| Saturday, 10th August 2024, 8:27 am

ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും എനിക്ക് കളിക്കണം: തുറന്നുപറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

നിലവിലെ ഇന്ത്യയുടെ ടി-20യിലെ ഏറ്റവും മികച്ച താരമാണ് സൂര്യകുമാര്‍ യാദവ്. ടി-20യില്‍ മികച്ച പ്രകടനം നടത്തിയതുകൊണ്ട് സൂര്യകുമാര്‍ യാദവിനെ പലരും ഒരു ടി-20 സ്‌പെഷലിസ്റ്റ് താരമായി മാത്രമാണ് കണക്കാക്കുന്നത്. ഇത് സൂര്യക്ക് ഏകദിനം, ടെസ്റ്റ് പോലുള്ള മറ്റ് ഫോര്‍മാറ്റുകളില്‍ വേണ്ടത്ര അവസരം കിട്ടാതിരിക്കാനും ഒരു പരിധിവരെ കാരണമായിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍.

‘എനിക്ക് മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം. ബുച്ചി ബാബു ടൂര്‍ണമെന്റില്‍ കളിക്കുന്നത് ഈ സീസണിലെ റെഡ് ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാനായി എനിക്ക് നല്ല പരിശീലനം നല്‍കും,’ സൂര്യകുമാര്‍ യാദവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഓഗസ്റ്റ് 15 മുതലാണ് ബുച്ചി ബാബു ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്. ഇംഗ്ലണ്ടില്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍താരം അജിങ്ക്യ രഹനെയുടെ അഭാവത്തില്‍ സര്‍ഫറാസ് ഖാന്‍ ആയിരിക്കും മുംബൈയെ നയിക്കുക.

സെപ്റ്റംബര്‍ 27നാണ് മുംബൈയുടെ മത്സരം നടക്കുന്നത്. സേലത്ത് നടക്കുന്ന മത്സരത്തില്‍ ജമ്മു കശ്മീരിനെയാണ് മുംബൈ നേരിടുക. ഈ മത്സരത്തില്‍ സൂര്യ മുംബൈക്കായി കളത്തിലറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി ഇന്ത്യക്ക് ടി-20 മത്സരങ്ങള്‍ ഉള്ളത് ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെയാണ്. അതുകൊണ്ടുതന്നെ സൂര്യയ്ക്ക് മുന്നില്‍ ഒരു വലിയ ഇടവേളയാണ് ഉള്ളത്. ഈ സമയങ്ങളില്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ട് തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സൂര്യയ്ക്ക് സാധിക്കും.

ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരത്തില്‍ മാത്രമേ സൂര്യക്ക് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ദുലീപ് ട്രോഫിയിലാണ് അവസാനമായി സൂര്യകുമാര്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചത്. 82 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 5628 റണ്‍സാണ് സൂര്യ നേടിയിട്ടുള്ളത്. 14 സെഞ്ച്വറികളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു.

ഏകദിനത്തില്‍ ഇന്ത്യയ്ക്കായി 37 മത്സരങ്ങളില്‍ 35 ഇന്നിങ്‌സില്‍ നിന്നും 773 റണ്‍സും സൂര്യ നേടിയിട്ടുണ്ട്. നാല് അര്‍ധസെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

അതേസമയം രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ടി-20യില്‍ ഇന്ത്യയുടെ പുതിയ നായകനായി സൂര്യകുമാറിനെയാണ് തെരഞ്ഞെടുത്തത്. ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര സൂര്യകുമാറിന്റെ കീഴില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

Content Highlight: Suryakumar Yadav Talks He Want To Play All Three Formats For India

We use cookies to give you the best possible experience. Learn more