| Thursday, 10th October 2024, 10:08 am

ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ സന്തോഷം തോന്നി; തുറന്ന് പറഞ്ഞ് സൂര്യകുമാര്‍ യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു ഇന്ത്യ. ശേഷം ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ഇന്ത്യയുടെ ബാറ്റിങ് പ്രകടനം

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ പത്ത്), അഭിഷേക് ശര്‍മ ( 11 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് (പത്ത് പന്തില്‍ എട്ട്) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

നാലാമനായി എത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ബംഗ്ലാദേശിന്റെ പദ്ധതികളെ പൊളിച്ചടുക്കുകയായിരുന്നു. 34 പന്തില്‍ 74 റണ്‍സാണ് റെഡ്ഡി നേടിയത്. ഏഴ് സിക്സറും നാല് ഫോറും അടിച്ചാണ് റെഡ്ഡി ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിട്ടത്. പിന്നാലെയെത്തിയ റിങ്കു സിങ് 29 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ 19 പന്തില്‍ 32 റണ്‍സാണ് ഹര്‍ദിക്ക് പാണ്ഡ്യ നേടിയത്. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍ എത്തുകയായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നതില്‍ താന്‍ സന്തോഷവാനായിരുന്നു എന്ന് പറയുകയായിരുന്നു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ ശക്തമാണോ എന്ന് പരിശോധിക്കാന്‍ സാധിക്കുമെന്നും അതേ സമയം ഇത് ഒരുപാട് ചലഞ്ചിങ്ങായിട്ടുള്ള കാര്യമാണെന്നും കഠിനമാണെന്നും സൂര്യ പറഞ്ഞു.

സൂര്യകുമാര്‍ യാദവ് സംസാരിച്ചത്

‘ഞങ്ങള്‍ക്ക് നേരത്തെ വിക്കറ്റുകള്‍ നഷ്ടമാകണമെന്ന് എനിക്ക് തോന്നി, ഞങ്ങളുടെ ആ അവസ്ഥയിലും എനിക്ക് സന്തോഷമുണ്ട്, കാരണം നമ്പര്‍ 4, 5, 6 എന്നിവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കാന്‍ ടീം മാനേജ്മെന്റിനെ ഇത് അനുവദിച്ചു. ഘട്ടം കഠിനവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു, എന്നാല്‍ നിങ്ങള്‍ കളിക്കുന്നത് അതിനാണ്. നിതീഷിനും റിങ്കുവിനും അവരുടെ സെന്‍സേഷണല്‍ ബാറ്റിങ്ങിന് അഭിനന്ദനങ്ങള്‍. തുടര്‍ന്ന് ഹര്‍ദിക് ആ ജോലി പൂര്‍ത്തിയാക്കി.

റിങ്കു കുറച്ചുകാലമായി ഞങ്ങള്‍ക്കായി ഇത് ചെയ്യുന്നുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിതീഷ് ഗംഭീരമായിരുന്നു. അദ്ദേഹവും നന്നായി ബൗള്‍ ചെയ്തു, മൊത്തത്തില്‍ ഇത് ഞങ്ങള്‍ക്ക് നല്ലൊരു ഗെയിമായിരുന്നു,’മത്സരത്തിന് ശേഷമുള്ള ചടങ്ങില്‍ സൂര്യ പറഞ്ഞു.

ബംഗ്ലാദേശിന്റെ ബാറ്റിങ്

റിയാന്‍ പരാഗും അഭിഷേക് ശര്‍മയും അടക്കമുള്ള പാര്‍ട് ടൈം ബൗളര്‍മാരെയും കളത്തിലിറങ്ങിയ സൂര്യ മത്സരം ബംഗ്ലാദേശിന്റെ കയ്യില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

സൂപ്പര്‍ താരം മഹ്‌മദുള്ള മാത്രമാണ് ബംഗ്ലാ നിരയില്‍ ചെറുത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് 39 പന്തില്‍ 41 റണ്‍സാണ് മഹ്‌മദുള്ള നേടിയത്. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ഒരാള്‍ക്ക് പോലും സാധിക്കാതെ വന്നതോടെ ബംഗ്ലാദേശ് തോല്‍വി സമ്മതിച്ചു.

ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഒക്ടോബര്‍ 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് മൂന്നാം ടി-20ക്ക് വേദിയാകുന്നത്.

Content Highlight: Suryakumar Yadav Talking About Indian Batting Top Order Lose

We use cookies to give you the best possible experience. Learn more