| Saturday, 27th July 2024, 9:46 pm

കോഹ്‌ലിയൊന്നും ചിത്രത്തില്‍ പോലുമില്ല, രോഹിത്തും ഗെയ്‌ലുമെല്ലാം അങ്ങകലെ... പല്ലേക്കലെയില്‍ രാത്രിയില്‍ സൂര്യനുദിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടി-20 മത്സരം പല്ലേക്കലെയില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ആക്രമിച്ചുകളിച്ച ഇന്ത്യ, ശ്രീലങ്കയില്‍ തങ്ങളുടെ ഏറ്റവുമുയര്‍ന്ന ടി-20 സ്‌കോര്‍ കൂടിയാണ് പടുത്തുയര്‍ത്തിയത്.

നായകന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 26 പന്തില്‍ 50 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. എട്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 223.08 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കൈ വെടിക്കെട്ട് നടത്തിയത്.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൂര്യകുമാറിനെ തേടിയെത്തിയത്. ഇന്ത്യന്‍ ടി-20 ടീമിന്റെ ഫുള്‍ ടൈം ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സൂര്യകുമാറിനെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം തവണ 50+ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്.

ഇത് ഒമ്പതാം തവണയാണ് സൂര്യ ഈ നേട്ടം സ്വന്തമാക്കുന്നത്.

ടി-20ഐയില്‍ ഏറ്റവുമധികം തവണ 200+ സ്‌ട്രൈക്ക് റേറ്റില്‍ 50+ സ്‌കോര്‍ നേടിയ താരങ്ങള്‍

(താരം – ടീം – എത്ര തവണ ഈ നേട്ടം സ്വന്തമാക്കി എന്ന ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 9*

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 8

എവിന്‍ ലൂയീസ് – വെസ്റ്റ് ഇന്‍ഡീസ് – 6

യുവരാജ് സിങ് – ഇന്ത്യ – 5

കോളിന്‍ മണ്‍റോ – ന്യൂസിലാന്‍ഡ് – 5

രോഹിത് ശര്‍മ – ഇന്ത്യ – 4

കെ.എല്‍. രാഹുല്‍ – ഇന്ത്യ – 4

എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 4

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 4

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 4

സിക്കന്ദര്‍ റാസ – സിംബാബ് വേ – 4

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 4

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 4

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 4

നജീബുള്ള സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 4

ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 4

മത്സരത്തില്‍ സൂര്യകുമാറിന് പുറമെ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

ജെയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സടിച്ച് പുറത്തായപ്പോള്‍ 16 പന്തില്‍ 34 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്.

അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികലെത്തിയ ശേഷമായിരുന്നു പന്ത് പുറത്തായത്. സ്റ്റാര്‍ പേസര്‍ മതീശ പതിരാനയുടെ വേഗതക്ക് മുമ്പില്‍ ഉത്തരമില്ലാതിരുന്ന വിക്കറ്റ് കീപ്പര്‍ 33 പന്തില്‍ 49 റണ്‍സ് നേടി മടങ്ങി.

ശ്രീലങ്കക്കായി മതീശ പതിരാന നാല് വിക്കറ്റ് വീഴ്ത്തി. വാനിന്ദു ഹസരങ്ക, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശങ്ക എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

214 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 55 എന്ന നിലയിലാണ്.

17 പന്തില്‍ 23 റണ്‍സുമായി കുശാല്‍ മെന്‍ഡിസും 19 പന്തില്‍ 31 റണ്‍സുമായി പാതും നിസങ്കയുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), വാനിന്ദു ഹസരങ്ക, ദാസുന്‍ ഷണക, മഹീഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശങ്ക.

സ്റ്റാറ്റ്‌സ്: ഷെബാസ്

Content Highlight: Suryakumar Yadav tops the list of Most 50+ Scores in T20I with 200+ Strike Rate

We use cookies to give you the best possible experience. Learn more