അവന്റെ ഒറ്റ സിക്‌സിൽ റെയ്ന വീഴും; ഐതിഹാസിക നേട്ടത്തിനരികെ ഇന്ത്യൻ സൂപ്പർതാരം
Cricket
അവന്റെ ഒറ്റ സിക്‌സിൽ റെയ്ന വീഴും; ഐതിഹാസിക നേട്ടത്തിനരികെ ഇന്ത്യൻ സൂപ്പർതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th July 2024, 11:38 am

സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഇന്ത്യ സീരിസ് വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഡക്ക് വർത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിജയം നേടിയെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. രണ്ടാം ബാറ്റിങ്ങിനിടെ മഴ കളി തടസപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സാക്കി ചുരുക്കുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒമ്പത് പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. അവസാന മത്സരവും വിജയിച്ചുകൊണ്ട് സമ്പൂര്‍ണ ആധിപത്യത്തോടെ പരമ്പര വിജയം അവസാനിപ്പിക്കാനായിരിക്കും സൂര്യകുമാര്‍ യാദവും സംഘവും ലക്ഷ്യമിടുക. മറുഭാഗത്ത് സ്വന്തം മണ്ണില്‍ ആശ്വാസജയം ലക്ഷ്യമിട്ടാവും ലങ്കന്‍ പട അണിനിരക്കുക.

പല്ലേക്കലെയിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. ശ്രീലങ്കക്കെതിരെ ഒരു സിക്‌സ് കൂടി നേടാന്‍ സൂര്യകുമാറിന് സാധിച്ചാല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നടന്നു കയറുക.

ഇതിനോടകം തന്നെ ടി-20യില്‍ 258 ഇന്നിങ്‌സുകളില്‍ നിന്നും 325 സിക്‌സുകളാണ് സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. 319 ഇന്നിങ്‌സുകളില്‍ നിന്നും ഇത്രതന്നെ സിക്‌സുകള്‍ നേടിയ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയുടെ നേട്ടത്തിനൊപ്പം ആണ് ഇപ്പോള്‍ സൂര്യകുമാര്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഒറ്റ സിക്‌സറിലൂടെ റെയ്‌നയെ മറികടന്നുകൊണ്ട് മുന്നേറാനും സൂര്യക്ക് സാധിക്കും.

ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍

രോഹിത് ശര്‍മ-525

വിരാട് കോഹ്‌ലി-416

എം.എസ് ധോണി-338

സുരേഷ് റെയ്‌ന-325

സൂര്യകുമാര്‍ യാദവ്-325

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 26 പന്തില്‍ 58 റണ്‍സ് നേടിക്കൊണ്ടാണ് സൂര്യ കളംനിറഞ്ഞു കളിച്ചത്. എട്ട് ഫോറുകളും രണ്ട് സിക്‌സുമാണ് താരം നേടിയത്.

രണ്ടാം മത്സരത്തില്‍ 12 പന്തില്‍ 26 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. നാല് ഫോറുകളും ഒരു സിക്‌സുമാണ് സൂര്യ നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം അവസാന മത്സരത്തിലും ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Suryakumar Yadav Waiting For a New Milestone in T20