|

ടെസ്റ്റിലേക്ക് വമ്പന്‍ തിരിച്ചുവരവിന് ലക്ഷ്യമിട്ട് ഇന്ത്യന്‍ ടി-20 കിങ്!

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റിലും ഇന്ത്യ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഇന്ത്യ തലകുനിച്ചു നില്‍ക്കുന്നത്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഓസ്‌ട്രേലിയയോട് ഏറ്റുമുട്ടുന്നതിന് മുന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. താന്‍ എപ്പോള്‍ വേണമെങ്കിലും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമെന്നാണ് താരം പറഞ്ഞത്. നിലവില്‍ താന്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സജീവമാണെന്നും സൂര്യ പറഞ്ഞു.

സൂര്യ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞത്

‘സമയമാകുമ്പോള്‍ ഞാന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരും. വൈറ്റ് ബോള്‍ ക്രിക്കറ്റിന് പുറമെ റെഡ്-ബോള്‍ ആഭ്യന്തര ടൂര്‍ണമെന്റുകളിലും ഞാന്‍ കളിക്കുന്നുണ്ട്. ഞാന്‍ ഒരു മത്സരവും ഒഴിവാക്കുന്നില്ല, ഒരു ടെസ്റ്റ് തിരിച്ചുവരവ് സംഭവിക്കുകയാണെങ്കില്‍, അത് സംഭവിക്കും,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

രോഹിത് ശര്‍മയുടെ വിമര്‍ശകര്‍ക്ക് സൂര്യ മറുപടി കൊടുത്തു

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ തോല്‍വിയെതുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒരുപാട് മുന്‍ താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിരെതിരെ സംസാരിക്കാനും സൂര്യ മടിച്ചില്ല. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ് അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സൂര്യ പറഞ്ഞു.

‘വിജയത്തിലും പരാജയത്തിലും അവന്‍ മാറുന്നില്ല. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്, ഒരു പരമ്പര തോല്‍വി രോഹിതിനെ മോശം നേതാവോ ബാറ്ററോ ആക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Suryakumar Yadav Talking About Test Cricket Comeback