞ്ജു ഫീല്‍ഡ് ചെയ്യാന്‍ എങ്ങനെയെത്തി എന്നായിരുന്നു എല്ലാവരും പരസ്പരം ചോദിച്ചത്.

എന്നാല്‍ സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച സൂര്യകുമാര്‍ യാദവാണ് ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്തിരുന്നത്.

സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച സൂര്യകുമാറിന്റെ ചിത്രം വൈറലാവുകയാണ്. സൂര്യകുമാര്‍ സഞ്ജുവിന് നല്‍കുന്ന ഏറ്റവും വലിയ ട്രിബ്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐ.പി.എല്‍ 2023ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഡഗ് ഔട്ടില്‍ റിഷബ് പന്തിന്‍ ജേഴ്‌സി വെച്ചതിനോടെല്ലാം കംപെയര്‍ ചെയ്തുകൊണ്ടാണ് ആരാധകര്‍ സൂര്യയുടെ ഈ പ്രവൃത്തിയെ ആഘോഷമാക്കുന്നത്. എന്നാല്‍ അതല്ല, സഞ്ജുവിനെ ടീമില്‍ എടുക്കാത്തതിലുള്ള പ്രതിഷേധമാണെന്ന് വാദിക്കുന്നവരും കുറവല്ല.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട വിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് 19 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ഒമ്പത് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ കൈല്‍ മയേഴ്‌സിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായിരിക്കുന്നത്.

മൂന്നാം ഓവറിലെ നാലാം പന്തില്‍, ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കവെയാണ് മയേഴ്‌സ് പുറത്താകുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് മയേഴ്‌സ് പുറത്തായിരിക്കുന്നത്.

പത്ത് പന്തില്‍ നിന്നും 11 റണ്‍സുമായി അലിക് അത്തനാസും 11 പന്തില്‍ ആറ് റണ്‍സുമായി ബ്രാന്‍ഡന്‍ കിങ്ങുമാണ് ക്രീസില്‍.

ഇന്ത്യന്‍ നിരയില്‍ ഒരു താരത്തിന്റെ അരങ്ങേറ്റത്തിനും പരമ്പരയിലെ ആദ്യ മത്സരം സാക്ഷിയായിരിക്കുകയാണ്. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച മുകേഷ് കുമാര്‍ ഇപ്പോള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.

ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാര്‍ ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിലും ഇതേ നേട്ടം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ഷായ് ഹോപ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കൈല്‍ മയേഴ്‌സ്, റോവ്മന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ബ്രാന്‍ഡന്‍ കിങ്, അലിക് അത്തനാസ്, ഡൊമനിക് ഡ്രേക്‌സ്, യാനിക് കരിയ, ജെയ്ഡന്‍ സീല്‍സ്, ഗുഡാകേഷ് മോട്ടി.

Content Highlight: Suryakumar Yadav wears Sanju Samson’s jersey

We use cookies to give you the best possible experience. Learn more