Sports News
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല; ഉറച്ച തീരുമാനത്തില്‍ സൂര്യകുമാര്‍ യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 22, 09:25 am
Wednesday, 22nd January 2025, 2:55 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ജനുവരി 22നാണ് (ഇന്ന്) പരമ്പരയുടെ ആദ്യ മത്സരം. ഇതോടെ ഏറെ ആവശത്തിലാണ് ക്രിക്കറ്റ് ലോകം. അഞ്ച് ടി-20കളാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യയുടെ ആദ്യ ഹോം മത്സരവും വൈറ്റ് ബോള്‍ മത്സരവുമാണിത്.

സ്വക്വാഡില്‍ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു 2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡില്‍ ഉണ്ടായിരുന്നില്ല. ഇതോടെ പല ചര്‍ച്ചകളും ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്നുണ്ട. എന്നിരുന്നാലും ടി-20യില്‍ സഞ്ജു മിന്നും പ്രകടനം കാഴ്ചവച്ച് തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് സംസാരിക്കുകയാണ്. വിക്കറ്റ് കീപ്പറുടെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുടെ ഒരാവശ്യവുമില്ലെന്നും സഞ്ജു അടുത്ത കാലത്തായി മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സൂര്യ പറഞ്ഞു. തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ മികച്ചരീതിയില്‍ സഞ്ജു ഉപയോഗിച്ചെന്നും താരത്തിന്റെ പുരോഗതിയില്‍ സന്തോഷമുണ്ടെന്നും സൂര്യ പറഞ്ഞു.

സഞ്ജുവിനെക്കുറിച്ച് സൂര്യകുമാര്‍ പറഞ്ഞത്

‘വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം നടത്തുകയും തന്റെ തീവ്രമായ കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ എല്ലാ കളിക്കാരില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും അതാണ്. തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും സഞ്ജു പരമാവധി ഉപയോഗിച്ചു, അദ്ദേഹത്തിന്റെ പുരോഗതിയില്‍ ഞാന്‍ ആത്മാര്‍ത്ഥമായി സന്തോഷവാനാണ്,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ബാക് ടു ബാക് സെഞ്ച്വറി നേടിയ സഞ്ജു കഴിഞ്ഞ വര്‍ഷം മൂന്ന് സെഞ്ച്വറികളാണ് നേടിയത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ടി-20യില്‍ 37 മത്സരത്തിലെ 33 ഇന്നിങ്‌സില്‍ നിന്ന് 810 റണ്‍സാണ് സഞ്ജു നേടിയത്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

 

Content Highlight: Suryakumar Yadav Talking About Sanju Samson