കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് ശേഷം വിന്‍ഡീസ് ആരാധകരേക്കാള്‍ ഏറെ സങ്കടപ്പെട്ടത് പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരായിരിക്കും.
ഇന്ത്യ ജയിച്ചതുകൊണ്ടോ വെസ്റ്റ് ഇന്‍ഡീസ് തോറ്റതുകൊണ്ടോ അല്ല, മറിച്ച് അവരുടെ ഇതിഹാസ നായകന്റെ റെക്കോഡുകളിലൊന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പഴങ്കഥയാക്കിയതിന്റെ പേരിലായിരുന്നു പാക് ആരാധകര്‍ നിരാശരായത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റ് ലോകം സ്‌നേഹത്തോടെ ബൂം ബൂം അഫ്രിദി എന്നുവിളിക്കുന്ന ഷാഹിദ് അഫ്രിദിയെ മറികടന്നായിരുന്നു രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.
കഴിഞ്ഞ മത്സരത്തില്‍ നേടിയ മൂന്ന് സിക്‌സറാണ് രോഹിത് ശര്‍മയ്ക്ക് റെക്കോഡിലേക്ക് വഴി തുറന്നത്. ഇതോടെ 476 സിക്‌സര്‍ സ്വന്തമാക്കിയ അഫ്രിദിയേക്കാള്‍ ഒരു സിക്‌സര്‍ അധികം നേടി രണ്ടാമതാണ് രോഹിത്തിപ്പോള്‍. കരീബിയന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമന്‍.
ഇപ്പോഴിതാ, മറ്റൊരു പാക് സൂപ്പര്‍ താരത്തിന്റെ റെക്കോഡും തകര്‍ച്ചയുടെ വക്കിലാണ്. ഐ.സി.സി ടി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാക് നായകന്‍ ബാബര്‍ അസമിന്റെ റെക്കോഡാണ് ഇപ്പോള്‍ കയ്യാലപ്പുറത്തെ തേങ്ങ കണക്കെ നില്‍ക്കുന്നത്.
റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനേക്കാള്‍ രണ്ട് റേറ്റിങ് മാത്രമാണ് ബാബറിനുള്ളത്. ഞായറാഴ്ച നടക്കുന്ന ഇന്ത്യ – വിന്‍ഡീസ് മത്സരത്തില്‍ സൂര്യകുമാര്‍ ബാബറിനെ മറികടന്ന് ഒന്നാമതെത്താനും സാധ്യതയുണ്ട്.
അഞ്ചാം മത്സരത്തില്‍ 50 റണ്‍സ് നേടിയാല്‍ സൂര്യകുമാറിന് ബാബറിനെ മറികടന്ന് റാങ്കിങ്ങില്‍ ഒന്നാമതെത്താം.
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സ്‌കൈ നടത്തിയ വീരോചിത പ്രകടനമാണ് താരത്തെ ബാബറിനൊപ്പം എത്തിച്ചത്. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ മത്സരത്തില്‍ 76 റണ്‍സെടുത്താണ് താരം ഇന്ത്യയുടെ നായകനായത്.
ഐ.സി.സി റാങ്കിങ്ങില്‍ 818 റേറ്റിങ്ങാണ് ഒന്നാമതുള്ള ബാബറിനുള്ളത്. 816 റേറ്റിങ്ങുമായിട്ടാണ് സൂര്യകുമാര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാനാണ് റാങ്കിങ്ങില്‍ മൂന്നാമന്‍. 794 റേറ്റിങ്ങാണ് താരത്തിനുള്ളത്.
ഇതുവരെ 23 ടി-20 മത്സരം കളിച്ച സ്‌കൈ 38 ശരാശരിയില്‍ 672 റണ്‍സാണ് സ്വന്തമാക്കിയത്. 175.60 സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യകുമാര്‍ റണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം, പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. അതിനാല്‍ തന്നെ സമ്മര്‍ദ്ദമില്ലാതെയാവും സൂര്യകുമാര്‍ ബാറ്റേന്തുന്നതും.
Content Highlight: Suryakumar Yadav to surpass Babar Azam in ICC rankings