|

വെല്ലുവിളികള്‍ ഉണ്ടാകും, അത് അനുസരിച്ച് നിങ്ങള്‍ മികവ് പുലര്‍ത്തേണ്ടിവരും: സൂര്യകുമാര്‍ യാദവ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. നിലവില്‍ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. +1.137 എന്ന് നെറ്റ് റണ്‍ റേറ്റ് ആണ് ഇന്ത്യയ്ക്കുള്ളത്.

കാനഡക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഏഴ് പോയിന്റാണ് ഇന്ത്യയ്ക്ക് ഉള്ളത്. സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം അഫ്ഗാനിസ്ഥാനോടാണ്. വെസ്റ്റ് ഇന്ഡീസിലെ കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസിലാണ് മത്സരം നടക്കുന്നത്.

ഗ്രൂപ്പ് സ്റ്റേജില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തില്‍ നിര്‍ണായക പൊസിഷനില്‍ നിന്ന് ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. 49 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ ശക്തമായ തിരിച്ചുവരവാണ് സ്‌കൈ നടത്തിയത്. ഇതോടെ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കുകയും സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.

ഇനി ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസിലാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍. ന്യൂയോര്‍ക്കിലെ മസാവു കൗണ്ടി സ്‌റ്റേഡിയം ബാറ്റര്‍മാരുടെ ശവപ്പറമ്പായപ്പോള്‍. ആദ്യ മത്സരങ്ങളില്‍ സൂര്യയ്ക്ക് മിന്നും പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു. ന്യൂയോര്‍ക്കിലെ മിന്നും പ്രകടനത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ സൂര്യ.

‘രണ്ടുവര്‍ഷമായി നിങ്ങള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിവിധ സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്തേണ്ടിവരും. അത് മികച്ച കളി പുറത്തെടുക്കലാണ്. എന്റെ ലക്ഷ്യവും അതുതന്നെയാണ്. പിച്ചന് വേഗത കുറവായിരിക്കുമ്പോള്‍ നിങ്ങളുടെ എതിരാളിക്ക് നിങ്ങളുടെ ഗെയിം മനസിലാക്കാന്‍ സാധിച്ചാല്‍ അത് വലിയ വെല്ലുവിളി സൃഷ്ടിക്കും,’ സൂര്യകുമാര്‍ പറഞ്ഞു.

Content Highlight: Suryakumar Yadav Talking About His T20 Performance